Thursday December 08, 2016
Latest Updates

എയര്‍ബാഗ് തകരാര്‍: ബിഎംഡബ്ല്യൂ കാറുകള്‍ തിരിച്ച് വിളിക്കുന്നു

എയര്‍ബാഗ് തകരാര്‍: ബിഎംഡബ്ല്യൂ കാറുകള്‍ തിരിച്ച് വിളിക്കുന്നു

ഡബ്ലിന്‍: ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യൂ ഐറിഷ് വിപണിയില്‍ നിന്ന് കാറുകള്‍ തിരിച്ച് വിളിക്കുന്നു. ബിഎംഡബ്ല്യൂ കാറുകളില്‍ എയര്‍ബാഗ് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവ തിരിച്ച് വിളിക്കുന്നത്. ലോകവ്യാപകമായി ലക്ഷക്കണക്കിന് കാറുകള്‍ തിരിച്ച് വിളിക്കുന്നതിന്റെ ഭാഗമായാണ് അയര്‍ലണ്ടില്‍ നിന്നും ബിഎംഡബ്ല്യൂ കാറുകള്‍ തിരിച്ച് വിളിക്കുന്നത്. 1999 മുതല്‍ 2006 വരെ വിപണിയില്‍ ഇറങ്ങിയ 3 സീരീസ് വാഹനങ്ങളിലാണ് തകരാര്‍ കണ്ടെത്തിയത്.

കാറിന്റെ മുന്‍ സീറ്റുകളിലെ എയര്‍ബാഗിനാണ് തകരാര്‍ കണ്ടെത്തിയത്. സമാനമായ പ്രശ്‌നത്തില്‍, ബിഎംഡബ്ല്യൂ കഴിഞ്ഞ വര്‍ഷം 240,000 കാറുകള്‍ തിരിച്ച് വിളിച്ചിരുന്നു. അതിന്റെ തുടര്‍ നടപടിയായാണ് വീണ്ടും കാറുകള്‍ തിരിച്ച് വിളിക്കുന്നത്. അമേരിക്കയിലെ വാഹന സുരക്ഷ ഏജന്‍സിയാണ് ബിഎംഡബ്ലൂ കാറുകളിലെ ഈ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയത്. ജപ്പാനിലെ തകാറ്റ കോര്‍പ്പറേഷനാണ് ഈ എയര്‍ബാഗുകള്‍ നിര്‍മ്മിച്ചത്. ഇവര്‍ വിവിധ കമ്പനികള്‍ക്കായി നിര്‍മ്മിച്ച എയര്‍ബാഗുകളില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതുവരെ 12 മില്യനിലധികം കാറുകള്‍ തിരിച്ച് വിളിച്ചിരുന്നു. 

അതേസമയം എയര്‍ബാഗ് തകരാറ് മൂലം യാത്രക്കാര്‍ക്ക് പരുക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് ബിഎംഡബ്ല്യൂ അധികൃതര്‍ പറഞ്ഞു. 3 സീരീസ് കാറുകള്‍ കൂടാതെ ഈ വര്‍ഷം വിപണിയില്‍ ഇറങ്ങിയ ഐ3 സീരീസിലെ 26 മിനി കാറുകള്‍ കൂടി തിരിച്ച് വിളിച്ചതായി ബിഎംഡബ്ല്യൂ വ്യക്തമാക്കി

Scroll To Top