Tuesday December 06, 2016
Latest Updates

എച്ച് എസ് ഇ : സെന്റ് വിന്‍സന്റ്റ്‌സിന് സമയം നീട്ടികൊടുത്തു ,സെന്റ് ജെയിംസസടക്കം ഫണ്ട് കട്ടിംഗില്‍ നിന്നും രക്ഷ നേടി

എച്ച് എസ് ഇ : സെന്റ് വിന്‍സന്റ്റ്‌സിന് സമയം നീട്ടികൊടുത്തു ,സെന്റ് ജെയിംസസടക്കം ഫണ്ട് കട്ടിംഗില്‍ നിന്നും രക്ഷ നേടി

ഡബ്ലിന്‍:പബ്ലിക് പേ പോളിസിയുമായി ഒത്തുപോകില്ല എന്ന തീരുമാനത്തില്‍ സെന്റ് വിന്‍സെന്റ് ആശുപത്രി ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ഇന്ന് മുതല്‍ ഫണ്ടിംഗില്‍ നിന്നും 20ശതമാനം വെട്ടിക്കുറയ്ക്കുമെന്ന ഭീഷണിയില്‍ നിന്ന് എച്ച്എസ്ഇ തല്ക്കാലം പിന്‍മാറി.ഏപ്രില്‍ മാസം വരെ സെന്റ് വിന്‍സന്റ്‌സ് ആശുപത്രിയ്ക്ക് പോളിസി മാറ്റത്തിനുള്ള സമയം ലഭിക്കും.

ആശുപത്രിയുടെ കടുംപിടുത്തം രോഗികളുടെ സുരക്ഷിതത്വത്തെപ്പോലും ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും അവസാന നിമിഷം എച്ച് എസ് ഇ യും ആശുപത്രി അധികൃതരും ധാരണയില്‍ എത്തുകയായിരുന്നു.

ആശുപത്രി വക്താവ് അറിയിച്ചത് എച്ച്എസ്ഇ തങ്ങള്‍ക്ക് മാര്‍ച്ച് അവസാനം വരെ സമയം തന്നിരുന്നുവെന്നും എന്നാല്‍ പെട്ടെന്ന് ഈ ആഴ്ച്ചയിലേക്ക് മാറ്റുകയായിരുന്നുവെന്നുമാണ്. യാതൊരു മുന്നറിയിപ്പും കൂടാതെയാണ് ഇപ്പോള്‍ പെട്ടെന്ന് ഇത്തരത്തിലൊരു നടപടി എന്നും ആശുപത്രി വക്താവ് ആരോപിച്ചിരുന്നു.ഇത്തരം ഒരു ധാരണ ഉണ്ടെന്ന് എച്ച് എസ് ഇ യും അഗീകരിക്കുകയായിരുന്നു.

അതേസമയം ആരോപണവിധേയമായ അഞ്ചില്‍ നാലു വളണ്ടറി ഹോസ്പിറ്റലുകളും ചാരിറ്റികളും ഇനിയും എച്ച്എസ്ഇയുടെ നിര്‍ദ്ദേശം പൂര്‍ണ്ണമായും പാലിച്ചു പ്രവര്‍ത്തിച്ചു കൊള്ളാമെന്ന് എച്ച് എസ് ഇ യ്ക്ക് ഉറപ്പു നല്കി. സെന്റ് ജെയിംസ് ഹോസ്പിറ്റല്‍, ബ്രദേര്‍സ് ഓഫ് ചാരറ്റി, സൗത്തും സൗത്ത് ഈസ്റ്റും, സെന്റ് ജോണ്‍സ് ഓഫ് ഗോഡും ആണ് ഇപ്പോള്‍ എച്ച്എസ്ഇയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊള്ളാമെന്ന് സമ്മതിച്ച് ഫണ്ട് കട്ടിംഗില്‍ നിന്നും രക്ഷ നേടിയത് .

ഫെബ്രുവരി 21നു മുന്‍പാകെ എച്ച്എസ്ഇയുടെ ആവശ്യം അംഗീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഫണ്ടിംഗില്‍ നിന്നും 20ശതമാനം എച്ച്എസ്ഇ കട്ടു ചെയ്യും എന്നാണ് ആശുപത്രികള്‍ക്ക് എച്ച്എസ്ഇ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.

സീനിയര്‍ അധികൃതര്‍ക്കും മാനേജര്‍മാര്‍ക്കും എച്ച്എസ്ഇ അനുവദിച്ചതില്‍ കൂടുതല്‍ ശമ്പളം നിലവില്‍ വരുത്തി എന്ന വിവാദം മാസങ്ങളായി ചൂടുപിടിച്ചുകൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാനും എച്ച്എസ്ഇ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച്ചയിലാണ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് എച്ച്എസ്ഇ 38 ഏജന്‍സികള്‍ക്കും ആശുപത്രികള്‍ക്കുമായി ഏഴു ദിവസത്തെ സമയം അനുവദിച്ചത്.

ഈ പ്രശ്‌നത്തിന് ഒരു അന്തിമ തീരുമാനം മാര്‍ച്ച് അവസാനത്തോടെ തന്നെ ഉണ്ടാക്കുമെന്ന് ആര്‍ടിഇ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ എച്ച്എസ്ഇ ഡയറക്ടര്‍ ജനറല്‍ ടോണി ഒ’ബ്രിയാന്‍ പറഞ്ഞിരുന്നു.

ഈ വാരാന്ത്യത്തില്‍ തന്നെ എച്ച്എസ്ഇ അധികൃതരുമായി സെന്റ് വിന്‍സെന്റ് ആശുപത്രി മാനേജ്‌മെന്റ് ചര്‍ച്ച നടത്തും. ആശുപത്രിയിലെ സീനിയര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ അധിക ശമ്പള വിവരങ്ങള്‍ ഇതിനോടകം തന്നെ ആശുപത്രി അധികൃതര്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു.

Scroll To Top