Saturday December 03, 2016
Latest Updates

ഈ പോക്ക് പോയാല്‍ അയര്‍ലണ്ട് നന്നാവില്ലെന്ന് ജര്‍മ്മന്‍ പാര്‍ലിമെന്റ് സമിതി 

ഈ പോക്ക് പോയാല്‍ അയര്‍ലണ്ട് നന്നാവില്ലെന്ന് ജര്‍മ്മന്‍ പാര്‍ലിമെന്റ് സമിതി 

ഡബ്ലിന്‍: അയര്‍ലണ്ടിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ജര്‍മനി. ഇന്നത്തെ നിലയില്‍ പോയാല്‍ അയര്‍ലണ്ട് ദീര്‍ഘകാല അടിസ്ഥാനത്തില്‍ പ്രതീക്ഷിച്ച സാമ്പത്തിക വളര്‍ച്ചനേടില്ലെന്ന് ജര്‍മനിയുടെ പാര്‍ലമെന്റ് ഫിനാന്‍സ് കമ്മറ്റി. ബഹുരാഷ്ട്ര
കമ്പനികള്‍ക്ക് നേരിയ നികുതി ഇളവ് നല്‍കുന്നത് ഒഴിച്ചാല്‍ അഭ്യന്തര സാമ്പത്തികനില മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഒന്നും അയര്‍ലണ്ട് ചെയ്യുന്നില്ലെന്ന് ജര്‍മന്‍ പാര്‍ലമെന്റ് സമിതി കുറ്റപ്പെടുത്തി.

ജൂണ്‍ 16 മുതല്‍ 18 വരെ ജര്‍മനിയില്‍ നിന്നുള്ള ഗ്രീന്‍ എംപി ജെറാര്‍ഡ് ഷിക്കിന്റെ നേതൃത്വത്തില്‍ അയര്‍ലണ്ട് സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍. മന്ത്രിമാരായ മൈക്കല്‍ നൂനന്‍, ബ്രെണ്ടന്‍ ഹൌളിന്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ സംഘം സെന്‍ട്രല്‍ ബാങ്ക്, നാമ, ഐഎംഎഫ്, ഐറിഷ് ബാങ്ക് പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി.

തുടര്‍ന്ന് അയര്‍ലണ്ടിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ച് ഏഴു പേജുള്ള റിപ്പോര്‍ട്ടാണ് ജര്‍മന്‍ പാര്‍ലമെന്റ് സമിതി തയ്യാറാക്കിയത്. ബ്രിട്ടന്റെ ടാക്‌സ് സംവിധാനങ്ങള്‍ അടക്കമുള്ള മാതൃകകളെ അനുകരീക്കാനുള്ള ശ്രമങ്ങള്‍ മാത്രമാണ് അയര്‍ലണ്ട് നടത്തുന്നതെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി.സ്വന്തം പ്രശ്‌നങ്ങള്‍ക്ക് അനുയോജ്യമായ സ്വന്തം പരിഹാരങ്ങള്‍ കാണുവാനാണ് അയര്‍ലണ്ട് ശ്രമിക്കേണ്ടത്.

രാജ്യത്തിന്റെ ആകെ ദേശിയ ഉത്പാദനത്തിന്റെ 11 ഇരട്ടിയോളം വരുന്ന ആസ്തിയുള്ള നൂറുകണക്കിന് കമ്പനികളാണ് യാതൊരു വിധ സര്‍ക്കാര്‍ നിയന്ത്രണങ്ങളുമില്ലാതെ അയര്‍ലണ്ടില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.രാജ്യത്തിന് തൊഴിലവസരങ്ങള്‍ പോലും നല്‍കാതെയും ,ഇവിടെ ഓഫിസുകള്‍ പോലും പ്രവര്‍ത്തിപ്പിക്കാതെയും പേരിനു മാത്രം പ്രവര്‍ത്തിച്ചു വന്‍ ലാഭം കൊയ്യുന്ന ഇത്തരം കമ്പനികള്‍ക്ക് നേരെ പോലും മൃദുല സമീപനമാണ് അയര്‍ലണ്ട് കൈക്കൊള്ളുന്നതെന്ന് ജര്‍മന്‍ പാര്‍ലിമെന്റ് സമിതി കുറ്റപ്പെടുത്തി.യൂറോപ്യന്‍ യൂണിയന്റെ തന്നെ സാമ്പത്തികാവസ്ഥയെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് സമിതി വിലയിരുത്തി 

Scroll To Top