Friday December 09, 2016
Latest Updates

ഇസ്രയേലിനെതിരെ യുഎന്‍ അന്വേഷണം: അയര്‍ലണ്ട് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതിനെതിരെ രൂക്ഷ വിമര്‍ശനം

ഇസ്രയേലിനെതിരെ യുഎന്‍ അന്വേഷണം: അയര്‍ലണ്ട് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതിനെതിരെ രൂക്ഷ വിമര്‍ശനം

ഡബ്ലിന്‍: ഗാസ വിഷയം അയര്‍ലണ്ടിലും ചൂടുപിടിക്കുന്നു. ഇസ്രായേലിന്റെ യുദ്ധ കുറ്റകൃത്യങ്ങളില്‍ അന്വേഷണത്തിനു ശുപാര്‍ശ ചെയ്യുന്ന ഐക്യരാഷ്ട്ര സഭയുടെ വോട്ടെടുപ്പില്‍ നിന്ന് അയര്‍ലണ്ട് അയര്‍ലണ്ട് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. പ്രതിപക്ഷ കക്ഷികളും ഗാസ അനുകൂല സംഘടനകളും ഗവണ്‍മെന്റിന്റെ തീരുമാനത്തെ അപലപിച്ചു. നാണംകെട്ട തീരുമാനമാണ് ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. 

ഇസ്രായേലിന്റെ യുദ്ധ കുറ്റകൃത്യങ്ങളില്‍ അന്വേഷണം ശുപാര്‍ശ ചെയ്യുന്ന പ്രമേയം യുഎന്‍ മനുഷ്യാവകാശ സമിതിയാണ് കൊണ്ടുവന്നത്. എന്നാല്‍ മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കൊപ്പം അയര്‍ലണ്ടും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രമേയം മുന്‍ധാരണയോട് കൂടിയതും അസന്തുലിതവുമെന്ന് ആരോപിച്ചാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്. ഇന്നലെ അവതരിപ്പിച്ച പ്രമേയം 29 വോട്ടുകള്‍ നേടി പാസായി. അമേരിക്ക മാത്രം പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. അയര്‍ലണ്ട് ഉള്‍പ്പെടെ 17 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. 

അതേസമയം വോട്ടെടുപ്പില്‍ നിന്ന് അയര്‍ലണ്ട് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച നടപടി അങ്ങേയറ്റം നാണംകെട്ടതാണെന്ന് ഫിനാഫാള്‍ സെനറ്റര്‍ അവേരില്‍ പവര്‍ പറഞ്ഞു. രണ്ടാഴ്ചക്കിടെ ഗാസയില്‍ ഇസ്രയേല്‍ ഏഴുനൂറിലധികം പേരെ കൊന്നൊടുക്കി. ഇതില്‍ 150 ല്‍ അധികം കുട്ടികളുണ്ട്. ഈ സംഭവങ്ങളില്‍ യുഎന്‍ അന്താരാഷ്ട്ര അന്വേഷണം തീരുമാനിക്കുമ്പോള്‍ അയര്‍ലണ്ട് വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്ന തീരുമാനം ഞെട്ടിക്കുന്നതാണെന്ന് സെനറ്റര്‍ പറഞ്ഞു. ഐറിഷ് പാലസ്തീന്‍ സോളിഡാരിറ്റി സമിതിയും ഗവണ്‍മെന്റിന്റെ തീരുമാനത്തെ കുറ്റപ്പെടുത്തി. മനപൂര്‍വം നിരപരാധികളെ കൊന്നൊടുക്കുന്നത് യുദ്ധ കുറ്റകൃത്യമല്ലെങ്കില്‍ പിന്നെ എന്താണെന്നു പാലസ്തീന്‍ സോളിഡാരിറ്റി ചോദിച്ചു. 

ഇസ്രയേല്‍ പാലസ്തീനില്‍ നടത്തുന്ന കിരാത ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം ഏഴുനൂറു കവിഞ്ഞു.ഇന്നലെ ഗാസയില്‍ യു.എന്‍ അഭയാര്‍ത്ഥി കാമ്പിന് നേരെ ഇസ്രായേല്‍ ഷെല്‍ ആക്രമണം നടത്തി.ഐക്യ രാഷ്ട്ര സമിതി പാലസ്തീനികള്‍ക്കായി നടത്തുന്ന യുഎന്‍ സ്‌കൂളിന് നേരെയാണ് ഇന്നലെ ആക്രമണം നടന്നത്.

ആക്രമണത്തില്‍ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം 15 പേര്‍ കൊല്ലപ്പെട്ടതായും ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റതായുമാണ് വിവരം. ആക്രമണത്തിന് മുമ്പ് ഇസ്രായേലില്‍ നിന്നും മുന്നറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് യുഎന്‍ അധികൃതര്‍ അറിയിച്ചു.

ജനവാസ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്നതിന് മുമ്പ് ഇസ്രായേല്‍ വിമാനങ്ങളില്‍ ലഘുലേഖകള്‍ വിതരണം ചെയ്യാറുണ്ടായിരുന്നു. ഇത്തവണ യാതൊരു മുന്നറിയിപ്പും നല്‍കിയിരുന്നില്ല. ഐക്യരാഷ്ട്ര സഭയുടെ സ്‌ക്കൂളുകളില്‍ 1,18,000 ഓളം അഭയാര്‍ത്ഥികളാണുള്ളത്.

ഇസ്രായേല്‍ ആക്രമണത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍ തീരുമാനിച്ചിരുന്നു. ജനീവയില്‍ ചേര്‍ന്ന ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതിയുടെ അടിയന്തരയോഗത്തിലാണ് തീരുമാനം. ഗാസയിലെ ഇസ്രയേല്‍ ആക്രമണം യുദ്ധകുറ്റമെന്ന് യുഎന്‍ മനുഷ്യാവകാശ സമിതി ചൂണ്ടിക്കാട്ടിയിരുന്നു.

അതിനിടെ, ഇസ്രയേല്‍ ആക്രമണത്തില്‍ മരിച്ച പലസ്തനീനകളുടെ എണ്ണം710 കവിഞ്ഞു. 32ഓളം ഇസ്രയേലികളും ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്. ഗാസയില്‍ നിന്നുള്ള റോക്കറ്റാക്രമണത്തെ തുടര്‍ന്ന് ഇസ്രയേലിലെ വ്യോമഗതാഗതം ഇന്നലെ തടസപ്പെട്ടു. ടെല്‍ അവീവിലേക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ് 



Scroll To Top