Saturday December 03, 2016
Latest Updates

ഇറാഖില്‍ നിന്ന് മലയാളി നഴ്‌സുമാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം തുക അനുവദിച്ചു

ഇറാഖില്‍ നിന്ന് മലയാളി നഴ്‌സുമാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം തുക അനുവദിച്ചു

ന്യൂഡല്‍ഹി: ആഭ്യന്തര കലാപം രൂക്ഷമായ ഇറാഖില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാരെ നാട്ടില്‍ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങി. കുവൈറ്റിലെയും ബാഗ്ദാദിലെയും ഇന്ത്യന്‍ എംബസികള്‍ക്ക് കേന്ദ്രം ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. സുന്നി തീവ്രവാദികള്‍ കയ്യടക്കിയ തിക്രിത്തില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാരെ ബസ്രവഴി കരമാര്‍ഗം കുെവെത്തിലോ ബാഗ്ദാദിലോ എത്തിക്കാനാണ് ശ്രമം. തുടര്‍ന്ന് ഇവിടെ നിന്ന് വിമാനം മാര്‍ഗം നാട്ടിലെത്തിക്കും. ഇതിനായി കേന്ദ്ര പ്രവാസികാര്യമന്ത്രാലയത്തിന്റെ കീഴിലുള്ള ഐ.സി. ഡബ്ലു ഫണ്ടില്‍ നിന്നു തുക അനുവദിച്ചിട്ടുണ്ട്.

കലാപബാധിത പ്രദേശങ്ങളില്‍ നിന്നു രണ്ടു നഴ്‌സുമാരെ രക്ഷിച്ചിട്ടുണ്ടെന്നും അവര്‍ തര്‍ബലയില്‍ സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇവര്‍ മലയാളികളാണോ എന്ന വ്യക്തമല്ല. തിക്രിത്തില്‍ കുടുങ്ങിയ നഴ്‌സുമാരെ റോഡുമാര്‍ഗം കൊണ്ടുവരുന്നത് സുരക്ഷിതമല്ലെന്ന റെഡ്‌ക്രോസ് സൊസൈറ്റിയുടെ മുന്നറിയിപ്പാണു നിലവില്‍ പ്രശ്‌നം സൃഷ്ടിക്കുന്നത്. രണ്ടു ദിവസമെങ്കിലും കാത്തു നില്‍ക്കണമെന്നാണ് ഇന്ററര്‍ നാഷണല്‍ റെഡ് ക്രോസ് സൊസറ്റി ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

അതിനിടെ മലയാളികള്‍ക്ക് മടങ്ങാന്‍ ടിക്കറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. എത്ര മലയാളി നഴ്‌സുമാര്‍ ഇറാഖില്‍ കുടുങ്ങിയിട്ടുണ്ടെന്ന് കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെന്നും ആറ് പേര്‍ മാത്രമാണ് മന്ത്രി കെസി ജോസഫിനെ ബന്ധപ്പെട്ടതെന്നും മുഖ്യമന്ത്രി അറിയിച്ചു.

Scroll To Top