Sunday December 04, 2016
Latest Updates

ഇന്ദിരാഗാന്ധിയുടെ ഘാതകരെ മഹത്വവത്ക്കരിച്ചു; പഞ്ചാബി സിനിമയ്ക്ക് വിലയ്ക്ക്

ഇന്ദിരാഗാന്ധിയുടെ ഘാതകരെ മഹത്വവത്ക്കരിച്ചു; പഞ്ചാബി സിനിമയ്ക്ക് വിലയ്ക്ക്

ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധിയുടെ ഘാതകരെ മഹത്വവത്ക്കരിച്ചുകൊണ്ടുള്ള പഞ്ചാബി സിനിമയുടെ പ്രദര്‍ശനാനുമതി തടഞ്ഞു. ഇന്ന് റിലീസ് ചെയ്യാനിരുന്ന പഞ്ചാബി സിനിമ കൌം ക ഹീരേയുടെ പ്രദര്‍ശനമാണ് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞത്. 

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി 1984 ഒക്ടോബര്‍ 31നാണ് സ്വന്തം അംഗരക്ഷകരാല്‍ കൊല്ലപ്പെട്ടത്. അന്ന് പ്രധാനമന്ത്രിയായിരിക്കെ സ്വവസതിയില്‍ നിന്ന് ഓഫീസിലേയ്ക്ക് പോകാനിറങ്ങിയ 
ഇന്ദിരാഗാന്ധിയെ സ്വന്തം അംഗരക്ഷകാരായിരുന്ന സത് വന്ത് സിംഗും ബിയാന്ത് സിഗും പുറകില്‍ നിന്ന് വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ഇന്ദിരാഗാന്ധിയുടെ മരണം അന്ന് ഇന്ത്യയില്‍ വലിയ കോളിളക്കമാണ് ഉണ്ടാക്കിയത്. ഇന്ദിരാഗാന്ധിയുടെ മരണത്തെത്തുടര്‍ന്ന് ഇന്ദിരയുടെ പുത്രനായ രാജീവ് ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കുകയും തുടര്‍ന്ന് ലോക് സഭയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയുമായിരുന്നു. അന്ന് ഇന്ദിരയുടെ മരണം രാജ്യത്തുണ്ടാക്കിയ അലയൊലികളാണ് പാര്‍ട്ടിയെ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിച്ചത്. തുടര്‍ന്ന് രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരത്തില്‍ എത്തുകയായിരുന്നു. 

അന്നത്തെ ആ സംഭവം മുന്‍ നിര്‍ത്തി ഇന്ദിരാഗാന്ധിയുടെ ഘാതകര്‍ക്ക് താരപരിവേഷം നല്‍കി ചിത്രീകരിച്ച പഞ്ചാബി സിനിമയാണ് കൌം ക ഹീരേ. ഈ ചിത്രം ഇന്ന് റീലീസ് ചെയ്യാനിരിക്കേയാണ് ചിത്രത്തിന്റെ
പ്രദര്‍ശനം തടഞ്ഞുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്. സിനിമയില്‍ ഇന്ദിരയുടെ ഘാതകരായ ബിയാന്ത് സിംഗ്, കേഹാര്‍ സിംഗ്, സത് വന്ത് സിംഗ് എന്നിവരെ വീരപുരുഷന്മായി ചിത്രീകരിക്കുന്നെന്ന് നേരത്തെ തന്നെ ബി.ജെ.പിയും കോണ്‍ഗ്രസും ആരോപണം ഉന്നയിച്ചിരുന്നു. ചിത്രം പുറത്തുവന്നാല്‍ ഉണ്ടാകാവുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് ചിത്രത്തിന്റെ പ്രദര്‍ശനം തടയാന്‍ കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, സി.ബി.എഫ്.സി എന്നിവര്‍ ചേര്‍ന്ന് തീരുമാനമെടുക്കുകയായിരുന്നു.

ചിത്രം കണ്ടതിനുശേഷം റിലീസ് ചെയ്യേണ്ടതില്ലെന്ന് തീരുമാനം എടുക്കുകയായിരുന്നെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഫോര്‍ ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചെയര്‍പേഴ്‌സണ്‍ ലീലാ സാംസണ്‍ പറഞ്ഞു.  അതേസമയം സിനിമയുടെ നിര്‍മ്മാതാവ് പ്രദീപ് ബന്‍സാല്‍ പറയുന്നത് ചിത്രം യഥാര്‍ത്ഥ സംഭവം തന്നെയാണെന്നും തക്കാര്‍ കമ്മീഷന്റെ  കണ്ടെത്തലാണ് സിനിമയില്‍ ഉപയോഗിച്ചിരുന്നതെന്നുമാണ്. എന്തായാലും സംഭവം വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിതെളിച്ചേക്കാം.

Scroll To Top