Saturday December 10, 2016
Latest Updates

ഇന്ന് മുതല്‍ ബാറുകള്‍ക്ക് പൂട്ട് വീഴും; സംസ്ഥാനത്ത് ഇനി 5 സ്റ്റാര്‍ ബാറുകള്‍ മാത്രം

ഇന്ന് മുതല്‍ ബാറുകള്‍ക്ക് പൂട്ട് വീഴും;  സംസ്ഥാനത്ത് ഇനി 5 സ്റ്റാര്‍ ബാറുകള്‍ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ അടച്ചു പൂട്ടുന്നതിനുള്ള നടപടി ക്രമങ്ങള്‍ ഇന്ന് തുടങ്ങും. ഇപ്പോള്‍ തുറന്നു പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ബാറുകളാണ് ഇന്ന് മുതല്‍ അടച്ച് പൂട്ടുന്നത്. എക്‌സൈസ് കമ്മീഷണര്‍ ബാറുകള്‍ അടച്ചുപൂട്ടുന്നതിനുള്ള നിര്‍ദ്ദേശം ഇന്ന് പുറപ്പെടുവിക്കും. എല്ലാ ജില്ലകളിലും ഒരേസമയം നടപടികള്‍ പൂര്‍ത്തിയാക്കാനാണ് അധികൃതരുടെ തീരുമാനം. പൂട്ടേണ്ട ബാറുകളുടെ ലിസ്റ്റ് ഇന്ന് തന്നെ പുറത്തിറങ്ങും. നാളെ മുതല്‍ ബാറുകള്‍ അടച്ചു തുടങ്ങും. ബാറുകളില്‍ ബാക്കി വരുന്ന മദ്യം സര്‍ക്കാര്‍ തിരിച്ചെടുക്കും.

ബാറുടമകളില്‍ നിന്ന് വാങ്ങിയ ലൈസന്‍സ് ഫീസ് തിരികെ നല്‍കും. അതേസമയം ബാറുകള്‍ക്ക് പൂട്ട് വീഴുന്നതിനു മുമ്പ് സ്‌റ്റോക്ക് ഇരിക്കുന്ന മദ്യം വിട്ടു തീര്‍ക്കാന്‍ ബാരുടമകള്‍ വിലക്കിഴിവ് ഉള്‍പ്പെടെയുള്ള വാന്‍ വാഗ്ദാനങ്ങളാണ് നല്‍കിയിരിക്കുനത്. സര്‍ക്കാര്‍ തിരിച്ചെടുക്കുന്ന മദ്യത്തിന് ലാഭം കിട്ടില്ല എന്നതാണ് കാരണം. അതേസമയം സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാന്‍ ബാറുടമകള്‍ തീരുമാനിച്ചു. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം എടുത്തത്. മതമേലധ്യക്ഷന്‍മാരെ കണ്ടു യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്തുമെന്നും ബാറുടമകള്‍ പറഞ്ഞു.

418 ബാറുകള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനം വഴി മുട്ടിയപ്പോഴാണ് ഇപ്പോള്‍ തുറന്നു പ്രവര്ത്തിക്കുന്ന ബാറുകള്‍ കൂടി പൂട്ടാന്‍ യുഡിഎഫ് തീരുമാനിച്ചത്. ഇന്ന് ബാറുകള്‍ പൂട്ടിതുടങ്ങുന്നതോടെ സംസ്ഥാനത്ത് ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രമേ അവശേഷിക്കൂ.

Scroll To Top