Wednesday December 07, 2016
Latest Updates

എന്തൊരു കരുതല്‍ ! സര്‍ക്കാര്‍ സംരക്ഷണത്തിലിരിക്കുമ്പോള്‍ ആത്മഹത്യകള്‍ പെരുകുന്നു.

എന്തൊരു കരുതല്‍ ! സര്‍ക്കാര്‍ സംരക്ഷണത്തിലിരിക്കുമ്പോള്‍ ആത്മഹത്യകള്‍ പെരുകുന്നു.

ഡബ്ലിന്‍ :സാമൂഹ്യക്ഷേമ വകുപ്പിന്റെ സംരക്ഷണത്തിലിരിക്കേ കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയതത് 9കുട്ടികള്‍. എച്ച്എസ്ഇയുടെ പരിചരണത്തില്‍ തുടരുമ്പോഴോ സംരക്ഷണ കാലഘട്ടം കഴിഞ്ഞ് വീടുകളില്‍ തിരിച്ചെത്തിയ സമയത്തോ ആയാണ് കുട്ടികള്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്.

നാഷണല്‍ റിവ്യൂ പാനല്‍ പുറത്തുവിട്ട കണക്കുകളിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ അടങ്ങിയിരിക്കുന്നത്. 2012ല്‍ മാത്രം 23 കുട്ടികളും ചെറുപ്പക്കാരുമാണ് മരിച്ചിരിക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇവരെല്ലാവരും തന്നെ എച്ച്എസ്ഇയുടെ സംരക്ഷണയില്‍ കഴിഞ്ഞവരോ നിലവില്‍ കഴിയുന്നവരോ ആയിരുന്നു. എന്നാല്‍ അതിനു മുന്‍പുള്ള വര്‍ഷം ഇതേസ്ഥാനത്ത് 15 മരണങ്ങളാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം മരിച്ച കുട്ടികളില്‍ 11 പേര്‍ ആണ്‍കുട്ടികളും 12പേര്‍ പെണ്‍കുട്ടികളുമായിരുന്നു. ഇവരില്‍ 18ഓളം കുട്ടികള്‍ എച്ച്എസ്ഇ സംരക്ഷണ കാലം കഴിഞ്ഞ് സ്വന്തം വീടുകളില്‍ തിരികെയെത്തിയവരുമായിരുന്നു. മൂന്നുപേര്‍ അപ്പോഴും ചൈല്‍ഡ് കെയറില്‍ തന്നെയായിരുന്നു. ബാക്കിയുള്ള രണ്ടുപേര്‍ ചൈല്‍ഡ് കെയര്‍ വിട്ട് പുറത്തുവന്നവരും.

ഇതില്‍ ഒമ്പതുമരണങ്ങളും ആത്മഹത്യ തന്നെയായിരുന്നു. എന്നാല്‍ ഒരു കുട്ടി കൊല്ലപ്പെടുകയാണുണ്ടായത്.
മരിച്ച 23കുട്ടികളില്‍ 7പേര്‍ 17നും 20നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. ആറുപേര്‍ 11നും 16നും ഇടയില്‍ പ്രായമുള്ളവരും രണ്ടുപേര്‍ 6നും 10നും ഇടയില്‍ പ്രായമുള്ളവരുമായിരുന്നു. നാലുപേര്‍ 1നും 5നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. ബാക്കിയുള്ള നാലുപേരും ഒരുവയസ്സ് ആവാത്ത കുഞ്ഞുങ്ങളുമായിരുന്നു.

