Thursday December 08, 2016
Latest Updates

ഐപിഎല്‍ പൂരം ഏഴാം സീസണ്‍ നാളെ ആരംഭിക്കുന്നു; ഗവാസ്‌കറിന്റെ ചുമതലയിലുള്ള ആദ്യ ഐപിഎല്‍

ഐപിഎല്‍ പൂരം ഏഴാം സീസണ്‍ നാളെ ആരംഭിക്കുന്നു; ഗവാസ്‌കറിന്റെ ചുമതലയിലുള്ള ആദ്യ ഐപിഎല്‍

യുഎഇ: കുട്ടി ക്രിക്കറ്റിന്റെ മുഴുവന്‍ സൌന്ദര്യവും ഒപ്പിയെടുത്ത ഐപിഎല്‍ ഏഴാം സീസണ്‍ നാളെ ആരംഭിക്കുന്നു. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ് ഉത്ഘാടന മത്സരം. ലോകസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ യുഎഇയില്‍ വച്ചാണ് ഐപിഎല്‍ ഏഴാം സീസണ്‍ മത്സരങ്ങള്‍ നടക്കുന്നത്. ദുബായ്, ഷാര്‍ജ, അബുദാബി എന്നിവടങ്ങളിലാണ് ആദ്യ ഘട്ട മത്സരങ്ങള്‍. രണ്ടാം ഘട്ടം മേയ് രണ്ടു മുതല്‍ ഇന്ത്യയിലും നടക്കു. ജൂണ്‍ ഒന്നിന് മുംബൈ വാങ്കെ സ്‌റ്റേഡിയത്തില്‍ വച്ചാണ് ഫൈനല്‍ നടക്കുക.

കോഴ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്ലില  ഓരോ മത്സരവും സംശയത്തിന്റെ നിഴലിലാണ്. മലയാളി താരം ശ്രീശാന്തിന്റെ അറസ്റ്റിലേക്ക് നയിച്ച കോഴ വിവാദം കഴിഞ്ഞ ഐപിഎല്‍ സീസണിലാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ച് കുലുക്കിയത്. കോഴ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ബിസിസിഐ പ്രസിഡന്റ് എന്‍ ശ്രീനിവാസനെ സ്ഥാനത്ത് നിന്ന് മാറ്റിയതിനു ശേഷം നടക്കുന്ന ആദ്യ ഐപിഎല്‍ ആണിത്. ബിസിസിഐയുടെ താല്ക്കാലിക പ്രസിഡന്റ് സുനില്‍ ഗവാസ്‌കറുടെ നേതൃത്വത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

കഴിഞ്ഞ സീസണില്‍ കളിച്ചിരുന്ന പൂനെ വാരിയേഴ്‌സ് ഈ സീസണില്‍ മത്സര രംഗത്ത് നിന്ന് പിന്മാറി. ഇതോടെ മത്സരിക്കുന്ന ടീമുകളുടെ എണ്ണം എട്ടായി കുറഞ്ഞു. എല്ലാ ടീമുകളും പരസ്പരം രണ്ടു തവണ വീതം മത്സരിക്കും. എല്ലാ ടീമിനും ഹോം ഗ്രൌണ്ടില്‍ ഓരോ മത്സരം വീതമുണ്ടാകും. പോയിന്റ് പട്ടികയില്‍ മുന്നില്‍ എത്തുന്ന 4 ടീമുകള്‍ അടുത്ത റൌണ്ടിലേക്ക് യോഗ്യത നേടും. തുടര്‍ന്ന് ഈ റൌണ്ടില്‍ വിജയിക്കുന്ന രണ്ടു ടീമുകള്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കും.

Scroll To Top