Friday December 02, 2016
Latest Updates

ഇന്ന് നബിദിനം: മതസൌഹാര്‍ദ്ദത്തിന്റെ നേര്‍ക്കാഴ്ചയൊരുക്കി നാടെങ്ങും നബിദിന റാലികള്‍

ഇന്ന് നബിദിനം: മതസൌഹാര്‍ദ്ദത്തിന്റെ നേര്‍ക്കാഴ്ചയൊരുക്കി നാടെങ്ങും നബിദിന റാലികള്‍

തിരുവനന്തപുരം ലോകമൊന്നാകെ ഇന്ന് പ്രവാചകന്‍ മുഹമ്മദ് (സ) യുടെ ജന്മദിനം കൊണ്ടാടുമ്പോള്‍ കേരളത്തിലെ ഗ്രാമാന്തരങ്ങളിലും വമ്പിച്ച നബിദിന റാലികള്‍ നടന്നു. പ്രവാചകന്റെ ജന്മദിനമായ ഇന്ന് രാവിലെ തന്നെ മഹല്ലുകളും മദ്‌റസകളും കേന്ദ്രീകരിച്ച് നടന്ന വര്‍ണാഭമായ റാലികള്‍ കാഴ്ചക്കാര്‍ക്ക് നിറക്കാഴ്ചയൊരുക്കി.

കിലോമീറ്ററുകളോളം നീളുന്ന കാല്‍നടറാലികളെ വഴിവക്കുകളില്‍ സ്വീകരിക്കാനും മധുരം കൊടുക്കാനും ഇതര മതക്കാരും സജീവമായത് കേരളത്തിന്റെ മതമൈത്രി വിളിച്ചോതുന്നതായി. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയാണ്.

പ്രവാചകന്റെ 1488 –ാം ജന്മദിനാഘോഷമാണ് ഇത്തവണ ലോകമാകെ ആഘോഷിക്കപ്പെടുന്നത്. പ്രവാചകന്റെ ജന്മമുണ്ടായ അറബി മാസം റബീഉല്‍ അവ്വല്‍ സമാഗതമാകുന്നതോടെ വിവിധ പരിപാടികളും പ്രവാചക സ്തുതിമന്ത്രണങ്ങളുമായി പള്ളികളും ഇതര മതകേന്ദ്രങ്ങളും സജീവമായിരുന്നു. ഇന്ന് റബീഉല്‍ അവ്വല്‍ പന്ത്രണ്ടായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഈ ദിവസമാണ് പ്രവാചകന്‍ ജനിച്ചതെന്നാണ് ചരിത്രം.
പ്രവാചകനെ ലോകത്തിന് പരിചയപ്പെടുത്തുക, പ്രവാചകന്‍ മുന്നോട്ട വെച്ച ജാതി മത വര്‍ഗ വര്‍ണ ഭേദമന്യേയുള്ള വിശ്വമാനവികതയെ പുനരുജ്ജീവിപ്പിക്കുക എന്നതൊക്കെയാണ് ഈ ദിനാചരണത്തിലൂടെ വിശ്വാസികള്‍ ലക്ഷ്യമിടുന്നത്.

Scroll To Top