Saturday December 03, 2016
Latest Updates

ഈസ്റ്റര്‍ റൈസിംഗ് സെഞ്ചുറി ആഘോഷത്തില്‍ ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളെ പങ്കെടുപ്പിക്കുന്നതിനെതിരെ ഡബ്ലിന്‍ മേയര്‍

ഈസ്റ്റര്‍ റൈസിംഗ് സെഞ്ചുറി ആഘോഷത്തില്‍ ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളെ പങ്കെടുപ്പിക്കുന്നതിനെതിരെ ഡബ്ലിന്‍ മേയര്‍

ഡബ്ലിന്‍: ഡബ്ലിനില്‍ നടക്കാനിരിക്കുന്ന ഈസ്റ്റര്‍ റൈസിംഗ് സെഞ്ചുറി ആഘോഷത്തില്‍ ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളെ പങ്കെടുപ്പിക്കുന്നതിനെതിരെ ഡബ്ലിന്‍ മേയര്‍ ക്രിസ്റ്റി ബര്‍ക്ക് രംഗത്ത്. 1916 ലെ ഈസ്റ്റര്‍ റൈസിംഗ് സെഞ്ചുറി ആഘോഷത്തിലേക്കാണ് ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളെ ക്ഷണിച്ചിരിക്കുന്നത്. ബര്‍ക്ക് ഇന്നലെ ബ്രിട്ടീഷ് അംബാസഡറുയും ലണ്ടന്‍ ഡെപ്പ്യൂട്ടി മേയറുമായും ഡബ്ലിനില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ തന്റെ വിയോജിപ്പ് തുറന്ന് പ്രകടിപ്പിച്ചു. 

ബ്രിട്ടീഷ് പ്രതിനിധികള്‍ക്ക് തന്റെ ആശങ്ക മനസിലായതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ക്രിസ്റ്റി ബര്‍ക്ക് പറഞ്ഞു. ആഘോഷ പരിപാടിയില്‍ ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളെ പങ്കെടുപ്പിക്കുന്നതിനെതിരെ താന്‍ ഡബ്ലിന്‍ കൌണ്‍സിലില്‍ പ്രമേയം അവതരിപ്പിക്കുമെന്നും ബര്‍ക്ക് പറഞ്ഞു. നേരത്തെ സിന്‍ ഫിന്‍ നേതാവായിരുന്ന ക്രിസ്റ്റി ബര്‍ക്ക് 2009 ല്‍ പാര്‍ട്ടി വിട്ടു ഈ വര്‍ഷം സ്വതന്ത്രനായി മത്സരിച്ചാണ് മേയറായത്. തനിക്ക് ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളോട് വ്യക്തിപരമായ ഒരു എതിര്‍പ്പുമില്ലെന്നും രാജകുടുംബാംഗങ്ങളെ ക്ഷണിച്ചതില്‍ ജനങ്ങളുടെ പ്രതിഷേധമാണ് താന്‍ രേഖപ്പെടുത്തുന്നതെന്നും ക്രിസ്റ്റി ബര്‍ക്ക് പറഞ്ഞു. 

നിരവധി പേര്‍ തങ്ങളുടെ പ്രതിഷേധം തന്നെ നേരിട്ട് അറിയിച്ചതായും ബര്‍ക്ക് പറഞ്ഞു. അയര്‍ലണ്ടില്‍ ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കുന്നതിനായി അയര്‍ലണ്ടിലെ റിപ്പബ്ലിക്കന്‍സ് നടത്തിയ പോരാട്ടമാണ് ഈസ്റ്റര്‍ റൈസിംഗ് എന്ന പേരില്‍ അറിയപ്പെടുന്നത്. അതിന്റെ നൂറാം വാര്‍ഷികാഘോഷത്തില്‍ ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളെ തന്നെ ക്ഷണിക്കുന്നത് ഈസ്റ്റര്‍ റൈസിംഗിള്‍ ജീവന്‍ ബലിയര്‍പ്പിച്ച രക്തസാക്ഷികളോടുള്ള അവഹേളനമാണെന്ന് അയര്‍ലണ്ടില്‍ വ്യാപകമായി അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. 

Scroll To Top