Wednesday December 07, 2016
Latest Updates

എന്റെ പിഴ, എന്റെ മാത്രം പിഴ: ബ്രസീല്‍ കോച്ച് സ്‌കൊളാരി

എന്റെ പിഴ, എന്റെ മാത്രം പിഴ: ബ്രസീല്‍ കോച്ച് സ്‌കൊളാരി

ബെലൊ ഹോറിസോണ്ടെ: ജര്‍മനിയോട് നാണംകെട്ട പരാജയം എറ്റുവാങ്ങി ലോകകപ്പില്‍ നിന്ന് പുറത്തായ ബ്രസീല്‍ ടീമിന് വേണ്ടി കോച്ച് ലൂയി ഫിലിപ്പെ സ്‌കൊളാരി ആരാധകരോട് മാപ്പ് പറഞ്ഞു. സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ കപ്പ് ഉയര്‍ത്താമെന്ന പ്രതീക്ഷയിലായിരുന്നു ബ്രസീല്‍. എന്നാല്‍ ഇന്നലെ നടന്ന ആദ്യ സെമിയില്‍ ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്കാണ് ബ്രസീല്‍ നാണംകെട്ട പരാജയം ഏറ്റുവാങ്ങിയത്. സൂപ്പര്‍ താരം നെയ്മറിന്റെ അഭാവമല്ല പരാജയത്തിലേക്ക് വഴി വച്ചതെന്നും സ്‌കൊളാരി പറഞ്ഞു.

ഈ പരാജയത്തിനു ഞാനാണ് ഉത്തരവാദി. എന്റേതായിരുന്നു എല്ലാ തീരുമാനങ്ങളും. ടീം ലൈനപ്പ് തീരുമാനിച്ചതും ഞാനാണ്. ആദ്യഗോള്‍ വീണതോടെ ടീമിന്റെ താളം തെറ്റി, ഇതെന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിനമാണ്. ഈ നാണംകെട്ട തോല്‍വിക്ക് ഞാന്‍ ബ്രസീലിന്റെ ആരാധകരോട് മാപ്പു ചോദിക്കുന്നു സ്‌കൊളാരി പറഞ്ഞു. പരാജയത്തിലും ടീമിന് പിന്തുണ നല്കിയ എല്ലാ ആരാധകരോടും നന്ദി പറയുന്നുവെന്നും സ്‌കൊളാരി പറഞ്ഞു.

നെയ്മര്‍ ഇല്ലാത്തത് കൊണ്ടാണ് തോറ്റതെന്ന് കരുതുന്നില്ലെന്നും സ്‌കൊളാരി പറഞ്ഞു. പരാജയത്തിന്റെ ഉത്തരവാദിത്വം നെയ്മറിന്റെ അഭാവത്തില്‍ കെട്ടി വയ്ക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും സ്‌കൊളാരി പറഞ്ഞു. ശനിയാഴ്ചത്തെ ലൂസേഴ്‌സ് ഫൈനലില്‍ ടീം ഫോമിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷിലാണ് അദ്ദേഹം.

Scroll To Top