Saturday December 10, 2016
Latest Updates

ഉള്ളത് പറഞ്ഞാല്‍ കള്ളന് തുള്ളല്‍ വരും, ഈ ഗാര്‍ഡയുടെ ഒരു കാര്യം ..

ഉള്ളത് പറഞ്ഞാല്‍ കള്ളന് തുള്ളല്‍ വരും, ഈ ഗാര്‍ഡയുടെ ഒരു കാര്യം ..

ഡബ്ലിന്‍:അസ്വസ്ഥ ജനകമായ ആക്രമണ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയ സൈറ്റുകളിലും പോസ്റ്റ് ചെയ്യരുതെന്ന് ഗാര്‍ഡ. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സെന്റപാട്രിക്‌സ് ദിന പരേഡുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങളുടെ അനേകം ഫോട്ടോകളും വാര്‍ത്തകളും ഓണ്‍ലൈന്‍ വഴി ഒഴുകാന്‍ തുടങ്ങിയതോടെയാണ് അധികൃതര്‍ നടപടിയുമായി എത്തിയത്.

തിങ്കളാഴ്ച നടന്ന പരേഡില്‍ പ്രകോപനം കൂടാതെ ഒരു യുവാവ് ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ മറ്റൊരാള്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഇത്തരം സംഭവങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് ഗാര്‍ഡ കര്‍ക്കശ നിലപാടുമായി രംഗത്ത് വന്നത്.

സെന്റ് പാട്രിക് ദിന പരേഡിനിടയില്‍ ഡബ്ലിനിലെ ആസ്റ്റണ്‍ ക്വേയില്‍ ഏറ്റുമുട്ടിയ രണ്ടു യുവാക്കളെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ അറസ്റ്റിന്റെ പശ്ചാത്തലത്തിലാണ് ഗാര്‍ഡ കര്‍ശന നിര്‍ദ്ദേശം നല്കിയത്. ഡബ്ലിന്‍ 2 ഏരിയയില്‍ നിന്നും 16 വയസ്സ് പ്രായമുള്ള യുവാക്കളാണ് പിടിയിലായത്. പോലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്. ഈ ദൃശ്യങ്ങള്‍ വൈറലായി പടരുകയും അതിന് പിന്നാലെ ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുതെന്ന് ആള്‍ക്കാരോട് ഗാര്‍ഡാ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. അതേസമയം ഗാര്‍ഡായുടെ ഈ നിര്‍ദ്ദേശം പലരും അവഗണിച്ചിരിക്കുകയാണ്. ഫൂട്ടേജ് തങ്ങളുടെ അവകാശമാണെന്നും അവര്‍ പറഞ്ഞു.

കുടിയേറ്റക്കാരുടെ മേലുള്ള ആക്രമണങ്ങള്‍ ഒളിപ്പിച്ച് വെക്കാനുള്ള ഗാര്‍ഡയുടെയും അധികൃതരുടെയും തന്ത്രമാണിതെന്നും പറയപ്പെടുന്നു.രാജ്യത്തിന്റെ ഇമേജ് കാത്തു സൂക്ഷിക്കാനുള്ള തന്ത്രപ്പാടാണ് ഇത്തരം നിര്‍ദേശങ്ങള്‍ എന്ന് വിവിധ കുടിയേറ്റ സംഘടനകള്‍ ആരോപിച്ചു.

ഇന്ത്യാക്കാരടക്കം ഇരയാക്കപ്പെട്ട നിരവധി സംഭവങ്ങളാണ് കഴിഞ്ഞ കാലങ്ങളില്‍ മറച്ചു വയ്ക്കപ്പെട്ടത്. ഇന്ത്യന്‍ നഗരങ്ങളില്‍ അടുത്തകാലത്ത് നടന്ന ബലാത്സംഗങ്ങളും മറ്റും ‘ആഘോഷിച്ച’ഐറിഷ് മാധ്യമങ്ങള്‍ അടക്കമുള്ള പാശ്ചാത്യ മാധ്യമങ്ങള്‍ സ്വന്തം കുറ്റങ്ങള്‍ മറച്ചു വയ്ക്കാനുള്ള ശ്രമങ്ങള്‍ അപലപനീയമാണെന്ന്‌മൈഗ്രന്റ്‌സ് ഫോറം അടക്കമുള്ള വിവിധ സംഘടനാ നേതാക്കള്‍ പറയുന്നു.

അതേസമയം സംഭവത്തില്‍ അന്വേഷണം നടത്തിയ ഗാര്‍ഡായ്ക്ക് ഫൂട്ടേജ് കുറ്റവാളികളെ തിരിച്ചറിയാന്‍ സഹായകമായി മാറി. സാക്ഷികളും കുറ്റവാളികള്‍ക്കെതിരേ മൊഴി നല്‍കിയിട്ടുണ്ട്. 40 സെക്കന്റുകള്‍ നീണ്ടു നില്‍ക്കുന്ന വീഡിയോ ഫേസ്ബുക്കിലും ട്വിറ്ററിലുമായിരുന്നു പോസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് വീഡിയോ എടുത്തുമാറ്റുകയായിരുന്നു.

Scroll To Top