Saturday December 03, 2016
Latest Updates

എന്‍സിപിയും ഇടതുമുന്നണി വിടാനൊരുങ്ങുന്നു; നീക്കം ശരദ് പവാറിന്റെ അനുമതിയോടെ

എന്‍സിപിയും ഇടതുമുന്നണി വിടാനൊരുങ്ങുന്നു; നീക്കം ശരദ് പവാറിന്റെ അനുമതിയോടെ

കോഴിക്കോട് :ഇടതുമുന്നണിയില്‍ നിന്ന് വീണ്ടും ഘടകകക്ഷികളുടെ കൊഴിഞ്ഞുപോക്ക്. ലോകസഭ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് എന്‍സിപി ഇടതുമുന്നണി വിടാനൊരുങ്ങുന്നു. പാര്‍ട്ടിയുടെ ദേശീയ നേതാവും കേന്ദ്രമന്ത്രിയുമായ ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം എടുത്തത്. സീറ്റ് നല്കാതെ ഇടത് നേതൃത്വം പാര്‍ട്ടിയെ അപമാനിച്ചു എന്ന തോന്നലുണ്ടെങ്കില്‍ എന്‍സിപി ഇടതുമുന്നണി വിടുന്നതിനു താന്‍ അനുകൂലമാണെന്ന് ശരദ് പവാര്‍ കേരള നേതാക്കളെ അറിയിച്ചു.

എ കെ ശശീന്ദ്രന്‍, തോമസ് ചാണ്ടി എന്നീ രണ്ട് എംഎല്‍എമാരാണ് എന്‍സിപിക്ക് കേരളത്തില്‍ ഉള്ളത്. ഇവര്‍ കൂടി മുന്നണി വിട്ട് യുഡിഎഫില്‍ ചേര്‍ന്നാല്‍ ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റിന്റെ അംഗബലം വര്‍ധിക്കും. അതേസമയം മുന്നണി വിടുന്നത് സംബന്ധിച്ച് എന്‍സിപിയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതായാണ് സൂചന. മുന്നണി വിടണമെന്ന് തോമസ് ചാണ്ടി അടക്കം ഒരു വിഭാഗം വാദിക്കുമ്പോള്‍ ഇടതു മുന്നണി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞ സാഹചര്യത്തില്‍ ഇനി മുന്നണി വിടുന്നതില്‍ കാര്യമില്ലെന്ന് ഒരു വിഭാഗം വാദിക്കുന്നു. പാര്‍ട്ടിയുടെ തിരുവനന്തപുരം, കോഴിക്കോട് ജില്ലാ പ്രസിഡന്റുമാരും ഉഴവൂര്‍ വിജയന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കളില്‍ ചിലരും പാര്‍ട്ടി ഇടതുമുന്നണി വിടുന്നതിനു എതിരാണ്.

പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍ മാസ്റ്റര്‍, ട്രഷറര്‍ മാണി സി.കാപ്പന്‍, ജനറല്‍ സെക്രട്ടറി ജയന്‍ പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ ഞായറാഴ്ചയാണ് പവാറുമായി കൂടിക്കാഴ്ച നടത്തിയത്. കേന്ദ്രത്തില്‍ യുപിഎയുടെ ഭാഗമായ എന്‍സിപി കേരളത്തില്‍ ഇടതുമുന്നണിക്കൊപ്പം തുടരുന്നതില്‍ തനിക്ക് താല്‍പ്പര്യമില്ലായിരുന്നെന്ന് ശരദ് പവാര്‍ പറഞ്ഞു. കേരള നേതാക്കളുടെ നിര്‍ദ്ദേശപ്രകാരമാണ് പാര്‍ട്ടി ഇടതു മുന്നണിയില്‍ തുടരാന്‍ അനുമതി നല്‍കിയത്. എന്‍സിപി യുപിഎയുടെ ഭാഗമായതിനാല്‍ സീറ്റ് നല്‍കാനാകില്ലെന്നാണ് സിപിഎം നേതൃത്വവും പറഞ്ഞത്. ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ തന്നെ എന്‍സിപിയുടെ ശക്തമായ രാഷ്ട്രീയ ചുവടുമാറ്റം ഉണ്ടായേക്കുമെന്നാണ് സൂചന.

Scroll To Top