Saturday December 10, 2016
Latest Updates

ഏദന്‍ കോളജിന് പിന്നാലെ ഐറിഷ് ബിസിനസ് സ്‌കൂളും അടച്ചുപൂട്ടി; നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍ 

ഏദന്‍ കോളജിന് പിന്നാലെ ഐറിഷ് ബിസിനസ് സ്‌കൂളും അടച്ചുപൂട്ടി; നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍ 

ഡബ്ലിന്‍: ഏദന്‍ കോളജ് അടച്ച് പൂട്ടിയതിന് പിന്നാലെ വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കിക്കൊണ്ട് അയര്‍ലണ്ടില്‍ ഒരു കോളജ് കൂടി അടച്ചു പൂട്ടി. ബര്‍ഗ് ക്വെയിലെ ഐറിഷ് ബിസിനസ് സ്‌കൂളാണ് അടച്ചു പൂട്ടാന്‍ തീരുമാനിച്ചത്. ഏദന്‍ കോളജ് അടച്ചു പൂട്ടിയതിലൂടെ 30 മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറിലധികം വിദേശ വിദ്യാര്‍ത്ഥികളാണ് പെരുവഴിയിലായത്. ഐറിഷ് ബിസിനസ് സ്‌കൂള്‍ അടച്ചു പൂട്ടുന്നതിലൂടെയും നൂറു കണക്കിന് വിദേശ വിദ്യാര്‍ത്ഥികളാണ് പെരുവഴിയിലാകുന്നത്.ചുരുങ്ങിയത് 3,000 യൂറോമുതല്‍ ഫീസ് നല്‍കിയാണ് വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിച്ചുകൊണ്ടിരിക്കുന്നത്. 

ഐറിഷ് ബിസിനസ് സ്‌കൂള്‍ അടച്ചു പൂട്ടുന്നതോടെ 300 ഓളം വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലാകും. കഴിഞ്ഞ ആഴ്ച അടച്ചു പൂട്ടിയ ഏദന്‍ കോളജ് പ്രവര്‍ത്തിക്കുന്ന അതെ കെട്ടിടത്തിലാണ് ഐറിഷ് ബിസിനസ് സ്‌കൂളും പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ത്ഥികളെ കൂടാതെ 18 അധ്യാപകരും 5 അട്മിനിസ്‌ട്രേഷന്‍ ജീവനക്കാരും പെരുവഴിയിലായിരിക്കുകയാണ്. അക്കാദമി നിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഏദന്‍ കോളജ് അടച്ചു പൂട്ടാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്കിയത്. 1,200 ഓളം ഭാഷ വിദ്യാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനമായിരുന്നു ഇത്. 

ഇപ്പോള്‍ ഏദന്‍ കോളജിലെ വിദ്യാര്‍ത്ഥികളെ മറ്റ് കോളജുകളില്‍ പുനരധിവസിപ്പിക്കാന്‍ ശ്രമം നടക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കി ഒരു കോളജ് കൂടി അടച്ചു പൂട്ടിയിരിക്കുന്നത്. കോളജ് അടച്ചു പൂട്ടുന്നതിന്റെ പശ്ചാത്തലത്തില്‍ ഐറിഷ് കൌണ്‍സില്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് വക്താവ് ഐറിഷ് അധികൃതരെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. 

കോളജ് പൂട്ടിയതിലൂടെ പഠനം മുടങ്ങിയ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിനു സൗകര്യം ഒരുക്കണമെന്ന് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. വിദേശ വിദ്യാര്‍ത്ഥികളെ അയര്‍ലണ്ടില്‍ പഠിക്കാന്‍ ക്ഷണിക്കുമ്പോള്‍ തന്നെ നിലവാരമില്ലാത്തതിന്റെ പേരില് കോളജുകള്‍ അടച്ചു പൂട്ടുന്നത് അയര്‍ലണ്ട് വിദ്യാഭ്യാസ മേഖലയ്ക്ക് കനത്ത് തിരിച്ചടിയാണെന്നും അവര്‍ പറഞ്ഞു. നിലവാരമില്ലാത്തതിന്റെ പേരില്‍ മൂന്ന് ആഴ്ചയ്ക്കിടെ അടച്ചു പൂട്ടുന്ന മൂന്നാമത്തെ കോളജാണ് ഇത്.

Scroll To Top