Saturday December 10, 2016
Latest Updates

ഉപഭോക്തൃ വഞ്ചന: സൂപ്പര്‍ വാല്യു, ടെസ്‌കോ തുടങ്ങിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കെതിരെ നടപടി 

ഉപഭോക്തൃ വഞ്ചന: സൂപ്പര്‍ വാല്യു, ടെസ്‌കോ തുടങ്ങിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കെതിരെ നടപടി 

ഡബ്ലിന്‍: ഉപഭോക്താക്കളെ വഞ്ചിച്ചു കൊണ്ടിരിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കെതിരെ നാഷണല്‍ കണ്‍സ്യൂമര്‍ ഏജന്‍സി നടപടി തുടങ്ങി. വില വിവരം പ്രദര്‍ശിപ്പിക്കാതെയും യഥാര്‍ത്ഥ വിലയിലും കൂടുതല്‍ ഈടാക്കിയും ഉപഭോക്താക്കളെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കെതിരെയാണ് അധികൃതര്‍ നടപടി ശക്തമാക്കിയത്. ഈ വര്‍ഷത്തിന്റെ ആദ്യ 6 മാസം കൊണ്ട് സ്വീകരിച്ച നടപടികളാണ് അധികൃതര്‍ പുറത്ത് വിട്ടത്. ആറ് മാസത്തിനകം 39 എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ വെളിപ്പെടുത്തി. 

സൂപ്പര്‍ വാല്യൂ, ടെസ്‌കോ, സ്പാര്‍, പിസി വേള്‍ഡ് തുടങ്ങിയ പ്രമുഖ കമ്പനികള്‍ക്കെതിരെയാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. സാധനങ്ങള്‍ക്ക് യഥാര്‍ത്ഥ വിലയേക്കാള്‍ കൂടുതല്‍ ഈടാക്കിയ സംഭവങ്ങളില്‍ മാത്രം പത്തോളം സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കിയതായി കണ്‍സ്യൂമര്‍ ഏജന്‍സി വ്യക്തമാക്കി. കില്‍റുഷില്‍ പ്രവര്‍ത്തിക്കുന്ന ടെസ്‌കോ, റിംഗ്‌സെന്‍ഡിലെ സ്പാര്‍, ബിര്‍ ഔട്ട്‌ലെറ്റുകള്‍, സ്വോര്‍ഡ്‌സിലെ സൂപ്പര്‍ വാല്യു തുടങ്ങിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കാണ് അധിക വില ഈടാക്കിയതിന് നോട്ടീസ് നല്‍കിയത്. 

വില വിവരം പ്രദര്‍ശിപ്പിക്കാത്ത സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് 29 ഓളം ഫൈനുകള്‍ ഈടാക്കി. വണ്ടിയുടെ മൈലെജിനെക്കുറിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച വികെ മോട്ടോഴ്‌സിനെതിരെയും നടപടി സ്വീകരിച്ചതായി കണ്‍സ്യൂമര്‍ ഏജന്‍സി വ്യക്തമാക്കി. ഡിസ്റ്റന്‍സ് സെല്ലിംഗ് നിയമങ്ങള്‍ ലംഘിച്ച ക്രിസ്മസ് ഡയറക്റ്റ് വെബ്‌സൈറ്റിനെതിരെയും നടപടി സ്വീകരിച്ചു.

Scroll To Top