Saturday December 10, 2016
Latest Updates

എബോള രോഗം: അയര്‍ലണ്ടില്‍ എച്ച്എസ്ഇയുടെ ജാഗ്രത നിര്‍ദ്ദേശം

എബോള രോഗം: അയര്‍ലണ്ടില്‍ എച്ച്എസ്ഇയുടെ ജാഗ്രത നിര്‍ദ്ദേശം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ എബോള വൈറസിനെതിരെ അയര്‍ലണ്ടില്‍ ജാഗ്രതാ നിര്‍ദേശം. എച്ച്എസ്ഇയാണ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയത്. എബോള ഭീഷണി നേരിടാന്‍ ഡോക്ടര്‍മാര്‍ സജ്ജമായിരിക്കണമെന്നു എച്ച്എസ്ഇ നിര്‍ദ്ദേശം നല്‍കി. യൂറോപ്യന്‍ യൂണിയനില്‍ എബോള രോഗഭീഷണി ഇല്ലെന്നാണ് റിപ്പോര്‍ട്ട്. എങ്കിലും ജാഗ്രത പാലിക്കാന്‍ എച്ച്എസ്ഇ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പ്രധാനമായും ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് എബോള രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ എബോള വൈറസ് 660 പേരുടെ മരണത്തിനിടയാക്കിഎന്നാണ് റിപ്പോര്‍ട്ട്. 

കടുത്ത പനി, പേശി വേദന, ഛര്‍ദി, വയറിളക്കം എന്നിവയാണ് ലക്ഷണങ്ങള്‍ . ചിലരില്‍ രക്തസ്രാവവും കണ്ടുവരുന്നു. രോഗബാധയുള്ള മൃഗങ്ങളുടെ ശരീര ദ്രവത്തില്‍ നിന്നും രോഗബാധയുള്ള മറ്റ് മനുഷ്യരില്‍ നിന്നും എബോള രോഗം പകരാം. ഗുനിയ, സിയാറ ലിയോണ്‍, ലൈബീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. അയര്‍ലണ്ടില്‍ രോഗസാധ്യത റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഡോക്ടര്‍മാരും ആശുപത്രികളും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ സജ്ജമായിരിക്കണമെന്നാണ് എച്ച്എസ്ഇയുടെയും എച്ച്പിഎസ്ഇയുടെയും നിര്‍ദ്ദേശം. 

രോഗവ്യാപനം തടയുന്നതിന് സജ്ജമാണെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. യൂണിയനിലെ 28 രാജ്യങ്ങളും എബോള ചികിത്സയ്ക്ക് സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പശ്ചിമ ആഫ്രിക്കയില്‍ എബോള രോഗികളെ ചികിത്സിച്ച കനേഡിയന്‍ ഡോക്ടര്‍ പ്രത്യേക മുന്‍കരുതലെടുക്കുന്നുണ്ട്. അദ്ദേഹത്തോടൊപ്പം ആഫ്രിക്കയിലുണ്ടായിരുന്ന അമേരിക്കന്‍ ഡോക്ടറെ എബോള ബാധിച്ചതിനെത്തുടര്‍ന്നാണിത്. 

രോഗവ്യാപനം തടയുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് അന്താരാഷ്ട്ര സിവില്‍ വ്യോമയാന സംഘടന ആരോഗ്യപ്രവര്‍ത്തകരുമായി ചര്‍ച്ചനടത്തി. 

എബോള ഗുരുതര ആരോഗ്യഭീഷണിയാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഫിലിപ് ഹാമോണ്ട് പറഞ്ഞു. 
എബോള പടരുന്ന ഗുനിയ, സിയാറ ലിയോണ്‍, ലൈബീരിയ എന്നിവിടങ്ങളില്‍നിന്ന് സന്നദ്ധപ്രവര്‍ത്തകരെ പിന്‍വലിച്ചതായി അമേരിക്കന്‍ സമാധാനസേന അറിയിച്ചു. 

രാജ്യത്തെ മുഴുവന്‍ സ്‌കൂളും അടച്ചതായും അത്യാവശ്യമല്ലാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 30 ദിവസത്തെ അവധി നല്‍കിയതായും ലൈബീരിയ അറിയിച്ചു.

1976 ല്‍ സുഡാനില്‍ നിന്നും കോംഗോയില്‍ നിന്നുമാണ് ആദ്യമായി എബോള വൈറസ് കണ്ടെത്തിയത്. വവ്വാലില്‍ നിന്നാണ് ഇത് ആദ്യമായി മനുഷ്യരിലേക്ക് പകര്‍ന്നത് എന്നാണു റിപ്പോര്‍ട്ട്. കുരങ്ങുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ജന്തുക്കളില്‍ നിന്നും എബോള രോഗം പകരാന്‍ സാധ്യതയുണ്ട്.

Scroll To Top