Thursday December 08, 2016
Latest Updates

ഇറാഖില്‍ മുസ്ലീം തീവ്രവാദികളുടെ പീഡനത്തിന് ഇരയാവുന്ന ക്രൈസ്തവരെ ഐക്യരാഷ്ട്ര സഭ രക്ഷിക്കണമെന്ന് പാത്രിയാര്‍ക്കിസ് ബാവ 

ഇറാഖില്‍ മുസ്ലീം തീവ്രവാദികളുടെ പീഡനത്തിന് ഇരയാവുന്ന ക്രൈസ്തവരെ ഐക്യരാഷ്ട്ര സഭ രക്ഷിക്കണമെന്ന് പാത്രിയാര്‍ക്കിസ് ബാവ 

മൊസൂള്‍  :ഇറാഖില്‍ മുസ്ലീം തീവ്രവാദികളുടെ പീഡനത്തിനു ഇരയാകുന്ന ക്രൈസ്തവരെ ഐക്യരാഷ്ട്ര സഭ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആകമാന സുറിയാനി സഭയുടെ അധ്യക്ഷന്‍ ഇഗ്‌നേഷ്യസ് അപ്രേം രണ്ടാമന്‍ പാത്രിയാര്‍ക്കിസ് ബാവ യൂ എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണിന് കത്തയച്ചു. ഇറാഖില്‍ ഐസിസ് തീവ്രവാദികള്‍ ആധിപത്യം സ്ഥാപിച്ചതോടെ ക്രിസ്ത്യാനികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും കൊടിയ പീഡനമാണ് ഏല്‌ക്കേണ്ടി വരുന്നത്. ഈ വിഷയത്തില്‍ ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ബാവ കത്തയച്ചത്. മൊസൂളില്‍ ഉണ്ടായിരുന്ന ക്രിസ്ത്യാനികളും ഷിയാക്കളും ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ ഐസിസ് ഭീഷണി ഭയന്ന് നഗരം വിട്ട് പലായനം ചെയ്തിരുന്നു.

മൊസൂളില്‍ അവശേഷിക്കുന്ന ക്രിസ്ത്യാനികള്‍ മതം മാറണമെന്നും ഇസ്ലാമിക് സ്റ്റേറ്റിലെ മത നികുതി നല്‍കണമെന്നുമാണ് ഐസിസ് ആവശ്യപ്പെട്ടത്. ഇതിനു തയ്യാറാകാത്തവര്‍ മൊസൂളില്‍ നിന്ന് പലായനം ചെയ്യണമെന്നും അല്ലാത്തവര്‍ വധിക്കപ്പെടുമെന്നും ഐസിസ് ഭീഷണി മുഴക്കിയിരുന്നു. ഇതോടെ നഗരത്തിലെ മുഴുവന്‍ ക്രിസ്ത്യാനികളും പലായനം ചെയ്തു. 2000 വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് ആദ്യമായി മൊസൂള്‍ ക്രിസ്ത്യാനികള്‍ ഇല്ലാത്ത നഗരമായി മാറി. സ്ഥിതിഗതികള്‍ ഇത്രയും വഷളായ സാഹചര്യത്തിലാണ് പാത്രിയാര്‍ക്കിസ് ബാവ ഐക്യരാഷ്ട്രസഭയുടെ സഹായം അഭ്യര്‍ത്ഥിച്ചത്. ഇറാഖിലും സിറിയയിലും ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളില്‍ മതിയായ അന്താരാഷ്ട്ര ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന് ഇഗ്‌നേഷ്യസ് അപ്രേം പാത്രിയാര്‍ക്കിസ് ബാവ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ആക്രമണങ്ങള്‍ ഗൗരവമായ മനുഷ്യാവകാശ ലംഘനമാണെന്ന് പാത്രിയാര്‍ക്കിസ് ബാവയുടെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മൊസൂളില്‍ നിന്ന് പലായനം ചെയ്ത ക്രിസ്ത്യാനികള്‍ കുര്‍ദിസ്ഥാനിലെക്കാന് പോയിരിക്കുന്നത്. ഇവരുടെ മനുഷ്യാവകാശം ഉറപ്പുവരുത്താന്‍ ബാന്‍കി മൂണും യുഎന്‍ സെക്യൂരിറ്റി കൌണ്‍സിലും ഇടപെടണമെന്ന് പാത്രിയാര്‍ക്കിസ് ബാവ ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മിഡില്‍ ഈസ്റ്റിലെ സഭ അധ്യക്ഷന്‍മാരുടെ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യാനും തീരുമാനിച്ചു.

Scroll To Top