Sunday December 04, 2016
Latest Updates

ഈസ്റ്റ് ലിങ്ക് ടോള്‍ പിരിവ് ,സിറ്റി കൗണ്‍സില്‍ ഏറ്റെടുക്കും :4 മില്ല്യന്റെ അധിക വരുമാനം

ഈസ്റ്റ് ലിങ്ക് ടോള്‍ പിരിവ് ,സിറ്റി കൗണ്‍സില്‍ ഏറ്റെടുക്കും :4 മില്ല്യന്റെ അധിക വരുമാനം

ഡബ്ലിന്‍: ഈസ്റ്റ് ലിങ്ക് ടോള്‍ബ്രിഡ്ജിലൂടെ യാത്രചെയ്യുന്ന വാഹന ഉപഭോക്താക്കളില്‍ നിന്നും തുടര്‍ന്നും ടോള്‍ ചാര്‍ജ് ഈടാക്കാന്‍ ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ തീരുമാനിച്ചു. 30 വര്‍ഷത്തെ പ്രൈവറ്റ് കോണ്‍ട്രാക്ട് പൂര്‍ത്തിയാക്കിയതിനു ശേഷവും ടോള്‍ പിരിവുകള്‍ സാധാരണ നിലയില്‍ തന്നെ തുടരട്ടെയെന്നാണ് സിറ്റി കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത്.
1984 മുതല്‍ തുടര്‍ന്നുപോരുന്ന ടോള്‍ പിരിവുകള്‍ കോണ്‍ട്രാക്ട് തീര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കാനായി കൗണ്‍സിലര്‍മാരോട് ആവശ്യപ്പെട്ടിരുന്നു. അടുത്ത വര്‍ഷത്തോടെ കോണ്‍ട്രാക്ട് അവസാനിക്കുകയാണ്.
വാര്‍ഷിക ടോള്‍ നികുതിയായി ലഭിക്കുന്ന 4.2 മില്ല്യന്‍ യൂറോ തുടര്‍ന്നും സ്വീകരിക്കാനായി കൗണ്‍സിലര്‍മാര്‍ തീരുമാനിച്ച വിവരം അടുത്ത് ആഴ്ച്ച സിറ്റി എന്‍ജിനീയറായ മൈക്കല്‍ ഫിലിപ്‌സ് അറിയിക്കും. 1984ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഡോക്ടര്‍ ഗാരറ്റ് ഫിറ്റ്‌സ്‌ജെറാള്‍ഡ് ആണ് പാലം തുറന്നുകൊടുത്തത്. പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പിലുള്ള അയര്‍ലണ്ടിലെ ആദ്യത്തെ ടോള്‍ബ്രിഡ്ജ് ഇതാണ്.
2010 വരെ ഇവിടത്തെ ടോള്‍ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് നാഷണല്‍ ടോള്‍ റോഡ്‌സാണ്. എന്നാല്‍ അതിനുശേഷം ടോള്‍പിരിവ് അവകാശം ഡച്ച് കമ്പനിയായ ഡിഐഎഫിന് വില്‍ക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ലാഭമായി ലഭിച്ചത് 4.2 മില്ല്യന്‍ യൂറോയാണ്. ഇതില്‍ 58.34 ശതമാനം ഡിഐഎഫിന് തന്നെ സ്വന്തം. ബാക്കിയുള്ളതില്‍ 25 ശതമാനം ഡബ്ലിന്‍ പോര്‍ട്ട് കമ്പനിക്കും 16.66 ശതമാനം കൗണ്‍സിലിനും വന്നുചേരുകയാണ് ചെയ്തത്.
പബ്ലിക് പ്രൈവറ്റ് കോണ്‍ട്രാക്ട് അവസാനിക്കുന്നതോടെ ടോള്‍ പിരിവ് പൂര്‍ണ്ണമായും കൗണ്‍സിലിന്റെ പിടിയിലൊതുങ്ങുമെന്നാണ് മൈക്കല്‍ ഫിലിപ്‌സ് അറിയിക്കുന്നത്.
ഡിസിസിയുടെ കീഴില്‍ മുഴുവന്‍ ഉത്തരവാദിത്വങ്ങളും ലാഭങ്ങളും വരുമെന്നും അടുത്ത വര്‍ഷം കോണ്‍ട്രാക്ട് അവസാനിക്കുന്നതോടെ ഡബ്ലിന്‍ പോര്‍ട്ട് കമ്പനിക്കോ ഡിഐഎഫിനോ ഇതില്‍ യാതൊരു ഉത്തരവാദിത്വങ്ങളോ അവകാശങ്ങളോ ഉണ്ടായിരിക്കുകയില്ലെന്നും ഫിലിപ്‌സ് കൂട്ടിച്ചേര്‍ത്തു.

Scroll To Top