Sunday December 04, 2016
Latest Updates

ഏദന്‍ കോളജ് :മലയാളി വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് സര്‍ക്കാരിന്റെ സ്വാന്തനം ,വിസ ഓഫിസ്  ഇടപെട്ടു 

ഏദന്‍ കോളജ് :മലയാളി വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് സര്‍ക്കാരിന്റെ സ്വാന്തനം ,വിസ ഓഫിസ്  ഇടപെട്ടു 

ഡബ്ലിന്‍: മുപ്പതോളം മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നാനൂറിലധികം വിദ്യാര്‍ത്ഥികളെ പെരുവഴിയില്‍ ആക്കിക്കൊണ്ട് ഡബ്ലിനിലെ ഏദന്‍ കോളജ് അടച്ചു പൂട്ടിയ സംഭവത്തില്‍ ഇത് ആദ്യമായി ഐറിഷ് സര്‍ക്കാര്‍ പ്രതികരിച്ചു. നാട്ടുകാരായ വിദ്യാര്‍ത്ഥികളെക്കാള്‍ കൂടുതലായി മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കാണ് പെട്ടന്നുള്ള ഈ അടച്ചു പൂട്ടല്‍ പ്രതിസന്ധി സൃഷ്ടിക്കുക. അതുകൊണ്ട് തന്നെ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനം ഉറപ്പാക്കുന്നതിനുള്ള നടപടികളാണ് ഐറിഷ് ഗവണ്‍മെന്റ് ചെയ്തുകൊണ്ടിരിക്കുന്നത്. കോളജ് അടച്ചു പൂട്ടല്‍മൂലം കുടിയേറ്റ വിദ്യാര്‍ത്ഥികളുടെ കുടിയേറ്റ പദവിക്ക് ഭീഷണി ഒന്നും ഉണ്ടാകില്ലെന്ന് നാച്ചറലൈസെഷന്‍ &ഇമിഗ്രേഷന്‍ അധികൃതര്‍ വ്യക്തമാക്കി. 

കോളജ് പെട്ടന്ന് നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് കോളജുകളില്‍ തുടര്‍ പഠനത്തിനുള്ള അവസരം നല്കുന്നതിന് ഗവണ്‍മെന്റ് അധികൃതരും ഐറിഷ് നാച്ചുറലൈസേഷന്‍ ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് അധികൃതരും ഐറിഷ് വിദ്യാഭ്യാസ വകുപ്പിന്റെ അധികൃതരും തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. പ്രതിസന്ധിയിലായ കുടിയേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ കുടിയേറ്റ പദവിയെക്കുറിച്ചും തുടര്‍ പഠനത്തെക്കുറിച്ചും കുടിയേറ്റ വിദ്യാര്‍ത്ഥികള്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിക്കാന്‍ edencollegestudents@justice.ie എന്ന വിലാസത്തില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. ഈ വിലാസത്തില്‍ ബന്ധപ്പെടുന്നവര്‍ തങ്ങളുടെ പൂര്‍ണ്ണമായ പേര്, ഐഎന്‍ഐഎസ് നമ്പര്‍, ജിഎന്‍ഐബി നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ വ്യക്തമാക്കിയിരിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

കൂടാതെ മറ്റ് കോളജുകളില്‍ എന്റോള്‍ ചെയ്യുന്നതിന് കൂടുതല്‍ പണം നല്കരുതെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 1 മുതല്‍ കോളജ് വെക്കേഷന്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ എല്ലാ ഇഇഎ ഇതര വിദ്യാര്‍ത്ഥികള്‍ക്കും ആഴ്ചയില്‍ 40 മണിക്കൂര്‍ വരെ അയര്‍ലണ്ടില്‍ ജോലി ചെയ്യാനും അനുമതി നല്കിയിട്ടുണ്ട്. സെപ്റ്റംബര്‍ 1 ന് മുമ്പ് ഇമിഗ്രേഷന്‍ കാലാവധി അവസാനിക്കുന്ന വിദ്യാര്‍ത്ഥികളും തങ്ങളുടെ കുടിയേറ്റ പദവിയെക്കുറിച്ച് അറിയാന്‍ മേല്‍പ്പറഞ്ഞ ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

Scroll To Top