Saturday December 03, 2016
Latest Updates

എ ഐ ബി:ഒരേ ഇടപാടിന് രണ്ടു ദിവസത്തിനുള്ളില്‍ ഇരട്ടചാര്‍ജ്ജ്; പഴി ഇന്ത്യാക്കാര്‍ക്ക്

എ ഐ ബി:ഒരേ ഇടപാടിന് രണ്ടു ദിവസത്തിനുള്ളില്‍ ഇരട്ടചാര്‍ജ്ജ്; പഴി ഇന്ത്യാക്കാര്‍ക്ക്

ഡബ്ലിന്‍ :രണ്ടു ദിവസത്തിനിടയില്‍ ഒരേ ഇടപാടിന് രണ്ടു തവണ ചാര്‍ജ്ജ് ചെയ്ത സംഭവത്തില്‍ എഐബി അന്വേഷണം നടത്തുന്നു. ചില ഇടപാടുകാരുടെ കാര്യത്തില്‍ മാര്‍ച്ച് 25 നും 26 നും ഇടയില്‍ ബാങ്കിന് തെറ്റ് സംഭവിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

തെറ്റ് സംഭവിച്ചതായി മനസ്സിലായിട്ടുണ്ടെന്നും എന്നാല്‍ ഇതിന്റെ വ്യാപ്തി എത്രയുണ്ടെന്ന് അറിയില്ലെന്നും ബാങ്ക് പുറത്തുവിട്ട വാര്‍ത്താകുറിപ്പിലും വ്യക്തമാക്കിയിട്ടുണ്ട്. എഐബി വിവരം അറിഞ്ഞിട്ടുണ്ട്. കഴിയുന്നതും വേഗം പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും പ്രസ്താവനയില്‍ വ്യക്തമക്കുന്നു.

കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്ന് എഐബി ടെക്‌നോളജി തലവന്‍ ജോണ്‍ ഒ ഡ്വെയറും വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ഇടപാടുകാര്‍ക്ക് നഷ്ടം സംഭവിക്കില്ലെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് ചാര്‍ജ്ജ് ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് എഐബി വിവാദത്തില്‍ പെടുന്നത്. കഴിഞ്ഞ ജനുവരിയില്‍ ട്രാന്‍സാക്ഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ടും ഇതേ വിവാദം ഉയര്‍ന്നിരുന്നു. 48,000 കാര്‍ഡ് ഉപയോക്താക്കള്‍ക്കിടയില്‍ അഞ്ച് മില്യണ്‍ യൂറോ വരുന്ന 88,000 ട്രാന്‍സാക്ഷനാണ് ഉണ്ടായത്.

ഈ വര്‍ഷം ആദ്യം വിസാ ഡെബിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ടും ബാങ്ക് ഓഫ് അയര്‍ലണ്ട് സമാന പിഴവുകള്‍ വരുത്തുകയുണ്ടായി. അതേസമയം പ്രോസസിംഗ് സിസ്റ്റവുമായി ബന്ധപ്പെട്ട പ്രശ്‌നത്തെ തുടര്‍ന്ന് ഫയല്‍ ഡ്യൂപ്‌ളിക്കേഷന്‍ സംഭവിച്ചതാണെന്ന് ബാങ്ക് പിന്നീട് ജനങ്ങളെ അറിയിച്ചു.ഇന്ത്യന്‍ കമ്പനികളാണ് എ ഐ ബിയുടെ റീടൈല്‍ ഓപ്പറേഷന്റെ സാങ്കേതിക ചുമതലകള്‍ വഹിക്കുന്നത്.ഈ സെക്ഷനില്‍ വരുന്ന തകരാറുകളാണ് എ ഐ ബിയെ മോശം പ്രതിച്ഛായയുള്ള ബാങ്കായി ചിത്രീകരിക്കാന്‍ കാരണമെന്ന് കഴിഞ്ഞ വര്‍ഷാവസാനം ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കുറ്റപ്പെടുത്തിയിരുന്നു.

Scroll To Top