Thursday December 08, 2016
Latest Updates

ഐപിഎല്‍ കിരീടം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്

ഐപിഎല്‍ കിരീടം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കിരീടം. ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ രണ്ടാം കിരീട നേട്ടമാണിത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 199 റണ്‍സ് നേടി. വൃദ്ധിമാന്‍ സാഹയുടെ സെഞ്ചുറി മികവിലാണ് പഞ്ചാബ് 199 റണ്‍സ് എടുത്തത്. സാഹ 55 പന്തില്‍ 115 റണ്‍സ് എടുത്തു. 52 പന്തില്‍ 67 റണ്‍സ് എടുത്ത മനാന്‍ വോഹ്‌റയും പഞ്ചാബിന്റെ ബാറ്റിംഗ് നിരയില്‍ തിളങ്ങി. പഞ്ചാബിന് വേണ്ടി കരണ്‍വീര്‍ സിംഗ് നാല് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത ഏഴു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. 50 പന്തില്‍ നിന്ന് 94 റണ്‍സ് എടുത്ത മനീഷ് പാണ്ഡെയുടെ ബാറ്റിംഗ് പ്രകടനമാണ് കൊല്‍ക്കത്തയ്ക്ക് തുണയായത്. കൊല്‍ക്കത്തയ്ക്ക് ഓപ്പണര്‍ റോബിന്‍ ഉത്തപ്പയെ 5 റണ്‍സിന് നഷ്ടപ്പെട്ടെങ്കിലും രണ്ടാം വിക്കറ്റില്‍ വന്ന മനീഷ് പാണ്ഡെയും ക്യാപ്റ്റന്‍ ഗൗതം ഗംഭീറും കൊല്‍ക്കത്തയെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. ഗംഭീര്‍ 17 പന്തില്‍ നിന്ന് 23 റണ്‍സ് എടുത്തു. പിന്നീട് വന്ന യൂസഫ് പത്താന്‍ 22 പന്തില്‍ നിന്ന് 36 റണ്‍സ് എടുത്തു.

ടോസ് നേടിയ കൊല്‍ക്കത്ത പഞ്ചാബിനെ ബാറ്റിംഗിനു അയയ്ക്കുകയായിരുന്നു. ഈ സീസണില്‍ 660 റണ്‍സ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം റോബിന്‍ ഉത്തപ്പയ്ക്കാണ് ഓറഞ്ച് ക്യാപ്. 23 വിക്കറ്റ് നേട്ടത്തോടെ പര്‍പ്പിള്‍ ക്യാപ് ചെന്നൈയുടെ മോഹിത് ശര്‍മ്മ സ്വന്തമാക്കി. പഞ്ചാബിന്റെ ഗ്ലെന്‍ മാക്‌സ്വെല്ലിനാണ് ഫെയര്‍ പ്ലേ അവാര്‍ഡ്.

Scroll To Top