Friday December 09, 2016
Latest Updates

ഇറാഖില്‍ ജിഹാദികളാകാന്‍ 30 ഐറിഷ് മുസ്ലീം ചെറുപ്പക്കാരും

ഇറാഖില്‍ ജിഹാദികളാകാന്‍ 30 ഐറിഷ് മുസ്ലീം ചെറുപ്പക്കാരും

ഡബ്ലിന്‍: ഇറാഖിലും സിറിയയിലും ജിഹാദികളാകാന്‍ ഐറിഷ് മുസ്ലീങ്ങളും. അയര്‍ലണ്ടില്‍ നിന്നുള്ള 30 ഓളം പേര്‍ ജിഹാദികളാകാന്‍ ഇറാഖിലേക്ക് പോയതായാണ് റിപ്പോര്‍ട്ട്. ഗാര്‍ഡയുടെ ഇന്റലിജന്‍സ് വിഭാഗമാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. തുടര്‍ച്ചയായ നിരീക്ഷണത്തിലൂടെയാണ് ഐറിഷ് ജിഹാദികളുടെ നീക്കം മനസിലായതെന്ന് ഗാര്‍ഡ വ്യക്തമാക്കി.കൂടാതെ അന്താരാഷ്ട്ര പോലീസ് ഏജന്‍സികളും ഇവരെ നിരീക്ഷിക്കുന്നുണ്ട്. ഇറാഖും സിറിയയും ഉള്‍പ്പെടെയുള്ള സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ നിന്ന് സംഘം മടങ്ങി എത്തിയാല്‍ അയര്‍ലണ്ടിലും സംഘര്‍ഷം ഉണ്ടായേക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു. ഈ പശ്ചാത്തലത്തില്‍ ഗാര്‍ഡ നിരീക്ഷണം ശക്തമാക്കി. 

ഐറിഷ് മുസ്ലീങ്ങളില്‍ നിന്ന് ചെറുപ്പക്കാരെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ജിഹാദികള്‍ ശ്രമിക്കുന്നുണ്ടോ എന്നും ഗാര്‍ഡ അന്വേഷിച്ചു വരുന്നു. എന്നാല്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്താല്‍ അയര്‍ലണ്ടില്‍ തീവ്രവാദ ഭീഷണി താരതമ്യേന കുറവാണെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്പില്‍ ബ്രിട്ടനില്‍ നിന്നും നിരവധി ചെറുപ്പക്കാര്‍ ജിഹാദികളാകാന്‍ ഇറാഖിലേക്ക് പോയിട്ടുണ്ട്. ഇതിനിടെ ഐറിഷ് ജിഹാദികളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഇതില്‍ ഒരാള്‍ 16 വയസുകാരനായ ഒരു ബാലനാണ്.

കഴിഞ്ഞ ദിവസം അമേരിക്കന്‍ പത്രപ്രവര്‍ത്തകനെ തലയറുത്ത് കൊന്ന സംഭവത്തില്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന തീവ്രവാദി ബ്രിട്ടീഷ് ആക്‌സന്റിലാണ് സംസാരിച്ചിരുന്നത്. ഇയാള്‍ക്കെതിരെ ബ്രിട്ടനും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്പില്‍ നിന്നുള്ള 2000 പേരെങ്കിലും സിറിയയിലും ഇറാഖിലും ജിഹാദികളായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

Scroll To Top