Sunday December 04, 2016
Latest Updates

ഐറിഷ് ജനതയ്ക്ക് നന്ദിയോടെ പോളണ്ടുകാര്‍: വീഡിയോ ശ്രദ്ധേയമാകുന്നു

ഐറിഷ് ജനതയ്ക്ക് നന്ദിയോടെ പോളണ്ടുകാര്‍: വീഡിയോ ശ്രദ്ധേയമാകുന്നു

ഡബ്ലിന്‍: ഐറിഷ് ജനതയ്ക്കായി ഡബ്ലിനിലെ പോളണ്ട് എംബസി തയ്യാറാക്കി സമര്‍പ്പിച്ച വീഡിയോ ശ്രദ്ധേയമാകുന്നു. ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള സൗഹൃദം വിളിച്ചോതുന്ന വീഡിയോ യൂട്യൂബില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. പോളണ്ട് യൂറോപ്യന്‍ യൂണിയനില്‍ അംഗമായതിന്റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് യൂട്യൂബ് വീഡിയോ നിര്‍മ്മിച്ചത്. പോളണ്ടുകാരെ സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്തതിന് നന്ദി പറഞ്ഞു കൊണ്ടാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഡബ്ലിനിലെ പോളിഷ് എംബസിയിലെ ജീവനക്കാരാണ് വീഡിയോയിലെ അഭിനേതാക്കള്‍. 

അയര്‍ലണ്ടില്‍ താമസിക്കുന്ന എല്ലാ പോളിഷ് വംശജരെയും പ്രതിനിധീകരിച്ചാണ് വീഡിയോ തയ്യാറാക്കിയത്. പോളിഷ് പൌരന്മാര്‍ക്ക് ഇപ്പോള്‍ അയര്‍ലണ്ട് സ്വന്തം വീട് പോലെയാണ് തോന്നുന്നതെന്ന് വീഡിയോയില്‍ വിശദീകരിക്കുന്നു. പോളണ്ടുകാര്‍ക്ക് അയര്‍ലണ്ടില്‍ ഇത്രയും ഊഷ്മളമായ സ്വീകരണം നല്കിയതിനു നന്ദി പറഞ്ഞുകൊണ്ടാണ് എംബസി തയ്യാറാക്കിയ വീഡിയോ തുടങ്ങുന്നത്. 

തുടര്‍ന്ന് തങ്ങള്‍ക്ക് അയര്‍ലണ്ടില്‍ ലഭിച്ച എല്ലാ കാര്യങ്ങള്‍ക്കും പോളീഷ് പൌരന്മാര്‍ നന്ദി പ്രകടിപ്പിക്കുന്നു.അയര്‍ലണ്ടില്‍ ജോലിയും, മികച്ച താമസ സൌകര്യങ്ങളും നല്‍കിയതിന്, നല്ല ആഹാരം നല്‍കിയതിന്, വായിക്കാന്‍ നല്ല പുസ്തകങ്ങള്‍ നല്‍കിയതിന്, എന്തിനേറെ പറയുന്നു അയര്‍ലണ്ടിലെ നല്ല കാലാവസ്ഥയ്ക്ക് വരെ പോളിഷ് പൌരന്മാര്‍ നന്ദി പറയുന്നു. 1 മിനിറ്റ് 35 സെക്കന്‍ഡ് ദൈര്‍ഘ്യമുണ്ട് വീഡിയോയ്ക്ക്. 

പോളണ്ട് യൂറോപ്യന്‍ യൂണിയനില്‍ അംഗമായത്തിന് ശേഷം ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടിട്ടുണ്ട്. ഈ മെച്ചപ്പെട്ട ബന്ധം വീഡിയോയില്‍ കൃത്യമായി ചിത്രീകരിച്ചിട്ടുമുണ്ട്. 2011 ലെ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം ഏറ്റവുമധികം പോളിഷ് കുടിയേറ്റക്കാരുള്ള ലോകത്തിലെ മൂന്നാമത്തെ രാജ്യമാണ് അയര്‍ലണ്ട്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 120,000 പോളണ്ടുകാരാണ് അയര്‍ലണ്ടില്‍ താമസിക്കുന്നത്. ഈ കണക്കുകള്‍ അയര്‍ലണ്ട്, പോളണ്ട് ബന്ധത്തിലെ ഊഷ്മളത വിളിച്ചോതുന്നു. 

അയര്‍ലണ്ടില്‍ ഇംഗ്ലീഷ് കഴിഞ്ഞാല്‍ ഏറ്റവുമധികം സംസാരിക്കപ്പെടുന്ന രണ്ടാമത്തെ ഭാഷ പോളിഷ് ആണ്.

പോളിഷ് അംബാസഡര്‍ മാര്‍ട്ടിന്‍ നവരോറ്റ് സ്വയം പരിചയപ്പെടുത്തുന്ന ദൃശ്യങ്ങത്തിലാണ് വീഡിയോ ആരംഭിക്കുന്നത്. അവസാന ഷോട്ടില്‍ പോളിഷ് എംബസിയിലെ എല്ലാ ജീവനക്കാരും ഒരു ഫ്രെയിമില്‍ അണിനിരക്കുകയും ഐറിഷ് ജനതയ്ക്ക് നന്ദി പറയുകയും ചെയ്യുന്നു.

Scroll To Top