Friday December 09, 2016
Latest Updates

ഋഷിരാജ് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സുരക്ഷ സംഘത്തിലേക്ക്

ഋഷിരാജ് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സുരക്ഷ സംഘത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരുമായി പിണങ്ങി അവധിയില്‍ പ്രവേശിച്ച ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സുരക്ഷ സംഘത്തിലേക്ക്. കഴിഞ്ഞ ഏതാനും മാസങ്ങളായി അദ്ദേഹം കേന്ദ്ര ഡെപ്പ്യൂട്ടേഷനിലേക്ക് മടങ്ങാന്‍ ശ്രമിക്കുകയായിരുന്നു. അതിനിടയിലാണ് സീറ്റ് ബെല്‍റ്റ് വിവാദം വന്നത്.

അതോടെ ഋഷിരാജ് സിംഗ് സംസ്ഥാനത്തെ സേവനം അവസാനിപ്പിച്ച് കേന്ദ്രത്തിലേക്ക് മടങ്ങാന്‍ പൂര്‍ണ്ണമായി തീരുമാനിച്ചു എന്നാണ് സൂചന. ഇപ്പോള്‍ ഡല്‍ഹിയിലുള്ള ഋഷിരാജ് സിംഗ് പ്രധാനമന്ത്രിയുടെ സുരക്ഷാ സംഘത്തില്‍ പ്രവേശിക്കാനുള്ള നീക്കം സജീവമാക്കിയതായും റിപ്പോര്‍ട്ടുണ്ട്. മോഡി സംഘത്തിലെ പല സിവില്‍ സര്‍വീസുകാരും ഋഷിരാജ് സിങ്ങിന്റെ സുഹൃത്തുക്കളാണ്. ഇവര്‍ മുഖേനയാണ് ഇദ്ദേഹം പ്രധാനമന്ത്രിയുടെ സുരക്ഷ സംഘത്തിലേക്ക് നിയമനത്തിനായി ശ്രമിക്കുന്നത്.

ആര്യാടന്‍ മുഹമ്മദ് ഗതാഗത മന്ത്രിയായിരുന്ന കാലത്താണ് ഋഷിരാജ് സിംഗിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി കേരളത്തിലേക്ക് തിരികെ കൊണ്ടുവന്നത്. എന്നാല്‍ മന്ത്രി മാറിയതോടെ വകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ ഋഷിരാജ് സിംഗ് അതൃപ്തനായിരുന്നു. ഇതോടെയാണ് ഋഷിരാജ് സിംഗ് കേന്ദ്ര സര്‍വീസിലേക്ക് തിരികെ പോകാന്‍ ശ്രമം തുടങ്ങിയത്. കാറില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ റദ്ദാക്കിയതോടെ ഋഷിരാജ് സിംഗ് സംസ്ഥാന സര്‍ക്കാരുമായി പൂര്‍ണ്ണ അകല്‍ച്ചയിലായി.

Scroll To Top