Wednesday December 07, 2016
Latest Updates

ഉമ്മന്‍ ചാണ്ടിയുടെ കടുത്തുരുത്തി പ്രസംഗം വിവാദമാകുന്നു:കോട്ടയത്തെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് പരാതി 

ഉമ്മന്‍ ചാണ്ടിയുടെ കടുത്തുരുത്തി പ്രസംഗം വിവാദമാകുന്നു:കോട്ടയത്തെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് പരാതി 

കോട്ടയം:കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കടുത്തുരുത്തി പ്രസംഗം തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും വ്യാജ വാഗ്ദാനം നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും ആരോപിച്ചാണ് അതിവേഗ റെയില്‍ വിരുദ്ധ സമരസമിതി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്. 

കടുത്തുരുത്തിയില്‍ ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കവെ അതിവേഗ റെയില്‍പാത ഉപേക്ഷിയ്ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചതായി സമരസമിതി ആരോപിയ്ക്കുന്നു. ഇതേത്തുടര്‍ന്ന് വോട്ടു ബഹിഷ്‌ക്കരിക്കുന്നതിനായി തയ്യാറെടുത്ത ജനങ്ങള്‍ തീരുമാനം മാറ്റി. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം നടത്തിയ അന്വേഷണത്തില്‍ സര്‍ക്കാര്‍ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുകയാണെന്ന് വ്യക്തമായി. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ കപടവാഗ്ദാനം ചെയ്തതിനാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് സമിതിയുടെ ആവശ്യം. 

തിരുവനന്തപുരത്തു നിന്നും സംസ്ഥാനത്തിന്റെ വടക്കേയറ്റമായ കാസര്‍കോട്ടെത്താന്‍ കേവലം 142 മിനിട്ട് മതിയെന്നതാണ് പദ്ധതിയുടെ മേന്മയായി ഉയര്‍ത്തിക്കാട്ടുന്നത്. പദ്ധതിയ്ക്കായി കേരള ഹൈസ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ പുരോഗമിയ്ക്കുകയാണ്. ഡി.എം.ആര്‍.സിയുടെ മേല്‍നോട്ടത്തിലെ സാധ്യതാ പഠനത്തിന് ശേഷം പാതയ്ക്കായി അടയാളപ്പെടുത്തലും കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ജനകീയ പ്രതിഷേധങ്ങളെ തുടര്‍ന്ന് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞു നീങ്ങവെയാണ് പുതിയ വിവാദം ഉയര്‍ന്നിരിക്കുന്നത്.

Scroll To Top