Saturday December 10, 2016
Latest Updates

ഈ മലയാളി പയ്യന് മുന്‍പില്‍ ഇന്ന് ഡബ്ലിന്‍ അടിയറവ് പറയുമോ ? നഗരം കാത്തിരിക്കുന്നു…

ഈ മലയാളി പയ്യന് മുന്‍പില്‍ ഇന്ന് ഡബ്ലിന്‍ അടിയറവ് പറയുമോ ? നഗരം കാത്തിരിക്കുന്നു…

ഡബ്ലിന്‍ :ഡബ്ലിനിലെ ഗ്രാഫ്റ്റന്‍ സ്ട്രീറ്റില്‍ ഇന്ന് ഒരു മലയാളി ചെറുപ്പക്കാരന്‍ ഒറ്റയ്‌ക്കൊരു യുദ്ധം നടത്താനൊരുങ്ങുകയാണ്.ആര്‍ക്കെങ്കിലും തന്നെ ചെസ്സ് കളിച്ചു തോത്പ്പിക്കാമോ എന്നൊരു വെല്ലുവിളിയുമായാണ് ഇദ്ദേഹം ഇന്ന്  അയര്‍ലണ്ടിന്റെ തലസ്ഥാന നഗരത്തില്‍ വിലസുക. അയര്‍ലണ്ടിന്റെ കായിക ചരിത്രത്തില്‍ ഇതിനകം തന്നെ വ്യക്തിമുദ്ര പതിപ്പിച്ച ഗുരുവായൂര്‍ ഒരുമനയൂരിലെ അരവിന്ദ് മേനോനാണ് ഈ വില്ലാളി.

തീരെ നിസ്സാരക്കാരനൊന്നുമല്ലെന്ന് നേരത്തേ തെളിയിച്ചു കഴിഞ്ഞയാളാണ് ഈ പയ്യന്‍ . മൂന്ന് തവണയാണ് ആള്‍ അയര്‍ലണ്ട് അണ്ടര്‍ഏജ് നാഷണല്‍ ചെസ്സ് ചാമ്പ്യന്‍ പട്ടം പിടിച്ചെടുത്തത്. ഏറ്റുട്ടാന്‍ വരുന്ന ആരോടും ഒരു കൈ നോക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു അരവിന്ദ് മേനോന്‍.ucd arvind

ഞായറാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 6 മണി വരെ ഗ്രാഫ്റ്റന്‍ സ്ട്രീറ്റില്‍ അരവിന്ദ് ഉണ്ടാകും.സ്പീഡ് ചെസ്സ് കളിക്കാന്‍. മുന്‍ നാഷണല്‍ ചാമ്പ്യനെ തോല്‍പ്പിക്കാനായാല്‍ വെറുതെയൊന്നുമാവില്ല മത്സരം.സമ്മാനങ്ങള്‍ നിങ്ങള്‍ക്കും ലഭിക്കും.

ഒരു ‘റോയല്‍ കോസി’ന് വേണ്ടിയാണ് അരവിന്ദിന്റെ ഈ അശ്വമേഥം.ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ മനുഷ്യാവകാശവികസന മേഖലകളില്‍ പ്രോജക്ടുകള്‍ നടത്തുന്ന യൂ സി ഡി വോളണ്ടിയെഴ്‌സ് ഓവര്‍സീസിന്റെ ധനശേഖരണാര്‍ഥമാണ് ഈ യജ്ഞം .യൂ സി ഡി യില്‍ ബിരുദ വിദ്യാര്‍ഥിയാണ് അരവിന്ദ് .

വി എച്ച് ഐ യിലെ ഉദ്യോഗസ്ഥനായ പ്രശസ്ത ചെസ്സ് ട്രെയിനര്‍ കൂടിയായ പിതാവ് ജയദേവ് വല്ലത്തിനും മാതാവ് അഡ്വ.ജയ തറയിലിനുമൊപ്പം സാന്‍ഡിഫോര്‍ഡിലാണ് ഇപ്പോള്‍ അരവിന്ദ് താമസിക്കുന്നത്.അച്ഛന്റെ ശിക്ഷണവും ,സഹോദരി ലോക ചെസ്സ് ഫിഡെ മാസ്റ്റര്‍ പൂര്‍ണ്ണിമ ജയദേവിന്റെ പ്രോത്സാഹനവും അരവിന്ദിന് കരുത്തേകുന്നു.

ചതുരംഗ പലകയൊരുക്കി കാത്തിരിക്കുന്ന അരവിന്ദ് എന്ന പതിനെട്ട് വയസുകാരനോട് പൊരുതാന്‍ അയര്‍ലണ്ടിലെ പ്രമുഖ കളിക്കാര്‍ അടക്കം എത്തിചേരുമെന്നാണ് സൂചനകള്‍.അരവിന്ദിനോട് കളിക്കാന്‍ കാസ്പറോവിനെ പോലും ക്ഷണിക്കാമെന്നുള്ള അഭിപ്രായക്കാരാണ് കില്‍ക്കനിയിലെ കായിക പ്രേമികള്‍.ഏതാനം വര്‍ഷം മുന്‍പ് വരെ കില്‍ക്കനിയില്‍ താമസിച്ചിരുന്ന അരവിന്ദിന്റെ കരുത്ത് മറ്റാരെക്കാള്‍ അറിയാവുന്നത് അവര്‍ക്കാണല്ലോ?

അരവിന്ദിന്റെ വെല്ലുവിളി സ്വീകരിക്കാന്‍ ആര്‍ക്കും ഇന്ന്  ഗ്രാഫ്റ്റന്‍ സ്ട്രീറ്റില്‍ എത്താം.അഥവാ ‘ഡബ്ലിനെ’തോല്‍പ്പിക്കാന്‍ ചങ്കൂറ്റമുള്ള ഈ മലയാളത്തിന്റെ പുത്രന് പിന്തുണ നല്‍കാന്‍ അവിടെയെത്താം. ‘റോയല്‍ കോസി’ന് സംഭാവന നല്‍കാനായില്ലെങ്കിലും നമ്മുടെ പിന്തുണയും പ്രാര്‍ഥനയും അരവിന്ദ് ആഗ്രഹിക്കുന്നുണ്ട്.കാര്യം നിസ്സാരമല്ലല്ലോ ?കളി ഡബ്ലിനോടല്ലേ ?like-and-share

Scroll To Top