Saturday December 03, 2016
Latest Updates

എന്‍ഡ കെന്നിയ്ക്ക് വഴി നടക്കാനാവുന്നില്ല,പ്രതിഷേധത്തില്‍ രാജ്യം ക്ഷുഭിതം

എന്‍ഡ കെന്നിയ്ക്ക് വഴി നടക്കാനാവുന്നില്ല,പ്രതിഷേധത്തില്‍ രാജ്യം ക്ഷുഭിതം

ഡബ്ലിന്‍: ജലനിരക്കിനെതിരെ പ്രതിഷേധിക്കുന്നവര്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി എന്‍ഡ കെന്നിയെ തടഞ്ഞ സംഭവത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. 1916 ഈസ്റ്റര്‍ റൈസിംഗ് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ പ്രധാനമന്ത്രിയെ ജിപിഒയില്‍ വച്ചാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. സുരക്ഷാ വലയം ഭേദിച്ച് ജിപിഒയില്‍ കടന്ന പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തി. അമ്പതോളം പേരടങ്ങുന്ന പ്രതിഷേധ സംഘത്തില്‍ ഉണ്ടായിരുന്ന ഒരു സ്ത്രീയുടെ ഭഗത്ത് നിന്ന് അതിരൂക്ഷമായ പ്രതികരണമാണ് പ്രധാനമന്ത്രിക്ക് നേരെ ഉണ്ടായത്.

എന്‍ഡ കെന്നി പരാന്നഭോജിയാണെന്ന് ഈ സ്ത്രീവിളിച്ചു പറയുന്നുണ്ടായിരുന്നു.പ്രധാനമന്ത്രിയെ അസഭ്യവാക്കുകളും വിളിക്കുന്നുണ്ടായിരുന്നു.
പ്രധാനമന്ത്രി പുറത്ത് പോകണമെന്ന് ഈ സ്ത്രീ ആവശ്യപ്പെട്ടു.’എന്‍ഡ കെന്നിരാജ്യത്തിനു വേണ്ടി ഒരു ത്യാഗവും സഹിച്ചിട്ടില്ല, എന്നാല്‍ അദ്ദേഹം
ഐഎംഎഫിന് വേണ്ടി രാജ്യത്തെ ജനങ്ങളെ ബലികഴിച്ചു’വെന്ന് ഈ സ്ത്രീ വിളിച്ചുപറയുന്നുണ്ടായിരുന്നു. പ്രധാനമന്ത്രിയെ പൊതുവേദിയില്‍ അസഭ്യം പറഞ്ഞ ഈ സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല.

രാജ്യത്തൊട്ടാകെ പ്രധാനമന്ത്രിയ്ക്കും സര്‍ക്കാരിനും എതിരെ ആയിരങ്ങളാണ് അണിനിരക്കുന്നത്.പുതിയ ജലനിരക്കിനെതിരെ ഡിസംബര്‍ 10 ന് നടക്കുന്ന റാലി ചരിത്ര സംഭവമാക്കാനൊരുങ്ങുകയാണ് ആന്റി വാട്ടര്‍ ചാര്‍ജ് ക്യാംപെയ്ന്‍ പ്രവര്‍ത്തകര്‍.വിദേശികളെ കൂടി പങ്കെടുപ്പിച്ചു കൊണ്ട് സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പ്രതിഷേധക്കാര്‍.ഇതിന്റെ ഭാഗമായി ഡെട്രോയിറ്റില്‍ നിന്നും ഗ്രീസില്‍ നിന്നുമുള്ളവര്‍ ഡിസംബര്‍ 10 ന്റെ റാലിയില്‍ പങ്കെടുക്കും.റൈറ്റ് 2 വാട്ടര്‍ ക്യാംപെയ്ന്‍ പ്രവര്‍ത്തകരാണ് വിദേശ ആക്ടിവിസ്റ്റുകളെ കൂടി സമരത്തില്‍ പങ്കെടുപ്പിക്കുന്നത്. 

അമേരിക്കയിലെ മിഷിഗണിലെ ഡെട്രോയിറ്റില്‍ ജലനിരക്ക് ഏര്‍പ്പെടുത്തിയതിനെതിരെ സമരം നടത്തിക്കൊണ്ടിരിക്കുന്ന സംഘടനയായ ഡെട്രോയിറ്റ് വാട്ടര്‍ ബ്രിഗേഡ് ആണ് സമരത്തില്‍ പങ്കെടുക്കാന്‍ എത്തുന്നത്. 100,000 പേര്‍ സമരത്തില്‍ പങ്കെടുക്കും. ജലനിരക്ക് വിരുദ്ധ സമരക്കാര്‍ പ്രധാനമന്ത്രിയെ വഴിയില്‍ തടയുന്നത് ഉള്‍പ്പെടെയുള്ള സമരങ്ങളിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ ജനരോക്ഷം കുറയ്ക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആലോചിച്ച് വരികയാണ്. ഇതിനിടെയാണ് ഡിസംബറില്‍ പടുകൂറ്റന്‍ റാലി സംഘടിപ്പിച്ച് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കാന്‍ പ്രവര്‍ത്തകര്‍ ആലോചിക്കുന്നത്. ജനരോക്ഷം ശക്തമായതോടെ ഐറിഷ് വാട്ടര്‍ സ്ഥാപിച്ചത് തിടുക്കത്തിലായിപ്പോയെന്നും ജലനിരക്ക് പിന്‍വലിക്കണമെന്നും സര്‍ക്കാരില്‍ നിന്ന് തന്നെ അഭിപ്രായമുയരുന്നുണ്ട്. 

ഒഇസിഡി രാജ്യങ്ങളില്‍ വെള്ളത്തിന് പണം ഈടാക്കാത്ത ഏക രാജ്യം അയര്‍ലണ്ട് ആണ്. വരുന്ന ജനുവരിയോടെ ഇതിന് മാറ്റം വരും. ജലനിരക്ക് അടയ്ക്കാഞ്ഞതിനെ തുടര്‍ന്ന് ഡെട്രോയിറ്റില്‍ കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടവരാണ് സമരം നടത്തിക്കൊണ്ടിരിക്കുന്നത്. തങ്ങളെപ്പോലെ തന്നെ അയര്‍ലണ്ടില്‍ വെള്ളത്തിന് പണം അടയ്‌ക്കേണ്ടിവരുന്ന സാധാരണക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനാണ് ഡെട്രോയിറ്റ് വാട്ടര്‍ ബ്രിഗേഡ് പ്രവര്‍ത്തകര്‍ വരുന്നത്. 

Scroll To Top