Tuesday December 06, 2016
Latest Updates

ഐഎസില്‍ നിന്ന് മടങ്ങിയെത്തിയ മുംബൈ സ്വദേശിയെ അമേരിക്ക ചോദ്യം ചെയ്യും

ഐഎസില്‍ നിന്ന് മടങ്ങിയെത്തിയ മുംബൈ സ്വദേശിയെ അമേരിക്ക ചോദ്യം ചെയ്യും

മുംബൈ: ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദ സംഘടനയില്‍ നിന്ന് മടങ്ങിയെത്തിയ മുംബൈ സ്വദേശിയായ ആരിഫ് മജീദിനെ അമേരിക്ക ചോദ്യം ചെയ്യും. ഇയാളില്‍ നിന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ പ്രവര്‍ത്തന രീതി മനസിലാക്കാന്‍ സാധിക്കുമെന്നാണ് അമേരിക്കയുടെ പ്രതീക്ഷ. സംഘടനയുടെ രഹസ്യങ്ങളും ഇയാളില്‍ നിന്ന് ലഭിക്കുമെന്ന് അമേരിക്ക പ്രതീക്ഷിക്കുന്നു. അമേരിക്കന്‍ പത്രപ്രവര്‍ത്തകരെയും ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകരെയും തലയറുത്ത് കൊന്ന ഐഎസ് ഭീകരന്‍ ജിഹാദി ജോണിനെക്കുറിച്ച് ഉള്‍പ്പെടെ അമേരിക്ക അന്വേഷിക്കുന്ന സുപ്രധാന വിവരങ്ങള്‍ ഇയാളില്‍ നിന്ന് ലഭിക്കുമെന്നാണ് അമേരിക്കന്‍ അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

അമേരിക്കന്‍ ഇന്റലിജന്‍സ് വിഭാഗമാണ് ഇയാളെ ചോദ്യം ചെയ്യാന്‍ തയ്യാറെടുക്കുന്നത്. വെടിയേറ്റ് പരുക്കേറ്റ ഇയാള്‍ ചികിത്സ തേടി തുര്‍ക്കിയില്‍ എത്തുകയും അവിടെ നിന്ന് നാട്ടിലേക്ക് മടങ്ങുകയുമായിരുന്നു. ഇയാള്‍ക്കൊപ്പം മുംബൈയില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന മറ്റ് മൂന്ന് യുവാക്കളെക്കുറിച്ചും ഇയാള്‍ ചോദ്യം ചെയ്യലില്‍ വിവരം നല്‍കിയിട്ടുണ്ട്. താനുള്‍പ്പെടെ മുംബൈയില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന യുവാക്കള്‍ക്ക് എകെ 47 തോക്ക് ഉപയോഗിക്കാന്‍ പരിശീലനം നല്‍കി. എന്നാല്‍ യുദ്ധം ചെയാന്‍ അവസരം ലഭിച്ചില്ലെന്ന് ഇയാള്‍ പറഞ്ഞു.

പരുക്കേറ്റതോടെ ഇന്ത്യന്‍ യുവാക്കളുടെ ശരീര പ്രകൃതി യുദ്ധം ചെയ്യുന്നതിന് അനുകൂലമല്ലെന്ന് പറഞ്ഞു ഒഴിവാക്കുകയായിരുന്നെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍  വെളിപ്പെടുത്തി. ഇസ്ലാമിക് സ്‌റ്റേറ്റ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നതായും ഇയാള്‍ വെളിപ്പെടുത്തി. ഇയാളെ തിരിച്ചയച്ചത് ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനാണെന്ന് എന്‍ഐഎ സംശയിക്കുന്നുണ്ട്.

Scroll To Top