Friday December 09, 2016
Latest Updates

എയര്‍ ഏഷ്യ: ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തു; പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് തെരച്ചില്‍ നിര്‍ത്തി

എയര്‍ ഏഷ്യ: ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തു; പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് തെരച്ചില്‍ നിര്‍ത്തി

ജക്കാര്‍ത്ത: യാത്രാമധ്യേ കടലില്‍ തകര്‍ന്ന് വീണ എയര്‍ ഏഷ്യ വിമാനത്തിലെ യാത്രക്കാരുടെ മൃതദേഹങ്ങള്‍ക്കായുള്ള തെരച്ചില്‍ നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ട്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് തെരച്ചില്‍ തടസപ്പെട്ടത്. പ്രദേശത്ത് ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്. കാലാവസ്ഥ അനുകൂലമായാല്‍ തെരച്ചില്‍ പുനരാംഭിക്കുമെന്ന് ഇന്തോനേഷ്യന്‍ വ്യോമയാന അധികൃതര്‍ അറിയിച്ചു.

ജാവ കടലിടുക്കിലാണ് വിമാനം തകര്‍ന്ന് വീണത്. ഇതുവരെ ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഇന്തോനേഷ്യന്‍ നേവി അറിയിച്ചു. ഇന്നലെ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. ഇന്ന് കണ്ടെടുത്ത മൃതദേഹങ്ങളില്‍ ഒന്ന് വിമാന ജീവനക്കാരിയുടെതാണ്. ഇവരുടെ യൂണിഫോമില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായ സ്ഥലത്ത് നിന്ന് പത്ത് മൈല്‍ അകലെ നിന്നാണ് അവശിഷ്ടങ്ങളും മൃതദേഹങ്ങളും കണ്ടെത്തിയത്.

വിമാനത്തിന്റെ എമര്‍ജന്‍സി വാതിലും യാത്രക്കാരുടെ ലഗേജുകളും വെള്ളത്തിനു മുകളില്‍ പൊങ്ങിക്കിടക്കുന്നത് കണ്ടെത്തിയിരുന്നു. വിമാനത്തിന്റെ പ്രധാന ഭാഗങ്ങളോ ബ്ലാക്ക് ബോക്‌സോ കണ്ടെത്തിയിട്ടില്ല. യാത്രക്കാരില്‍ ആരും രക്ഷപെട്ടിട്ടുണ്ടാകില്ലെന്നാണ് നിഗമനം. കോക്ക് പിറ്റ വോയിസ് റെക്കോര്‍ഡറും ബ്ലാക്ക് ബോക്‌സും കണ്ടെടുത്താല്‍ മാത്രമേ ദുരന്തത്തിലേക്ക് നയിച്ച യഥാര്‍ത്ഥ കാരണം വ്യക്തമാകൂ. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് വിമാനം തകര്‍ന്ന് വീണതാകാമെന്നാണ് പ്രാഥമിക നിഗമാം.

Scroll To Top