Wednesday December 07, 2016
Latest Updates

ഇലക്ഷനില്‍ നില്‍ക്കുന്നത് വെറുതെയല്ല,പുതിയ കൗണ്‍സിലര്‍മാരെ കാത്തിരിക്കുന്നത് കനത്ത ശമ്പളം

ഇലക്ഷനില്‍ നില്‍ക്കുന്നത് വെറുതെയല്ല,പുതിയ കൗണ്‍സിലര്‍മാരെ കാത്തിരിക്കുന്നത് കനത്ത ശമ്പളം

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ലോക്കല്‍ ഇലക്ഷനില്‍ ജയിക്കുന്ന കൌണ്‍സിലര്‍മാര്‍ക്ക് ഉയര്‍ന്ന ശമ്പളം. പ്രതിവര്‍ഷം 30,000 യൂറോ വരെയാണ് ജയിക്കുന്ന കൌണ്‍സിലര്‍മാര്‍ക്ക് മിനിമം വേതനം ലഭിക്കാന്‍ പോകുന്നത്. കൌണ്ടി, സിറ്റി കൌണ്‍സിലര്‍മാര്‍ക്ക് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 52 മില്യന്‍ വരെ ശമ്പളം ലഭിച്ചതായി ഐറിഷ് മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. സാലറി, അലവന്‍സ്, ഫീസ്, മറ്റ് ചെലവുകള്‍ എന്നിവയുള്‍പ്പെടെയാണ് കൌണ്‍സിലര്‍മാര്‍ക്ക് ഇത്രയും വേതനം ലഭിക്കുന്നത്. 

883 കൌണ്‍സിലര്‍മാരാണ് രാജ്യത്ത് ആകെയുള്ളത്. ഇവര്‍ക്കായി ആകെ ചെലവഴിക്കുന്ന 52.2 മില്യന്‍ യൂറോയില്‍ 29.3 മില്യന്‍ കൌണ്‍സിലര്‍മാരുടെ ശമ്പളത്തിനായാണ് ചെലവഴിക്കുന്നത്. ബാക്കി 22.9 മില്യന്‍ കൌണ്‍സിലര്‍മാരുടെ അലവന്‍സുകള്‍, ഫീസ്, മറ്റ് ചെലവുകള്‍ എന്നിവയ്ക്കായി ചെലവഴിക്കുന്നു. കൌണ്‍സിലര്‍മാര്‍ക്ക് ലഭിക്കുന്ന വേതനത്തില്‍ കുറച്ച് തുക നികുതി അടയ്‌ക്കേണ്ടതും മറ്റൊരു വിഭാഗം നികുതി അടയ്‌ക്കെണ്ടാത്തതുമാണ്. പലരും ഈ ഉയര്‍ന്ന വേതനം കൊതിച്ചാണ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതെന്ന്മുന്‍ ഡബ്ലിന്‍ മേയര്‍ ഡെര്‍മോട്ട് ലേസി പറഞ്ഞു. 

വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് കൌണ്‍സിലര്‍മാരുടെ വേതനം സംബന്ധിച്ച കണക്കുകള്‍ പുറത്തുവന്നത്. ശരാശരി 29,469 യൂറോയാണ് ഒരു കൌണ്‍സിലര്‍ക്ക് നല്കുന്നത്. ചൈന, ജപ്പാന്‍, അബുദാബി തുടങ്ങിയ രാജ്യങ്ങളിലേക്ക് കൌണ്‍സിലര്‍മാരുടെ ഔദ്യോഗിക ട്രിപ്പിനു 200,000 യൂറോ വരെ ചെലവഴിച്ചതായി പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിവിധ കോണ്‍ഫ്രണ്‍സുകള്‍ക്കായി 3 മില്യന്‍ യൂറോ ചെലവഴിച്ചു. 

വേതനമായും മറ്റ് അലവന്‍സുകളായും ഏറ്റവുമധികം തുക കൈപ്പറ്റുന്നതു ഫിനഗേല്‍ കൌണ്‍സിലര്‍മാരാണ്. കഴിഞ്ഞ ഫിന കൌണ്‍സിലര്‍മാര്‍ ശരാശരി 30,731 യൂറോയാണ് വേതനം കൈപ്പറ്റിയത്. രണ്ടാം സ്ഥാനത്ത് ലേബര്‍ കൌണ്‍സിലര്‍മാരാണുള്ളത്. ലേബര്‍ കൌണ്‍സിലര്‍മാര്‍ ശരാശരി 29,254 വീതം കഴിഞ്ഞ വര്‍ഷം കൈപ്പറ്റി. ഫിയാന ഫെയ്ല്‍ കൌണ്‍സിലര്‍മാര്‍ 27,303 യൂറോയും സിന്‍ ഫിന്‍ കൌണ്‍സിലര്‍മാര്‍ ശരാശരി 24,396 യൂറോയും കൈപ്പറ്റി.

Scroll To Top