Sunday December 11, 2016
Latest Updates

ഇറാഖില്‍ 40 ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി; മലയാളി നഴ്‌സുമാര്‍ ദുരിതത്തില്‍

ഇറാഖില്‍ 40 ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി; മലയാളി നഴ്‌സുമാര്‍ ദുരിതത്തില്‍

ബാഗ്ദാദ്: ആഭ്യന്തര കലാപം രൂക്ഷമായ ഇറാഖില്‍ നിന്ന് 40 ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. ഇറാഖിലെ മുസൂളില്‍ നിന്നാണ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്. നിര്‍മ്മാണ തൊഴിലാളികളെയാണ് തട്ടിക്കൊണ്ടുപോയത്. ഐഎസ്‌ഐ ഭീകരരാണ് സംഭവത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. മുസൂള്‍ ഇപ്പോള്‍ തീവ്രവാദികളുടെ നിയന്ത്രണത്തിലാണ്.

തട്ടിക്കൊണ്ടുപോയവരില്‍ മലയാളികള്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടില്ല. തട്ടിക്കൊണ്ടുപോകല്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ സുരേഷ് റെഡ്ഡിയെ ഇന്ത്യ ബാഗ്ദാദിലേക്ക് അയച്ചു. ബാഗ്ദാദില്‍ മുന്‍ ഇന്ത്യന്‍ സ്ഥാനപതിയായിരുന്നു സുരേഷ് റെഡ്ഡി.

ഇതിനിടെ ബാഗ്ദാദില്‍ കുടുങ്ങിയ മലയാളികള്‍ കടുത്ത ദുരിതത്തിലാണെന്നാണ് റിപ്പോര്‍ട്ട്. മലയാളികള്‍ സുരക്ഷിതരാണെന്നും കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും വാദിക്കുമ്പോഴും പുറത്ത് പലര്‍ക്കും നാട്ടിലെത്താന്‍ ഇനിയും വഴി തെളിഞ്ഞിട്ടില്ല. ബാഗ്ദാദില്‍ 46 മലയാളി നഴ്‌സുമാരാണ് ജോലി ചെയ്യുന്നത്. ഇതില്‍ 36 പേരും മടങ്ങി വരാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി മന്ത്രി കെസി ജോസഫ് ഇന്നലെ നിയമസഭയെ അറിയിച്ചിരുന്നു.

എന്നാല്‍ പുറത്ത് കടക്കാനാകാത്ത സാഹചര്യമായതിനാല്‍ ആര്‍ക്കും എയര്‍പോര്‍ട്ട് വരെ എത്തിച്ചേരാന്‍ കഴിയുന്നില്ലെന്നാണ് ബാഗ്ദാദില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഏറ്റുമുട്ടല്‍ രൂക്ഷമായതിനാല്‍ പുറത്ത് ഇറങ്ങരുതെന്നാണ് മലയാളി നഴ്‌സുമാര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.

Scroll To Top