Monday December 05, 2016
Latest Updates

ഇന്ന് യൂ ഡി എഫ് യോഗം :മന്ത്രിസ്ഥാനം കിട്ടിയില്ലെങ്കില്‍ ഗണേഷ് നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്ന് സൂചനകള്‍

ഇന്ന് യൂ ഡി എഫ് യോഗം :മന്ത്രിസ്ഥാനം കിട്ടിയില്ലെങ്കില്‍ ഗണേഷ് നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്ന് സൂചനകള്‍

തിരുവനന്തപുരം :യുഡിഎഫ് യോഗം ഇന്ന്. മുന്നണിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം സെപ്റ്റംബര്‍ 30നായിരുന്നു ഇതിനുമുന്‍പ് യുഡിഎഫ് യോഗം ചേര്‍ന്നത്. കേരളത്തിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി മുന്നണിയിലെ കക്ഷി നേതാക്കള്‍ ചര്‍ച്ച നടത്തിയ ശേഷമായിരുന്നു യോഗം.

ഡേറ്റാ സെന്റര്‍ കേസിലെ സിബിഐ അന്വേഷണത്തെ കുറിച്ചായിരുന്നു അന്ന് പ്രധാന ചര്‍ച്ച. മറ്റു വിഷയങ്ങളൊന്നും ചര്‍ച്ചയ്ക്കു വന്നില്ല. മുന്നണിയിലെ അസ്വാരസ്യങ്ങളെക്കുറിച്ച് മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ്എമ്മും പരാതികള്‍ ഉന്നയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ചീഫ് വിപ്പിനെതിരേ കോണ്‍ഗ്രസ് നേതൃത്വത്തിനു പരാതികളുണ്ട്. ഈ പരാതികള്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്യാമെന്ന നിലപാട് നേരത്തേ സ്വീകരിച്ചിരുന്നു.

ഇന്ന് ഈ വിഷയങ്ങള്‍ക്കൊപ്പം കേരള കോണ്‍ഗ്രസ്ബിയുടെ പരാതിയും ചര്‍ച്ച ചെയ്യും. കെ.ബി. ഗണേഷ്‌കുമാറിന്റെ മന്ത്രിസ്ഥാനത്തെ കുറിച്ചുള്ള ചര്‍ച്ച യുഡിഎഫില്‍ നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മറ്റു നേതാക്കളും പറഞ്ഞിട്ടുണ്ട്.

ചൊവ്വാഴ്ച ഗണേഷ്‌കുമാര്‍ നടത്തിയ രാജി പ്രഖ്യാപനവും ചര്‍ച്ച ചെയ്യണമെന്ന നിലപാടിലാണ് മറ്റു കക്ഷി നേതാക്കള്‍. എന്നാല്‍ ഗണേഷ്‌കുമാറിന്റെ മന്ത്രിസ്ഥാനം യുഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന നിലപാടാണ് ആര്‍. ബാലകൃഷ്ണപിള്ള സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ഈ വിഷയം ചര്‍ച്ചയ്ക്കു വരുമ്പോള്‍ കേരള കോണ്‍ഗ്രസ്ബി പ്രതിനിധികള്‍ തടസം ഉന്നയിക്കും.

അഞ്ചുമാസം മുമ്പ് മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്ബി മുന്നണിക്കു കത്ത് നല്‍കിയ കാര്യം മുന്നണി നേതൃത്വം ഉന്നയിക്കും. മുന്നണിക്കു കത്ത് നല്‍കിയ സാഹചര്യത്തില്‍ ചര്‍ച്ച വേണമെന്ന നിലപാടാണ് കോണ്‍ഗ്രസിന്. വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം ഗണേഷ്‌കുമാറിന് മന്ത്രിസ്ഥാനം നല്‍കണമെന്ന നിലപാടാണ് കക്ഷികള്‍ സ്വീകരിക്കുന്നതെങ്കില്‍ എതിര്‍ക്കേണ്ടെന്ന നിലപാടാണ് കോണ്‍ഗ്രസിന്. എന്നാല്‍ അന്തിമ തീരുമാനമെടുക്കാന്‍ സാധ്യതയില്ല.

കേരള കോണ്‍ഗ്രസ്ബിക്ക് ക്യാബിനറ്റ് പദവിയോടെ മുന്നാക്ക കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കിയ സാഹചര്യത്തില്‍ ഇതില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കേണ്ടതില്ലെന്ന നിലപാട് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനുണ്ട്. ഒരംഗമുള്ള കേരള കോണ്‍ഗ്രസ്ബിക്ക് ഇത്തരത്തില്‍ പരിഗണന നല്‍കുമ്പോള്‍ മറ്റു ഘടകകക്ഷികളും അവകാശവാദം ഉന്നയിക്കുമെന്നാണ് ഇവരുടെ വാദം.

മുന്നണിയിലെ ഘടകകക്ഷികള്‍ ഇതുവരെ ഗണേഷ്‌കുമാറിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് അഭിപ്രായ പ്രകടനം നടത്തിയിട്ടില്ല. കത്ത് നല്‍കിയ ശേഷവും ഇവര്‍ മുന്നണി നേതൃത്വത്തെ നിലപാട് അറിയിച്ചിട്ടുമില്ല. ഗണേഷ്‌കുമാറിനെ മന്ത്രിയാക്കുന്നതിനെ ചീഫ് വിപ്പ് പി.സി. ജോര്‍ജ് പരസ്യമായി എതിര്‍ത്തിരുന്നു. എന്നാല്‍ ഗണേഷ്‌കുമാര്‍ നല്ല മന്ത്രിയായിരുന്നുവെന്ന് ഇപ്പോള്‍ പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയത് അനുകൂലമായ പ്രതികരണമാണെന്ന് കേരള കോണ്‍ഗ്രസ്ബി കരുതുന്നു.

Scroll To Top