Sunday December 04, 2016
Latest Updates

എ ടി എം തകരാറുകള്‍ : ഉപഭോക്താക്കളെ വലച്ച് എഐബിയും ,ബാങ്ക് ഓഫ് അയര്‍ലണ്ടും

എ ടി എം തകരാറുകള്‍ : ഉപഭോക്താക്കളെ വലച്ച് എഐബിയും ,ബാങ്ക് ഓഫ് അയര്‍ലണ്ടും

ഡബ്ലിന്‍ :സാങ്കേതിക തകരാറുകള്‍ ഇപ്പോള്‍ അയര്‍ലണ്ടില്‍ ഒരു പുത്തരിയല്ലാതായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് തകരാറുകള്‍ വലയ്ക്കുന്നത് എടിഎം ഉപഭോക്താക്കളെയാണ്. പല ബാങ്കുകളുടെയും എടിഎം പ്രവര്‍ത്തനങ്ങളും എക്കൗണ്ട് ട്രാന്‍സ്ഫര്‍ പ്രവര്‍ത്തനങ്ങളും ചില സാങ്കേതിക തകരാറുകള്‍ നിമിത്തം തടസപ്പെട്ട വാര്‍ത്ത ഈ ഡിസംബറില്‍ തന്നെ പല ആവര്‍ത്തി കേട്ടുകഴിഞ്ഞതുമാണ്.
കഴിഞ്ഞ ദിവസം വീണ്ടും അത്തരം സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എഐബിയുടെ അക്കൗണ്ട് ട്രാന്‍സ്ഫറിംഗുമായി ബന്ധപ്പെട്ടാണ്. ഉച്ചഭക്ഷണ സമയത്തോടെയാണ് എടിഎം പ്രശ്‌നം കാണിച്ചുതുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആ സമയത്തു തന്നെ പരാതികള്‍ ബാങ്കിലേക്ക് പ്രവഹിച്ചുതുടങ്ങുകയും ചെയ്തിരുന്നു.
ക്രിസ്തുമസ് കാലയളവില്‍ തന്നെ ഇത്തരം തടസങ്ങള്‍ ഉണ്ടാവുന്നത് ഉപഭോക്താക്കളെക്കാള്‍ പല വ്യാപാരികളെയുമാണ് വലയ്ക്കുന്നത്. ]

വര്‍ഷത്തിലെ ഏറ്റവും തിരക്കേറിയ ദിവസം എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ഡിസംബറിലെ ആദ്യ തിങ്കളാഴ്ച്ച ഇത്തരത്തില്‍ സാങ്കേതിക തകരാറുകള്‍ കാരണം പലര്‍ക്കും എടിഎം കൗണ്ടറുകളിലും മറ്റും പകച്ചുനില്‍ക്കേണ്ടിയും വന്നിരുന്നു. എന്നാല്‍ ഇത്തവണത്തെ ക്രിസ്തുമസിന് കൂടുതല്‍ കാശു’പൊടിക്കില്ല’ എന്നു തീരുമാനിച്ചവര്‍ക്ക് ഇത്തരം സാങ്കേതിക തടസങ്ങളൊന്നും ബാധകമാവുന്നേയില്ല.
കഴിഞ്ഞ ദിവസം എഐബി ഉപഭോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രശ്‌നം വളരെ പെട്ടെന്നു തന്നെ കണ്ടെത്തി പരിഹരിക്കാന്‍ ബാങ്ക് സന്നദ്ധത കാണിച്ചിരുന്നു.

ഉച്ചഭക്ഷണ സമയത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രശ്‌നം വൈകിട്ട് 5മണിയോടെ തന്നെ പരിഹരിക്കപ്പെട്ടുവെന്ന് ബാങ്ക് അധികൃതര്‍ ഉപഭോക്താക്കളെ അറിയിച്ചിരുന്നു.
ഒരു ഉപഭോക്താവ് തന്റെ അനുഭവം വിവരിച്ചത് ഇങ്ങനെയാണ്: ആദ്യം താന്‍ അള്‍സ്റ്റര്‍ ബാങ്കിന്റെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ ശ്രമിച്ചു, എന്നാല്‍ അവിടെ കാര്‍ഡ് സ്വീകരിക്കപ്പെട്ടില്ല, പണം പിന്‍വലിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ എഐബിയുടെ തന്നെ എടിഎമ്മിലേക്ക് പോവുകയും പണം എടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ അവിടെ പണം പിന്‍വലിച്ചുകഴിഞ്ഞു എന്ന മെസ്സേജാണ് വന്നത്. അപ്പോള്‍തന്നെ ബാങ്കുമായി ബന്ധപ്പെട്ട് കാര്യം പറയുകയും ചെയ്തു. ഇത്തരത്തില്‍ ക്രിസ്തുമസിന്റെ തിരക്കേറിയ ദിവസങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ തങ്ങളെന്താണ് ചെയ്യേണ്ടത് എന്നാണ് പല ഉപഭോക്താക്കളും ബാങ്കിനോട് ചോദിക്കുന്നത്.
ഉപഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ബാങ്ക് ആദ്യ പരാതി ലഭിച്ചതുമുതല്‍ തന്നെ ശ്രമം തുടങ്ങിയിരുന്നു. തേഡ് പാര്‍ട്ടി പ്രൊവൈഡറില്‍ വന്ന തകരാറുകളാണ് ഉപഭോക്താക്കളെ ഇപ്പോള്‍ കഷ്ടത്തിലാക്കാന്‍ കാരണമായതെന്നാണ് ബാങ്ക് വക്താവ് അറിയിച്ചത്.
ഇത്തരത്തില്‍ പണം എടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഉപഭോക്താക്കള്‍ ആരൊക്കെയാണെന്ന് അന്വേഷിക്കുകയാണെന്നും എത്രയും പെട്ടെന്നു തന്നെ പ്രശ്‌നം പൂര്‍ണ്ണമായും പരിഹരിക്കപ്പെടുമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചിരുന്നു.
എഐബിയുടെ പ്രശ്‌നം ഉണ്ടാവുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പാണ് ബാങ്ക് ഓഫ് അയര്‍ലണ്ട് ഉപഭോക്താക്കളും പണം പിന്‍വലിക്കുന്നതിന് സമയമെടുക്കുന്നുവെന്നുള്ള പരാതിയുമായി എത്തിയത്. എന്നാല്‍ അത് ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ അപ്‌ഡേറ്റ്‌ചെയ്ത ഫയല്‍ സ്വീകരിക്കാന്‍ വൈകിയതിനാല്‍ സംഭവിച്ചതെറ്റാണെന്ന് ബാങ്ക് ഓഫ് അയര്‍ലണ്ട് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. പ്രശ്‌നം പകല്‍ 10മണിയോടെ തന്നെ പരിഹരിച്ചുവെന്നാണ് ബാങ്ക് അധികൃതര്‍ അറിയിച്ചത്.

Scroll To Top