Friday December 09, 2016
Latest Updates

എണ്‍പതുകാരിയ്ക്ക് കൊലക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ

എണ്‍പതുകാരിയ്ക്ക് കൊലക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ

ആലപ്പുഴ: പരസഹായമില്ലാതെ എഴുന്നേറ്റ് നില്ക്കാന്‍ കഴിയാത്ത 80 കാരിക്ക് ജീവപര്യന്തം തടവുശിക്ഷയും 10000 രൂപ പിഴയും. ആലപ്പുഴ അരൂക്കുറ്റി സ്വദേശിയായ യശോദാമ്മ എന്ന 80 കാരിക്കാണ് തടവ് ശിക്ഷ ലഭിച്ചത്. യശോദാമ്മയുടെ മകന്‍ വിനയചന്ദ്രനും ശിക്ഷ ലഭിച്ചിട്ടുണ്ട്. അയല്‍വാസിയായചന്ദ്രന്റെ ഭാര്യ സതി എന്ന 45 കാരിയെ കുത്തിക്കൊന്ന കേസിലാണ് അമ്മയ്ക്കും മകനും തടവ് ശിക്ഷ ലഭിച്ചത്.

2011 മാര്‍ച്ച് 22ന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. യശോദാമ്മയും അയല്‍വാസിയായ സതിയും തമ്മില്‍ നിരന്തരം വഴക്കുണ്ടാകുമായിരുന്നു. സംഭവ ദിവസവും അയല്‍വാസികള്‍ തമ്മില്‍ വഴക്കുണ്ടായി. ഇത് കണ്ടുകൊണ്ടുവന്ന വിനയചന്ദ്രന്‍ സതിയെ കുത്തിക്കൊല്ലുകയായിരുന്നു. കേസില്‍ ഗൂഡാലോചനക്കുറ്റം ചുമത്തിയാണ് യശോദാമ്മയെ അറസ്റ്റ് ചെയ്തത്. സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും ശിക്ഷിച്ചത്.

2011മാര്‍ച്ച് 23ന് റിമാന്‍ഡ് ചെയ്യുമ്പോള്‍ തന്നെ യശോദാമ്മ അവശനിലയിലായിരുന്നു. തുടര്‍ന്ന് റിമാന്‍ഡ് കാലാവധി കഴിഞ്ഞപ്പോള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നുവെങ്കിലും ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ ആരും വന്നില്ല. ഇതേതുടര്‍ന്ന് റിമാന്‍ഡ് നീട്ടിനല്കി. പിന്നീട് ജാമ്യം ലഭിച്ചുവെങ്കിലും ഏതാനും മാസത്തിനു ശേഷം ജാമ്യം റദ്ദായി വീണ്ടും ജയിലിലായി.

2013 ആഗസ്തില്‍ വിചാരണ തുടങ്ങിയതോടെ തിരുവനന്തപുരം വനിതാ ജയിലില്‍നിന്ന് ആലപ്പുഴ സബ് ജയിലിലേക്ക് ഇവരെ മാറ്റി. ഇപ്പോള്‍ ശിക്ഷ ലഭിച്ചതോടെ ഇനി ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കേണ്ട പരിതാപകരമായ അവസ്ഥയിലാണ് ഈ വൃദ്ധ.

Scroll To Top