Saturday December 03, 2016
Latest Updates

ഇറാഖില്‍ തട്ടിക്കൊണ്ടുപോയവരുടെ മോചനത്തിന് പണം നല്‍കാനും തയ്യാറെന്ന് പഞ്ചാബ് മുഖ്യമന്ത്രി

ഇറാഖില്‍ തട്ടിക്കൊണ്ടുപോയവരുടെ മോചനത്തിന് പണം നല്‍കാനും തയ്യാറെന്ന് പഞ്ചാബ് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ഇറാഖില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ പണം നല്‍കാനും തയ്യാറാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍. തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ തൊഴിലാളികളില്‍ ഭൂരിപക്ഷം പേരും പഞ്ചാബില്‍ നിന്നുള്ളവരാണ്. ഇതില്‍ ഭൂരിപക്ഷം പേരും കെട്ടിട നിര്‍മ്മാണ തൊഴിലാളികളാണ്. തട്ടിക്കൊണ്ടു പോയവരില്‍ മലയാളികള്‍ ഉള്‍പ്പെട്ടതായി ഇതുവരെ റിപ്പോര്‍ട്ടില്ല. 40 തൊഴിലാളികളെയാണ് തട്ടിക്കൊണ്ടു പോയിരിക്കുന്നത്.

ഇവരുടെ മോചനത്തിനായി സര്‍ക്കാര്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. ഇതിനായി പണം നല്‍കാന്‍ പോലും തയ്യാറാണെന്ന് പ്രകാശ് സിംഗ് ബാദല്‍ പറഞ്ഞു. തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ തൊഴിലാളികളുടെ കുടുബങ്ങള്‍ സന്ദര്‍ശിച്ച് ആവശ്യമായ സഹായം ചെയ്യാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം തട്ടിക്കൊണ്ടുപോയ തൊഴിലാളികള്‍ സുരക്ഷിതരാണെന്നാണ് സൂചന. തങ്ങളെ ഒരു മില്ലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ഭക്ഷണം ലഭിക്കുന്നുണ്ടെന്നും ചാരന്‍ സിംഗ് എന്ന തൊഴിലാളി ഫോണിലൂടെ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.

അതേസമയം ഇന്ത്യന്‍ തൊഴിലാളികളെ തട്ടിക്കൊണ്ടു പോയ തീവ്രവാദ ഗ്രൂപ്പിനെക്കുറിച്ച് സൂചനയൊന്നുമില്ല. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു സംഘടനയും മുന്നോട്ട് വന്നിട്ടില്ല. ഒരു സംഘടനയും തൊഴിലാളികളുടെ മോചനത്തിനായി മോചനദ്രവ്യം ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടില്ല. അതിനിടെ തിക്രിത്തിലെ ആശുപത്രിയില കുടുങ്ങിയ നഴ്‌സുമാര്‍ക്ക് ഇപ്പോഴും പുറത്ത് കടക്കാനായിട്ടില്ല. ഏറ്റുമുട്ടല്‍ തുടരുന്നതിനാല്‍ റോഡ് മാര്‍ഗമുള്ള സഞ്ചാരം അസാധ്യമായിരിക്കുകയാണ്. അതുകൊണ്ട് തന്നെ നാട്ടിലേക്ക് മടങ്ങാനിരികുന്നവര്‍ക്ക് പോലും എയര്‍പോര്‍ട്ടില്‍ എത്തിച്ചേരാനാകുന്നില്ല.

Scroll To Top