Wednesday December 07, 2016
Latest Updates

ഐറിഷ് കത്തോലിക്ക സഭയില്‍ വൈദിക ക്ഷാമം രൂക്ഷം

ഐറിഷ് കത്തോലിക്ക സഭയില്‍ വൈദിക ക്ഷാമം രൂക്ഷം

ഡബ്ലിന്‍: ഐറിഷ് കത്തോലിക്ക സഭയില്‍ വൈദിക ക്ഷാമം വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുന്നു. വിവാഹ ശുശ്രൂഷകള്‍ക്കും മരണാനന്തര ശുശ്രൂഷകള്‍ക്കും ആവശ്യത്തിന് വൈദികരെ കിട്ടാനില്ല. ഐറിഷ് കത്തോലിക സഭയിലെ പുരോഹിതരുടെ സംഘടനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംഘടനയുടെ വാര്‍ഷിക സമ്മേളനം ഇന്ന് ചേരാനിരിക്കെയാണ് വൈദിക ക്ഷാമാത്തിനെതിരെ മുന്നറിയിപ്പുമായി അസോസിയേഷന്‍ രംഗത്ത് വന്നത്. ആയിരത്തോളം പുരോഹിതര്‍ അംഗങ്ങളായ സംഘടനയാണ് ഐറിഷ് പ്രീസ്റ്റ്‌സ് അസോസിയേഷന്‍. വൈദിക ക്ഷാമം പരിഹരിക്കുന്നതിന് സഭാ നിയമങ്ങളില്‍ അനിവാര്യമായ മാറ്റം കൊണ്ടുവരുന്നില്ലെങ്കില്‍ 10 മുതല്‍ 20 വര്‍ഷത്തിനകം സഭയില്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന് അസോസിയേഷന്‍ നേതാവ് കൂടിയായ ഫാ. ബ്രെന്‍ഡന്‍ ഹോബന്‍ പറഞ്ഞു. 

സഭയില്‍ നിലവിലുള്ള പുരോഹിതരുടെ ശരാശരി പ്രായം 65 വയസാണ്. ചെറുപ്പക്കാര്‍ പൌരോഹിത്യത്തിലേക്ക് കടന്നുവരാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നില്ല. ഡബ്ലിന്‍ രൂപതയില്‍ തന്നെ 199 പള്ളികള്‍ ഉള്ളതില്‍ 40 വയസില്‍ താഴെ പ്രായമുള്ള ഒരു പുരോഹിതന്‍ മാത്രമേയുള്ളൂ. രാജ്യത്തെ മറ്റ് രൂപതകളിലും സമാനമായ അവസ്ഥയാണ്. ഈ പ്രതിസന്ധി മറികടക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് പുരോഹിതര്‍ ആവശ്യപ്പെട്ടു. 

വൈദികക്ഷാമം പരിഹരിക്കാന്‍ സഭാ നിയമങ്ങളില്‍ പ്രധാനമായും മൂന്ന് ഭേദഗതികളാണ് പുരോഹിതര്‍ നിര്‍ദ്ദേശിക്കുന്നത്.വിവാഹിതരെ പൌരോഹിത്യത്തിലേക്ക് കടന്നുവരാന്‍ അനുവദിക്കുക. രണ്ടാമതായി വിവാഹം കഴിക്കുന്നതിന് വേണ്ടി പൌരോഹിത്യം ഉപേക്ഷിച്ചവരെ തിരിച്ച് വിളിക്കുക. മൂന്നാമതായി സ്ത്രീകള്‍ക്ക് വൈദിക പട്ടം നല്‍കുക. പുരോഹിത സംഘടന നിര്‍ദ്ദേശിച്ച ഈ നിയമ ഭേദഗതികള്‍ സഭാ നേതൃത്വം ഉള്‍ക്കൊള്ളുമെന്ന പ്രതീക്ഷയിലാണ് ഫാ. ഹോബന്‍. ഇതല്ലാതെ പ്രതിസന്ധി മറികടക്കാന്‍ മറ്റ് മാര്‍ഗങ്ങളൊന്നും കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 

Scroll To Top