Saturday December 03, 2016
Latest Updates

ഇറാഖില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാരുടെ നില കൂടുതല്‍ പരുങ്ങലിലെന്ന് റിപ്പോര്‍ട്ട്

ഇറാഖില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാരുടെ നില കൂടുതല്‍ പരുങ്ങലിലെന്ന് റിപ്പോര്‍ട്ട്

ബാഗ്ദാദ്: ആഭ്യന്തര കലാപം രൂക്ഷമായ ഇറാഖില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാരുടെ നില കൂടുതല്‍ പരുങ്ങലിലെന്ന് റിപ്പോര്‍ട്ട്. തിക്രിത്തിലെ ആശുപത്രിയുടെ നിയന്ത്രണം ഏറ്റെടുത്ത തീവ്രവാദികളെ ഒഴിപ്പിക്കാന്‍ സൈന്യം ആശുപത്രിയുടെ പുറത്ത് പോരാട്ടം തുടങ്ങിയതാണ് മലയാളി നഴ്‌സുമാരുടെ സുരക്ഷയ്ക്ക് ഭീഷണി ആയിരിക്കുന്നത്. ഇന്നലെ വൈകിട്ട് ഇന്ത്യന്‍ സമയം 5 മണിയോടെ നാട്ടിലെ ബന്ധുക്കളെ വിളിച്ച മലയാളി നഴ്‌സുമാര്‍ തീവ്രവാദികള്‍ തങ്ങളോട് വാഹനത്തില്‍ കയറാന്‍ ആവശ്യപ്പെട്ടു എന്നാണ് പറഞ്ഞത്. പലരും പ്രാണഭീതിയില്‍ കരഞ്ഞു കൊണ്ടാണ് സംസാരിച്ചത്.

പ്രദേശത്തിന്റെ ഭൂരിപക്ഷവും വിമതരുടെ നിയന്ത്രണത്തിലായതിനാല്‍ ആശുപത്രിയുടെ സുരക്ഷിതത്വത്തിനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് വിമത തീവ്രവാദികള്‍ പറഞ്ഞതായി മലയാളി നഴ്‌സുമാര്‍ പറഞ്ഞു. സംഘര്‍ഷം അയയുമ്പോള്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റാമെന്ന് വിമത തീവ്രവാദികള്‍ പറഞ്ഞതായും മലയാളി നഴ്‌സുമാര്‍ പറഞ്ഞു. ഇതിനിടെ തിക്രിത്തില്‍ കുടുങ്ങിയ നഴ്‌സുമാരുമായി ഫോണില്‍ ബന്ധപ്പെടരുതെന്ന് വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

വിദേശകാര്യ വക്താവ് സയിദ് അക്ബറുദ്ദീന്‍ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മലയാളി നഴ്‌സുമാരുമായി നിരന്തരം ബന്ധപെടുന്നത് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോടും നശുമാരുടെ കുടുംബാംഗങ്ങളോടുമാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതിനിടെ നഴ്‌സുമാരെ ആശുപത്രി കെട്ടിടത്തിലെ തന്നെ ഒരു നിലവറയിലേക്ക് മാറ്റിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ആശങ്കയില്‍ കഴിയുകയാണ് മലയാളി നഴ്‌സുമാര്‍.

Scroll To Top