Saturday December 10, 2016
Latest Updates

ഐറിഷ് കര്‍ദിനാളിനെ പുറത്താക്കണമെന്ന് ലൈംഗിക പീഡനത്തിനു ഇരയായ സ്ത്രീകള്‍

ഐറിഷ് കര്‍ദിനാളിനെ പുറത്താക്കണമെന്ന് ലൈംഗിക പീഡനത്തിനു ഇരയായ സ്ത്രീകള്‍

ഡബ്ലിന്‍: കര്‍ദിനാളിനെ പുറത്താക്കണമെന്ന് ലൈംഗിക പീഡനത്തിനു ഇരയായ സ്ത്രീകള്‍ ഫ്രാന്‍സീസ് മാര്‍പാപ്പയോട് ആവശ്യമുയര്‍ത്തി. മേരി കെയ്ന്‍ എന്ന 43 കാരിയാണ് ലൈംഗീക പീഡിതരായവര്‍ക്ക് വേണ്ടി ഇക്കാര്യം ആവശ്യപ്പെട്ടത്. പുരോഹിതരുടെ ലൈംഗിക പീഡനത്തിനു ഇരയായവര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ആവശ്യം ഉയര്‍ന്നത്.ഐറിഷ് സഭയുടെ അദ്ധ്യക്ഷന്‍ അമാഗ് ആര്‍ച്ച് ബിഷപ്പ് ഷോണ്‍ ബ്രാഡിക്കെതിരെയാണ് പരാതി. പുരോഹിതര്‍ ആരോപണ വിധേയരായ ലൈംഗിക പീഡനങ്ങളില്‍ കര്‍ദിനാള്‍ ആരോപണ വിധേയര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു എന്നാണു പരാതി.

1975 ല്‍ നടന്ന ലൈംഗിക പീഡനങ്ങളില്‍ കര്‍ദിനാള്‍,പുരോഹിതര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ വിസമ്മതിച്ചുവെന്ന് മേരി കെയ്ന്‍ പറഞ്ഞു. ഇപ്പോള്‍ കാര്‍ലോയില്‍ താമസിക്കുന്ന മേരി കെയ്ന്‍ തന്റെ പതിനെട്ടാം വയസു വരെ തുടര്‍ച്ചയായി മൂന്ന് വര്‍ഷം ഒരു പുരോഹിതന്റെ ലൈംഗിക പീഡനത്തിനു ഇരയായ ആളാണ്. 1975 ല്‍ ബ്രെണ്ടന്‍ സ്മിത്ത് എന്ന പുരോഹിതനെതിരെ ലൈംഗികാരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ വിവരങ്ങള്‍ പോലീസില്‍ അറിയിക്കാതെ കര്‍ദിനാള്‍ ബ്രാഡി സ്മിത്തിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. തല്‍ഫലമായി 1994 ല്‍ പോലീസ് പിടിയിലാകുന്നത് വരെ സ്മിത്ത് ലൈംഗിക പീഡനം തുടര്‍ന്നു.

ഇപ്പോഴും കുട്ടികളെ ലൈംഗിക ചൂഷണം ചെയ്യുന്ന നിരവധി പുരോഹിതരെ സഭ മേലധികാരികള്‍ സംരക്ഷിച്ച് നിര്‍ത്തുന്നുണ്ടെന്ന് മേരി കെയ്ന്‍ കുറ്റപ്പെടുത്തി. ഓഗസ്റ്റ് 16 ന് 75 വയസ് തികയുന്ന ബ്രാഡി വത്തിക്കാന്‍ നിയമം അനുസരിച്ച് രാജി വയ്‌ക്കേണ്ടതുണ്ട്. അതിനു മുമ്പ് അദ്ദേഹത്തെ പുറത്താക്കണമെന്നാണ് ലൈംഗിക പീഡനത്തിനു ഇരയായ മേരി കേയ്‌ന്റെ ആവശ്യം. ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് വെള്ളിയാഴ്ചയാണ് മേരി കെയ്ന്‍ വത്തിക്കാനില്‍ എത്തിയത്.

പോപ്പിന്റെ സ്വകാര്യ വസതിയായ സാന്റ മാര്‍ത്തയില്‍ തന്നെയാണ് ലൈംഗിക ചൂഷണത്തിന്റെ ഇരകള്‍ക്കും താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. അയര്‍ലണ്ടില്‍ നിന്ന് മേരി ഉള്‍പ്പെടെ രണ്ട് പേരും യുകെയില്‍ നിന്നുള്ള രണ്ട് പേരും ജര്‍മനിയില്‍ നിന്നുള്ള രണ്ട് പേരുമാണ് മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. ലൈംഗിക ചൂഷണത്തിന്റെ ഇരകള്‍ മേരി കോളിന്‍സിനൊപ്പമാണ്
മാര്‍പാപ്പയെ കണ്ടത്. മേരി കെയ്ന്‍ 20 മിനിട്ടോളം മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി.

Scroll To Top