Friday December 09, 2016
Latest Updates

ഇറാഖില്‍ കുടുങ്ങിയ നഴ്‌സുമാരുടെ സര്‍ക്കാര്‍ കണക്ക് അപൂര്‍ണ്ണം; മലയാളികളുടെ ദുരവസ്ഥയെക്കുറിച്ച് ജാസ്മിന്‍ ഷാ സംസാരിക്കുന്നു

ഇറാഖില്‍ കുടുങ്ങിയ നഴ്‌സുമാരുടെ സര്‍ക്കാര്‍ കണക്ക് അപൂര്‍ണ്ണം; മലയാളികളുടെ ദുരവസ്ഥയെക്കുറിച്ച് ജാസ്മിന്‍ ഷാ സംസാരിക്കുന്നു

കൊച്ചി: ആഭ്യന്തര കലാപം രൂക്ഷമായ ഇറാഖില്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതരാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും പലരും പാതി മരിച്ച അവസ്ഥയിലാണെന്ന് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ. തിക്രിത്തിലെ ആശുപത്രിയില്‍ കുടുങ്ങിയ നഴ്‌സുമാരുടെ ജീവന്‍ സുരക്ഷിതമാണ് എന്നാല്‍ തങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെട്ടേക്കാം എന്ന അവസ്ഥയാണെന്നു തിക്രിത്തില്‍ നിന്ന് യുഎന്‍എയെ ബന്ധപ്പെട്ട നഴ്‌സുമാര്‍ പറഞ്ഞതായി ജാസ്മിന്‍ ഷാ വ്യക്തമാക്കി.

ആശുപത്രിയില്‍ കുടുങ്ങിയവര്‍ ദിവസങ്ങളായി ആശുപത്രിക്ക് ഉള്ളില്‍ തന്നെ കഴിയുകയാണ് പലര്‍ക്കും മാറി ഉടുക്കാന്‍ വസ്ത്രമില്ല. ശരിയായി ഭക്ഷണം ലഭിക്കുന്നില്ല. തിക്രിത്തില്‍ നിന്ന് ചില നഴ്‌സുമാര്‍ സംഘടന ഭാരവാഹികളുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി ജാസ്മിന്‍ ഷാ പറഞ്ഞു. ഫോണ്‍ സൗകര്യം എല്ലായ്‌പ്പോഴും ലഭിക്കില്ല. തിക്രിത്തില്‍ കുടുങ്ങിയ നഴ്‌സുമാര്‍ക്കാണ് നാട്ടിലേക്ക് ഫോണിലെങ്കിലും ബന്ധപ്പെടാന്‍ കഴിഞ്ഞത്. എന്നാല്‍ തിക്രിത്തും ബാഗ്ദാദും അല്ലാതെ മറ്റിടങ്ങളിലും മലയാളി നഴ്‌സുമാര്‍ ഉണ്ടാകാമെന്ന് യുഎന്‍എ പ്രസിഡന്റ് പറഞ്ഞു.

ബാഗ്ദാദില്‍ ജോലി ചെയ്യുന്ന ഒരു നഴ്‌സ് കഴിഞ്ഞ തവണ അവധിക്ക് വന്നപ്പോള്‍ തന്റെ ഒപ്പം 56 നഴ്‌സുമാര്‍ ഇറാഖില്‍ വിവിധ ഇടങ്ങളിലേക്ക് ജോലിക്ക് പോകുന്നതായി സംഘടനയെ അറിയിച്ചിരുന്നു. എന്നാല്‍ സംഘടനയുടെ അറിവില്ലാതെ ഇറാഖില്‍ എത്തിയ എത്രയോ പേര്‍ കലാപബാധിത പ്രദേശങ്ങളില്‍ ഉണ്ടാകുമെന്ന് യുഎന്‍എ ഭാരവാഹികള്‍ സംശയം പ്രകടിപ്പിച്ചു. സര്‍ക്കാരിന്റെ കണക്കില്‍പ്പെടാതെ ഇത്തരത്തില്‍ നിരവധി പേര്‍ ഇറാഖില്‍ ഉണ്ടാകാം. ആദ്യം കുവൈറ്റില്‍ 21 മലയാളി നഴ്‌സുമാര്‍ കുടുങ്ങിയതായാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ യുഎന്‍എ നല്കിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് തിക്രിത്തില്‍ നാല്‍പ്പതിലേറെ നഴ്‌സുമാര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് വ്യക്തമായത്.

മറ്റ് രാജ്യങ്ങള്‍ അവരുടെ പൗരന്മാരെ ഹെലികോപ്ടര്‍ അയച്ച് രക്ഷിക്കുന്നുണ്ട്. ഈ നടപടിയോട് തീവ്രവാദികള്‍ക്കും എതിര്‍പ്പില്ല. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാരെ രക്ഷിക്കാന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. യുദ്ധം അവസാനിച്ച് റോഡ് ഗതാഗതം പുനസ്ഥാപിക്കുന്നത് വരെ മലയാളി നഴ്‌സുമാര്‍ ഭീതിയില്‍ കാത്തിരിക്കണോ എന്ന് യുഎന്‍എ ചോദിക്കുന്നു. എന്തെങ്കിലും സംഭവിച്ച ശേഷം പ്രതികരിക്കാനാണോ സര്‍ക്കാര്‍ തീരുമാനമെന്നും യുഎന്‍എ ചോദിക്കുന്നു.

Scroll To Top