Thursday December 08, 2016
Latest Updates

എയര്‍ ഏഷ്യ വിമാനം: തെരച്ചില്‍ രാവിലെ പുനരാരംഭിച്ചു; കടലില്‍ പതിച്ചിരിക്കാമെന്ന് അഭ്യൂഹം

എയര്‍ ഏഷ്യ വിമാനം: തെരച്ചില്‍ രാവിലെ പുനരാരംഭിച്ചു; കടലില്‍ പതിച്ചിരിക്കാമെന്ന് അഭ്യൂഹം

ജക്കാര്‍ത്ത: സിംഗപ്പൂരിലേക്കുള്ള യാത്രാമധ്യേ കാണാതായ എയര്‍ ഏഷ്യ വിമാനം കടലില്‍ പതിച്ചിരിക്കാമെന്ന് റിപ്പോര്‍ട്ട്. ഇന്തോനേഷ്യയുടെ രക്ഷാപ്രവര്‍ത്തന ഏജന്‍സി ചീഫ് ബാംബാങ് സോളിസ്റ്റിയോയാണ് ഇക്കാര്യം അറിയിച്ചത്. ഇന്തോനേഷ്യയും സിംഗപ്പൂരും മലേഷ്യയും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. തെരച്ചില്‍ തുടങ്ങി ഒരു ദിവസത്തിന് ശേഷമാണ് വിമാനം കടലില്‍ പതിച്ചിരിക്കാമെന്ന് ഇന്തോനേഷ്യ സ്ഥിരീകരിച്ചത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം നിര്‍ത്തിവച്ച തെരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിച്ചു.

വിമാനം കടലില്‍ പതിച്ചിരിക്കാമെന്നത് പ്രാഥമിക നിഗമനം മാത്രമാണെന്ന് ഇന്തോനേഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി. ജാവ കടലിന് മുകളില്‍ വച്ചാണ് വിമാനവും റഡാറും തമ്മിലുള്ള ബന്ധം നിലച്ചത്. വിമാനം തെരയുന്നതിന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇന്തോനേഷ്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. സഹായം ആവശ്യപ്പെട്ടാല്‍ ഇത് നിമിഷവും ഇന്ത്യ സജ്ജമാണെന്ന് ഇന്തോനേഷ്യന്‍ അധികൃതരെ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഉയര്‍ന്നു പറക്കാന്‍ അനുവാദം തേടി പൈലറ്റ് അയച്ച സന്ദേശമാണ് വിമാനത്തില്‍ നിന്ന് ഏറ്റവും ഒടുവില്‍ ലഭിച്ചത്.

162 യാത്രക്കാരുമായി പോയ വിമാനം ഇന്നലെ ഇന്ത്യന്‍ സമയം രാവിലെ 6.30 നാണ് കാണാതായത്. വിമാനത്തില്‍ ഇന്ത്യക്കാരില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മലേഷ്യന്‍ വിമാനം കാണാതായി പത്ത് മാസം പിന്നിടുമ്പോള്‍ ഉണ്ടായ സമാനമായ ദുരന്തത്തിന്റെ ഞെട്ടലിലാണ് ലോകം.

Scroll To Top