Sunday December 04, 2016
Latest Updates

എയര്‍ ഏഷ്യ: ബ്ലാക്ക് ബോക്‌സ് തെരയുന്നതിന് പ്രത്യേക സംഘം

എയര്‍ ഏഷ്യ: ബ്ലാക്ക് ബോക്‌സ് തെരയുന്നതിന് പ്രത്യേക സംഘം

ജക്കാര്‍ത്ത: യാത്രാമധ്യേ കടലില്‍ വീണ എയര്‍ ഏഷ്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് തെരയുന്നതിന് പ്രത്യേക സംഘം. ബോര്‍ണിയയില്‍ ഇന്ന് മുതല്‍ അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ബ്ലാക്ക് ബോക്‌സിനായി തെരച്ചില്‍ ആരംഭിക്കും. ചെറുശബ്ദങ്ങള്‍ പോലും പിടിച്ചെടുക്കാന്‍ സാധിക്കുന്ന അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് തെരച്ചില്‍. ബ്ലാക്ക് ബോക്‌സ് കണ്ടെടുത്താല്‍ മാത്രമേ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകൂ.

രണ്ട് ഹൈഡ്രോഫോണുകള്‍ അല്ലെങ്കില്‍ വെള്ളത്തിനടിയില്‍ പ്രവര്‍ത്തന ക്ഷമമാകുന്ന ഓക്കുസ്റ്റിക്ക് ഡിറ്റക്ഷന്‍ ഡിവൈസുകള്‍ എന്നീ സൌകര്യങ്ങളോട് കൂടിയ കപ്പല്‍ ബ്ലാക്ക് ബോക്‌സിന്റെ തെരച്ചിലില്‍ വെള്ളിയാഴ്ച മുതല്‍ പങ്കുചേരുമെന്ന് ഫ്രാന്‍സിന്റെ ബിഇഎ ക്രാഷ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറിയിച്ചു. ഫ്രാന്‍സിനൊപ്പം ഇന്തോനേഷ്യയും സിംഗപ്പൂരും ബ്ലാക്ക് ബോക്‌സ് തെരയുന്നതിന് നേതൃത്വം നല്‍കും.

അതിനിടെ വിമാന യാത്രക്കാരുടെ മൃതദേഹങ്ങള്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. 162 പേരുണ്ടായിരുന്ന വിമാനത്തില്‍ നിന്ന് ഏതാനും ചിലരുടെ മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെടുത്തത്. കണ്ടെടുത്ത മൃതദേഹങ്ങളില്‍ തിരിച്ചറിഞ്ഞവ സംസ്‌കരിച്ചു തുടങ്ങി. ഇന്തോനേഷ്യയില്‍ നിന്ന് തന്നെയുള്ള ഹയാത്തി ലുറ്റ്ഫിയ എന്ന യാത്രക്കാരിയുടെ മൃതദേഹമാണ് ആദ്യം തിരിച്ചറിഞ്ഞവയില്‍ ഒന്ന്. ഇവരുടെ മൃതദേഹം സുരബായയിലെ സെമിത്തേരിയില്‍ സംസ്‌കരിച്ചു.

Scroll To Top