9 ആത്മഹത്യകളും ഒരു കൊലപാതകവും കഴിഞ്ഞ് മറ്റുള്ള മരണങ്ങള്‍ അസുഖങ്ങള്‍ മൂലമോ റോഡ് ആക്‌സിഡന്റുകള്‍ കാരണമോ സംഭവിച്ചതായിരുന്നു. കഴിഞ്ഞ ദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സമിതി 2010 മുതല്‍ 2012 വരെയുള്ള ശിശുമരണ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഈ മൂന്നു വര്‍ഷത്തെ പഠനങ്ങള്‍ അനുസരിച്ച് നോക്കിയാല്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ ആത്മഹത്യകളാണ്.
60 കുട്ടികളാണ് ഈ മൂന്നുവര്‍ഷത്തെ കാലയളവില്‍ മരണപ്പെട്ടത്. അതില്‍ 16 എണ്ണം ആത്മഹത്യകളായിരുന്നു. ആത്മഹത്യ ചെയ്തവരില്‍ ഏഴുപേര്‍ പെണ്‍കുട്ടികളും ഒന്‍പതുപേര്‍ ആണ്‍കുട്ടികളുമാണെന്ന് പഠനം വ്യക്തമാക്കുന്നുണ്ട്. ഇവരില്‍ ഒരു കുട്ടി മരണസമയത്തും എച്ച്എസ്ഇ സംരക്ഷണയിലായിരുന്നു. ആത്മഹത്യ ചെയ്തവരില്‍ ഏറ്റവും പ്രായം കുറഞ്ഞകുട്ടിയുടെ പ്രായം 13 വയസ്സായിരുന്നു. ഏറ്റവും മുതിര്‍ന്ന കുട്ടിക്ക് 19വയസ്സാണുണ്ടായിരുന്നത്. 15ഉം 16 വയസ്സുള്ള കുട്ടികളാണ് കൂടുതലും ആത്മഹത്യയിലേക്ക് നീങ്ങിയത്.
സര്‍ക്കാര്‍ സംരക്ഷണയിലുള്ള കുട്ടികളെ കുറിച്ച് പഠനം നടത്താന്‍ 2010 മാര്‍ച്ചിലാണ് നാഷണല്‍ റിവ്യൂ പാനലിനോടാവശ്യപ്പെട്ടത്. ഇതിന്റെ പ്രധാന ഉദ്ദേശ്യം സംരക്ഷണ സേവനങ്ങളുടെ കാര്യക്ഷമത പരിശോധിക്കുകയായിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം റിവ്യൂ പ്രസിദ്ധീകരിച്ചുകൊണ്ട് ഡോക്ടര്‍ ബക്ലേ പറഞ്ഞത് നിരാശാ ജനകമായ കാര്യങ്ങളാണ്. വളരെ വേദനാജനകമായ പല സംഭവങ്ങളിലൂടെയും റിവ്യൂ തയ്യാറാക്കുന്നതിന്റെ ആവശ്യാര്‍ത്ഥം കടന്നുപോകേണ്ടിവന്നിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഏതു വിഭാഗത്തിലാണ് കുറവുകള്‍ സംഭവിക്കുന്നതെന്നും ഏതുതരം പ്രവര്‍ത്തനങ്ങളാണ് ഇനി എച്ച്എസ്ഇയുടെ ഭാഗത്തുനിന്നുമുണ്ടാവേണ്ടതെന്നും ഈ റിവ്യൂ തുറന്നു കാട്ടുന്നുണ്ടെന്നും ഡോക്ടര്‍ ബക്ലേ പറഞ്ഞു.
ശിശു സംരക്ഷണ കാര്യങ്ങളിലും സേവന വിവരങ്ങള്‍ വിവരങ്ങള്‍ നല്‍കുന്നതിലും പെട്ടെന്നു തന്നെ പുനപരിശോധനകളും മാറ്റങ്ങളും വരുത്തണമെന്ന് റിവ്യൂ നിര്‍ദ്ദേശിക്കുന്നുണ്ട്.
കുട്ടികളെ ആത്മഹത്യാ പ്രേരണകളില്‍പ്പെടാതെ മാറ്റിക്കൊണ്ടുവരണമെങ്കില്‍ വളരെയധികം ശ്രദ്ധ നല്‍കണമെന്നും റിവ്യൂ നിര്‍ദ്ദേശിക്കുന്നു.

Scroll To Top