Sunday December 11, 2016
Latest Updates

ഇന്ന് ലോക നഴ്‌സസ് ദിനം; സംസ്ഥാനത്തെ നഴ്‌സുമാര്‍ക്ക് ഇന്നും പട്ടിണിയും അവഗണയും

ഇന്ന് ലോക നഴ്‌സസ് ദിനം; സംസ്ഥാനത്തെ നഴ്‌സുമാര്‍ക്ക് ഇന്നും പട്ടിണിയും അവഗണയും

ആതുര സേവന രംഗത്ത് ദിവസം മുഴുവന്‍ നമുക്കായി സേവനം ചെയ്യുന്ന നഴ്‌സുമാരുടെ ത്യാഗസുരഭിലമായ സേവനത്തെ നന്ദിയോടെ ഓര്‍ക്കുന്നതിനായി ഇന്ന് ലോകമെങ്ങും നഴ്‌സസ് ദിനം ആചരിക്കുന്നു. ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയായ ഫ്‌ലോറന്‍സ് നൈറ്റിന്‍ഗേലിന്റെ ജന്മദിനം ആയതുകൊണ്ടാണ് ഈ ദിവസം നഴ്‌സസ് ദിനം ആയി കൊണ്ടാടുന്നത്.

1965 മുതല്‍ ലോക നഴ്‌സിങ് സമിതി മെയ് 12 നാണ് ലോക നഴ്‌സസ് ദിനം ആചരിക്കുന്നത്. ലോകമെങ്ങും സേവനം ചെയ്യുന്ന നഴ്‌സുമാരില്‍ നല്ലൊരു ശതമാനവും കേരളത്തില്‍ നിന്നുള്ളവരാണ്. നഴ്‌സുമാരുടെ എണ്ണത്തില്‍ മുന്നില്‍ നില്ക്കുന്നത് ഫിലിപ്പീന്‍സാണ്. ഫിലിപ്പീന്‍സ് കഴിഞ്ഞാല്‍ ഏറ്റവുമധികം നഴ്‌സുമാര്‍ നമ്മുടെ കൊച്ചു കേരളത്തില്‍ നിന്നാണ്.

യൂറോപ്യന്‍ രാജ്യങ്ങളിലേക്കും, ഗള്‍ഫ് മേഖലയിലേക്കും കേരളത്തില്‍ നിന്ന് കുടിയേറ്റം വര്‍ദ്ധിച്ചത്തിന്റെ ഒരു പ്രധാന കാരണവും നഴ്‌സിംഗാണ്. യുകെ, ജര്‍മനി, ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്ട്രിയ, അയര്‍ലന്‍ഡ് തുടങ്ങിയ 30 ഓളം രാജ്യങ്ങളില്‍ മലയാളി നഴ്‌സുമാര്‍ സേവനം ചെയ്യുന്നു.

ലോകമെങ്ങും മലയാളി നഴ്‌സുമാരുടെ സേവന മനോഭാവം പ്രശംസിക്കപ്പെടുമ്പോഴും നമ്മുടെ സ്വന്തം നാട്ടില്‍ നഴ്‌സുമാര്‍ക്ക് അവഗണ മാത്രമാണ് പ്രതിഫലം. കഴിഞ്ഞ മൂന്നു, നാല് വര്‍ഷമായി കേരളത്തിലെ നഴ്‌സുമാര്‍ അതിജീവനത്തിന്റെ പോരാട്ടത്തിലാണ്. നമ്മുടെ സഹോദരിമാരില്‍ പലരും വെറും അയ്യായിരം രൂപയ്ക്കാണ് പത്തും പന്ത്രണ്ടും മണിക്കൂര്‍ പണിയെടുക്കുന്നതെന്ന് അവര്‍ സമര രംഗത്തേക്ക് ഇറങ്ങിയപ്പോള്‍ മാത്രമാണ് കേരളത്തിലെ പൊതു സമൂഹം അറിഞ്ഞത്.

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ എന്ന സംഘടനയുടെ കൊടിക്കീഴിലാണ് സംസ്ഥാനത്തെ നഴ്‌സുമാര്‍ അതിജീവനത്തിനുള്ള പോരാട്ടത്തിനു ഇറങ്ങിയത്. ആശുപത്രി മാനേജ്‌മെന്റുകളുടെ ഗുണ്ടകള്‍ അടിച്ചൊതുക്കി പുറത്താക്കാന്‍ ശ്രമിച്ചിട്ടും തളരാത്ത സമരവീര്യവുമായി നഴ്‌സുമാര്‍ ഇന്നും പോരാട്ട രംഗത്താണ്.

മിനിമം വേതനം ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടും ഒട്ടുമിക്ക സ്വകാര്യ ആശുപത്രികളിലും അത് നടപ്പിലാക്കാതെ ഇന്നും നഴ്‌സുമാരെ വലയ്ക്കുകയാണ്. അതിജീവനത്തിനായുള്ള ഈ പോരാട്ടം ഈ നഴ്‌സിംഗ് ദിനത്തില്‍ കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന ദൃഡ പ്രതിജ്ഞയിലാണ് സംസ്ഥാനത്തെ നഴ്‌സുമാര്‍.

Scroll To Top