Saturday December 03, 2016
Latest Updates

ഇറാഖിലെ ദിയാലയിലും മലയാളി നഴ്‌സുമാര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്

ഇറാഖിലെ ദിയാലയിലും മലയാളി നഴ്‌സുമാര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്

ബാഗ്ദാദ് : ആഭ്യന്തര യുദ്ധം രൂക്ഷമായ ഇറാഖിലെ തിക്രിത്തില്‍ നിന്ന് മലയാളി നഴ്‌സുമാര്‍ തിരിച്ച് വന്നതിനു പിന്നാലെ ഇറാഖിലെ ദിയാലയിലും മലയാളി നഴ്‌സുമാര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. 19 മലയാളി നഴ്‌സുമാരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറാണെങ്കിലും രണ്ടു മാസമായി ശമ്പളം ലഭിച്ചിട്ടില്ല. അതുകൊണ്ട് 19 പേരും ശമ്പളം പ്രതീക്ഷിച്ച് ഇവിടെ തുടരാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

ആശുപത്രി അധികൃതര്‍ ഇവരെ വിട്ടയക്കാന്‍ തയ്യാറാകുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ നിന്ന് അറുപത്തിയഞ്ച് കിലോമീറ്ററോളം അകലെയാണ് ദിയാല എന്ന സ്ഥലം. ഇവിടെയുള്ള ബാക്വഹാ എന്ന ആശുപത്രിയിലാണ് മലയാളി നഴ്‌സുമാര്‍ കുടുങ്ങിക്കിടക്കുന്നത്. ഇറാഖില്‍ ആഭ്യന്തര യുദ്ധം രൂക്ഷമായത് മുതല്‍ മലയാളി ദിയാലയിലെ മലയാളി നഴ്‌സുമാര്‍ നാട്ടിലേക്ക് പോരാന്‍ തയ്യാറെടുത്തിരുന്നതാണ്. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇവര്‍ക്ക് മടങ്ങാനുള്ള അനുമതി നല്‍കിയില്ല.

എംബസി അധികൃതര്‍ കഴിഞ്ഞ ദിവസവും ആശുപത്രിയുമായി ബന്ധപ്പെട്ടെങ്കിലും അനുകൂലമായ തീരുമാനം മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് ദിയാലയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി നഴ്‌സുമാരില്‍ ഒരാളായ നീതുവിന്റെ ഭര്‍ത്താവ് പറഞ്ഞു. പലരും നാട്ടിലെ ജോലി ഉപേക്ഷിച്ചും ലക്ഷങ്ങള്‍ കടമെടുത്തുമാണ് ഇറാഖില്‍ ജോലിക്ക് എത്തിയത്. തികൃത്തിലെ നഴ്‌സുമാര്‍ക്ക് വേണ്ടി ഉണ്ടായ ഇടപെടല്‍ തങ്ങളുടെ മോചനത്തിനും ഉണ്ടാകണമെന്നാണ് ദിയാലയിലെ മലയാളി നഴ്‌സുമാരുടെ ആവശ്യം.

Scroll To Top