Sunday December 04, 2016
Latest Updates

ഏദന്‍ കോളജ് വ്യാജ വിവാഹങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നുവെന്ന് ആരോപണം,ഇന്ത്യാക്കാരും ‘വ്യാജവരന്‍’മാരുടെ പട്ടികയില്‍ 

ഏദന്‍ കോളജ് വ്യാജ വിവാഹങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നുവെന്ന് ആരോപണം,ഇന്ത്യാക്കാരും ‘വ്യാജവരന്‍’മാരുടെ പട്ടികയില്‍ 

ഡബ്ലിന്‍: ഡബ്ലിനിലെ അടച്ചു പൂട്ടിയ ഏദന്‍ കോളജ് വ്യാജ വിവാഹങ്ങള്‍ക്ക് ഒത്താശ ചെയ്തിരുന്നതായി കണ്ടെത്തല്‍. ഏഷ്യന്‍ വംശജരായ യുവാക്കള്‍ക്ക് വിവാഹത്തിലൂടെ പൌരത്വം നേടാന്‍ യൂറോപ്യന്‍ പൌരത്വമുള്ള യുവതികളെ വിവാഹം ചെയ്യാന്‍ കോളജ് അധികൃതര്‍ ഒത്താശ നല്‍കുന്നതായാണ് ആരോപണം

ഇതിനായി ഏദന്‍ കോളജില്‍ സ്ഥിരമായി പഠിക്കാത്ത വിദ്യാര്‍ത്ഥികളുടെ പേരില്‍ വ്യാജ അറ്റന്‍ഡന്‍സ് രേഖയുണ്ടാക്കി കോളജ് ഒത്താശ ചെയ്യുന്നതായും ആരോപണങ്ങള്‍ പുറത്ത് വന്നു. ചില ഐറിഷ് മാധ്യമങ്ങളാണ് ഈ ആരോപണവുമായി രംഗത്ത് വന്നത്. കോളജിലെ മൂന്ന് മുന്‍ ജീവനക്കാരാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയതെന്നും ഐറിഷ് പത്രങ്ങള്‍ പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏദന്‍ കോളജിന്റെ ഒത്താശയോടെ യൂറോപ്യന്‍ വംശജരായ 60 ഓളം യുവതികളുടെ വിവാഹം നടത്തിയതായി ഈ ജീവനക്കാര്‍ വെളിപ്പെടുത്തിയതായി സണ്ടേ ടൈംസ് എന്ന ഐറിഷ് മാധ്യമം വെളിപ്പെടുത്തുന്നു.

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള യുവതികളെ കരാര്‍ പ്രകാരം 300 യൂറോ മുതല്‍ 500 യൂറോ വരെ പ്രതിഫലവും,യാത്രാ താമസ ചിലവുകളും നല്‍കി ഡബ്ലിനില്‍ എത്തിച്ചു കോളജിന്റെ ഹാജര്‍ പുസ്തകത്തില്‍ പേര്‍ ചേര്‍ക്കുകയും,ഇവരെ ഏഷ്യന്‍ വശജരായ യുവാക്കള്‍ക്ക് നിയമപരമായി വിവാഹം കഴിക്കാന്‍ അവസരം ഒരുക്കുന്നതിനുമാണത്രെ കോളജ് അധികൃതര്‍ കൂട്ട് നില്‍ക്കുന്നത്.യൂറോപ്യന്‍ വംശജരെ വിവാഹം ചെയ്താല്‍ യൂറോപ്പില്‍ എവിടെയും ജീവിക്കാനുള്ള അവകാശമാകും.

വിവാഹ ശേഷം ഒരു മാസത്തിനുള്ളില്‍ വധു ജോലി ‘പൂര്‍ത്തിയാക്കി’ സ്വദേശത്തെത്തെയ്ക്ക് മടങ്ങും.ഇതിനകം ഇമിഗ്രേഷന്‍ വകുപ്പിന്റെ പരിശോധനകള്‍ പൂര്‍ത്തിയായിരിക്കും.ഇത്തരത്തില്‍ സ്റ്റാമ്പ് 4 പദവി ലഭിക്കുന്നതിന് 5000 യൂറോ മുതല്‍ 10000 യൂറോ വരെയാണ് ഇടനിലക്കാര്‍ക്ക് വിദ്യാര്‍ഥികള്‍ ഫീസ് നല്‍കേണ്ടത്. 

ഏദന്‍ കോളജ് നല്‍കുന്ന വ്യാജരേഖ ഹാജരാക്കിയാണ് ഇവര്‍ വിവാഹത്തിന്റെ നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇവരെ വിവാഹം ചെയ്ത എല്ലാവരും ഏഷ്യന്‍ വംശജരായ യുവാക്കളായിരുന്നു. പാക്കിസ്ഥാന്‍,ബംഗ്ലാദേശ് എന്നി രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കൊപ്പം ഇന്ത്യന്‍ വിദ്യാര്‍ഥികളും ‘നവവരന്‍’മാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നിലവാരമില്ലാത്തതിന്റെ പേരില്‍ അടച്ച് പൂട്ടിയതിന്റെ പിന്നാലെയാണ് ഏദന്‍ കോളജിനെതിരെ വ്യാജ വിവാഹങ്ങള്‍ക്ക് ഒത്താശ ചെയ്തുവെന്ന ആരോപണം.

എന്നാല്‍ ഇത് വരാനിരിക്കുന്ന വലിയ വെളിപ്പെടുത്തലുകള്‍ക്കുള്ള തുടക്കമേ ആവുന്നുള്ളൂവെന്ന് പറയപ്പെടുന്നു.ഏദന്‍ കോളജ് മാത്രമല്ല മറ്റനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇത്തരം ഇടപാടുകള്‍ ചെയ്തു കൊടുക്കുന്നതായി ആരോപണമുണ്ട്.



Scroll To Top