Thursday December 08, 2016
Latest Updates

ഏഴു ദിവസം ഡബ്ലിന്‍ നഗരത്തില്‍ പരിധിയില്ലാതെ ബസില്‍ യാത്ര ചെയ്യാന്‍ 27.50 യൂറോ ,പുതിയ ലീപ് കാര്‍ഡ് പ്രാബല്യത്തിലായി

ഏഴു ദിവസം ഡബ്ലിന്‍ നഗരത്തില്‍ പരിധിയില്ലാതെ ബസില്‍ യാത്ര ചെയ്യാന്‍ 27.50 യൂറോ ,പുതിയ ലീപ് കാര്‍ഡ് പ്രാബല്യത്തിലായി

ഡബ്ലിന്‍: അയര്‍ലണ്ടില്‍ രണ്ടര വര്‍ഷത്തിനിടെ അര ദശലക്ഷം ലീപ് കാര്‍ഡുകള്‍ വിറ്റഴിച്ചതായി റിപ്പോര്‍ട്ട്. പൊതുഗതാഗത മന്ത്രി അലന്‍ കെല്ലി അറിയിച്ചതാണ് ഇക്കാര്യം. അയര്‍ലണ്ടിലെ പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്ര ചെയ്യാനുള്ള കാര്‍ഡാണ് ലീപ് കാര്‍ഡ്.

പരിധിയില്ലാതെ യാത്ര ചെയ്യാമായിരുന്ന എല്ലാ  പ്രീ പൈഡ് പേപ്പര്‍ ടിക്കറ്റുകളും ഡബ്ലിന്‍ ബസ് പിന്‍വലിച്ച് കഴിഞ്ഞു.വണ്‍ ഡേ,ഫൈവ് ഡേ,30 ഡേ, വണ്‍ ഡേ ഫാമിലി എന്നി റാമ്പ്‌ളര്‍ ടിക്കറ്റുകള്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചവയില്‍ ഉള്‍പ്പെടുന്നു.വിദ്യാര്‍ഥികള്‍ക്കുള്ള പ്രീ പൈഡ് പേപ്പര്‍ ടിക്കറ്റുകളും പിന്‍വലിച്ചു.

ഇതിന് പകരമായി ഏര്‍പ്പെടുത്തിയ 27.50 ന്റെ ലീപ് കാര്‍ഡിന് ആവശ്യക്കാര്‍ ഏറെയാണ്.ഇത്തരം ഒരാഴ്ച്ച കാലാവധിയുള്ള ലീപ്പ് കാര്‍ഡ് ഉപയോഗിച്ച് 7 ദിവസങ്ങളില്‍ എത്ര തവണ വേണമെങ്കിലും ഡബ്ലിന്‍ ബസുകളില്‍ പരിധിയില്ലാതെ യാത്ര ചെയ്യാം.ഡബ്ലിന്‍ ബസ്,ലുവാസ്,ഡാര്‍ട്ട് ,ഡബ്ലിന്‍ പരിധിയിലുള്ള മറ്റ് കമ്മ്യൂട്ടറുകള്‍ എന്നിവയില്‍ ഒരാഴ്ച്ച യാത്ര ചെയ്യാനുള്ള കമ്പൈന്‍ഡു ലീപ് കാര്‍ഡിന് 40 യൂറോയാണ് നിരക്ക്.വിദ്യാര്‍ഥികള്‍ക്കുള്ള അണ്‍ ലിമിറ്റഡ് ലീപ്പ് കാര്‍ഡുകള്‍ക്ക് ഇത് യഥാക്രമം 20 യൂറോയും 30 യൂറോയുമാണ്.

16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് 8.20 യൂറോയുടെ ഡബ്ലിന്‍ ബസ് ടിക്കറ്റുകള്‍ ഉപയോഗിച്ചും,14 യൂറോയുടെ കമ്പൈന്‍ഡു ലീപ് കാര്‍ഡ് ഉപയോഗിച്ചും ഒരാഴ്ച്ചക്കാലം യാത്ര ചെയ്യാം.

6.90 യൂറോയുടെ അണ്‍ ലിമിറ്റഡ് ലീപ്പ് കാര്‍ഡുപയോഗിച്ച് മുതിര്‍ന്നവര്‍ക്കും ,2.50 യൂറോ ലീപ്പ് കാര്‍ഡുപയോഗിച്ച്16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും ,5 യൂറോ ലീപ് കാര്‍ഡ് ഉപയോഗിച്ച് മറ്റു വിദ്യാര്‍ഥികള്‍ക്കും ഒരു ദിവസത്തേയ്ക്ക് യാത്ര ചെയ്യാനും സൗകര്യമുണ്ട്.

കാര്‍ഡിലെ പണം തീരുന്ന മുറയ്ക്ക് ബാങ്ക് അക്കൌണ്ടില്‍ നിന്ന് ലീപ് കാര്‍ഡ് ടോപ് അപ്പ് റീചാര്‍ജ് ചെയ്യാന്‍ അനുവദിക്കുന്ന ഒരു പദ്ധതിയുടെ ഉത്ഘാടനത്തോട് അനുബന്ധിച്ചാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. നിലവില്‍ 500,000 കാര്‍ഡുകളാണ് വിറ്റഴിച്ചിരിക്കുന്നത്. 

ലീപ് കാര്‍ഡുകള്‍ അവതരിപ്പിച്ച് രണ്ട് വര്‍ഷത്തിനകം 500,000 കാര്‍ഡുകള്‍ വിറ്റഴിക്കാനായത് സുപ്രധാന നേട്ടമാണെന്ന് അലന്‍ കെല്ലി പറഞ്ഞു. 47 മില്യന്‍ യാത്രക്കാര്‍ ലീപ് കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ഘട്ടത്തില്‍ കോര്‍ക്കിലും മറ്റ് നഗരങ്ങളിലും ലീപ് കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ അനുമതി ലഭിക്കും.

-വാര്‍ത്ത :റെജി സി ജേക്കബ്‌

Scroll To Top