Saturday December 03, 2016
Latest Updates

ഇബ്രാഹിം കുഞ്ഞിനെ പിന്തുണച്ച് മുഖ്യമന്ത്രി; ഗണേഷിന്റെ അടുത്ത വെളിപ്പെടുത്തല്‍ അനൂപ് ജേക്കബിനെതിരെ?

ഇബ്രാഹിം കുഞ്ഞിനെ പിന്തുണച്ച് മുഖ്യമന്ത്രി; ഗണേഷിന്റെ അടുത്ത വെളിപ്പെടുത്തല്‍ അനൂപ് ജേക്കബിനെതിരെ?

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിനെതിരായ അഴിമതി ആരോപണത്തില്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ പിന്തുണച്ചും ഗണേഷ് കുമാറിനെ തള്ളിയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഗണേഷിന്റെ ആരോപണങ്ങള്‍ക്ക് വ്യക്തതയില്ലെന്ന് ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞു. ചട്ട വിരുദ്ധമായാണ് ഗണേഷ് ആരോപണം ഉന്നയിച്ചതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഗണേഷ് കുമാറിന്റെ ആരോപണങ്ങള്‍ സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രി സഭയില്‍ വിശദീകരണം നല്‍കിയത്. പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ സ്റ്റാഫംഗങ്ങളായ എ. നസ്‌റുദീന്‍, അബ്ദുല്‍ റാഷിദ്, അബ്ഗുല്‍ റഹിം എന്നിവരുടെ പേരുകളാണ് ഗണേഷ് വെളിപ്പെടുത്തിയത്. ഇതില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ഗണേഷിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി.

അതേസമയം ഭരണപക്ഷത്തെ വെട്ടിലാക്കുന്ന കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഗണേഷിന്റെ കൈവശം ഉണ്ടെന്നാണ് സൂചന. മൂന്നു പേര്‍ക്കെതിരെ ആരോപണം ഉന്നയിച്ച ഗണേഷ് കുമാര്‍ നിയമ സഭയില്‍ ഒരു ഫയല്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. അതില്‍ മറ്റൊരു മന്ത്രിക്കെതിരെയുള്ള ആരോപണം തന്റെ കൈവശമുണ്ടെന്ന് ഗണേഷ് പറഞ്ഞിരുന്നു.

ഇത് മന്ത്രി അനൂപ് ജേക്കബിനെതിരെയുള്ള ആരോപണങ്ങളാണെന്നാണ് സൂചന. ഗണേഷ് ഇക്കാര്യം ചില പ്രതിപക്ഷ എംഎല്‍എമാരോട് വെളിപ്പെടുത്തിയിരുന്നു. ഗണേഷ് പേര് വെളിപ്പെടുത്താതെ അഴിമതി ആരോപണം ഉന്നയിച്ച മന്ത്രി അനൂപ് ജേക്കബാണെന്ന് തന്നോട് വെളിപ്പെടുത്തിയിരുന്നതായി മുന്‍ മന്ത്രി തോമസ് ഐസക്ക് ഒരു ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തി.

Scroll To Top