Sunday December 11, 2016
Latest Updates

ഇരുപക്ഷവും നയം മയപ്പെടുത്തി,ഇന്ത്യ യൂ എസ് ആണവക്കരാര്‍ യാഥാര്‍ത്ഥ്യമായി 

ഇരുപക്ഷവും നയം മയപ്പെടുത്തി,ഇന്ത്യ യൂ എസ് ആണവക്കരാര്‍ യാഥാര്‍ത്ഥ്യമായി 

ന്യൂഡല്‍ഹി: ഇന്ത്യയുഎസ് ആണവ കരാറുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തുടരുന്ന അനിശ്ചിതാവസ്ഥ അവസാനിച്ചതായും കരാര്‍ യാഥാര്‍ത്ഥ്യമായെന്നും വിദേശകാര്യ സെക്രട്ടറി സുജാത സിങ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ തീരുമാനമനുസരിച്ച് ആണവ ബാധ്യതാ നിയമത്തില്‍ ഭേദഗതി വരുത്തും. നിയമമനുസരിച്ച് അപകടമുണ്ടായാല്‍ ആണവ കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരും. ആണവോര്‍ജവുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ നഷ്ടപരിഹാരത്തിനായി ഇന്‍ഷുറന്‍സ് പൂള്‍ രൂപവല്‍ക്കരിക്കും. 750 കോടിയുടേതാണ് ഇന്‍ഷുറന്‍സ് പൂള്‍. കരാറനുസരിച്ച് ബാക്കിതുക ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കേണ്ടി വരും. 

കരാറിന് പ്രധാന തടസമായി നിന്നിരുന്ന ആണവ നിലയങ്ങള്‍ പരിശോധിക്കുമെന്ന വ്യവസ്ഥ ഒഴിവാക്കാമെന്ന് ചര്‍ച്ചയില്‍ യുഎസ് സമ്മതിച്ചതായാണ് സൂചന. മറ്റ് രാജ്യങ്ങളുമായി ആണവ കരാറുകളില്‍ ഏര്‍പ്പെടുമ്പോള്‍ യുഎസ് സാധാരണയായി ഉള്‍പ്പെടുത്തുന്ന വ്യവസ്ഥയാണിത്. ആണവ ഇന്ധനം ഊര്‍ജ ആവശ്യത്തിന് മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പു വരുത്താനായിരുന്നു പരിശോധന. ഇന്ത്യയില്‍ ഇതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് യുഎസ് പ്രസിഡന്റെന്ന നിലയിലുള്ള സവിശേഷ അധികാരം ഉപയോഗിച്ച് ഈ വ്യവസ്ഥയില്‍ ഇളവു വരുത്താന്‍ ഒബാമ തീരുമാനിച്ചത് എന്നാണ് സൂചന. 

റിപ്പബ്‌ളിക്ക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ മുഖ്യാതിഥിയായി ഇന്ത്യയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ചര്‍ച്ചയില്‍ വ്യവസ്ഥകളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഇരു രാജ്യങ്ങളും തയ്യാറായതോടെയാണ് കരാര്‍ യാഥാര്‍ത്ഥ്യമാകാന്‍ വഴിതെളിച്ചത്.

സിവില്‍ ആണവ കരാര്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ധാരണയുടെ കേന്ദ്ര ബിന്ദുവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. സിവില്‍ ആണവ കരാര്‍ വാണിജ്യപരമായി നടപ്പാക്കുന്നതിലേക്ക് ഇരു രാജ്യങ്ങളും എത്തിച്ചേരുകയാണെന്നും അദ്ദേഹം പറഞ്ഞു. യു,എസ് പ്രസിഡന്റ് ബറാക് ഒബാമയുമായി ചര്‍ച്ച നടത്തിയ ശേഷം സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോഡി.

ഇന്ത്യയുമായുള്ള ബന്ധത്തില്‍ നിര്‍ണായക ചുവട് വയ്പാണ് ആണവ കരാറെന്ന് ബറാക് ഒബാമ പറഞ്ഞു. ആണവ കരാറുമായി ബന്ധപ്പെട്ട് രണ്ട് സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടായതായും ഒബാമ വ്യക്തമാക്കി. ഇന്ത്യയും അമേരിക്കയും ആഗോളപങ്കാളിയാണ്. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളായിരിക്കും അമേരിക്കയുടെ വിദേശകാര്യ നയത്തിന്റെ പ്രഥമ പരിഗണന. ഐക്യരാഷ്ട്ര സഭയില്‍ സ്ഥിരാംഗത്വം ലഭിക്കുന്നതിന് ഇന്ത്യയെ പിന്തുണയ്ക്കുമെന്നും ഒബാമ വ്യക്തമാക്കി.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. അമേരിക്കയുമായി പ്രതിരോധ രംഗത്തും സമുദ്രരംഗത്തും സഹകരണം ശക്തമാക്കാനും തീരുമാനിച്ചു. പ്രതിരോധ രംഗത്തെ സഹകരണം പുതിയൊരു തലത്തിലേക്ക് ഉയര്‍ത്താനും കൂടുതല്‍ പ്രതിരോധ പദ്ധതികള്‍ നടപ്പാക്കും. ഇതിലൂടെ ഇന്ത്യയിലെ ആഭ്യന്തര പ്രതിരോധ രംഗം മെച്ചപ്പെടുമെന്ന് മോഡ്ി ചൂണ്ടിക്കാട്ടി. സമുദ്ര രംഗത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇരു രാജ്യങ്ങളും കൂടുതല്‍ സഹകരിക്കും. ഭീകരത നേരിടുന്നതിന് വേണ്ടി സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുമെന്നും മോഡി പറഞ്ഞു.

Scroll To Top