Sunday December 04, 2016
Latest Updates

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: സച്ചിന്റെ ടീം കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: സച്ചിന്റെ ടീം കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്

തിരുവനന്തപുരം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ വാങ്ങിയ ടീമിന് കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് എന്ന് പേരിട്ടു. ടീമിന് പിന്തുണ തേടി കേരളത്തില്‍ എത്തിയ സച്ചിന്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും ഒരുമിച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് ടീമിന്റെ പേര് പ്രഖ്യാപിച്ചത്. കേരളത്തിലെ ജനങ്ങളുടെ സ്‌നേഹത്തിലും വാത്സല്യത്തിലും സന്തോഷമുണ്ടെന്നു പറഞ്ഞ സച്ചിന്‍ ടീമിന് കേരളത്തിന്റെ പിന്തുണ ആവശ്യപ്പെട്ടു.

ടീമിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കേരള ഫുട്‌ബോള്‍ അസോസിയേഷനും പിന്തുണ പ്രഖ്യാപിച്ചു. രാവിലെ സെക്രട്ടറിയേറ്റില്‍ എത്തിയ സച്ചിനെ സ്വീകരിക്കാന്‍ സംസ്ഥാനത്തെ മുഴുവന്‍ മന്ത്രിമാരും എത്തിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ സച്ചിനെ കാണാന്‍ എത്തിയിരുന്നു. സെക്രട്ടറിയേറ്റില്‍ എത്തിയ സച്ചിന്‍ മുഖ്യമന്ത്രിയെ പൊന്നാട അണിയിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി അദ്ദേഹത്തിന് ആറന്മുള കണ്ണാടി സമ്മാനിച്ചു. ഉമ്മന്‍ചാണ്ടിയുടെ ക്ഷണം സ്വീകരിച്ച സച്ചിന്‍ ദേശീയ ഗെയിംസിന്റെ ഗുഡ് വില്‍ അംബാസഡറാകാന്‍ സമ്മതിച്ചു.

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനുമായി കന്റോണ്‍മെന്റ് ഹൗസില്‍ വച്ചു കൂടിക്കാഴ്ച നടത്തിയ ശേഷം കൊച്ചിയിലേക്ക് മടങ്ങുന്ന സച്ചിന്‍ ഉച്ചതിരിഞ്ഞു കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയം സന്ദര്‍ശിക്കും. തുടര്‍ന്ന് കൊച്ചി മേയര്‍ ടോണി ചമ്മണിയുമായും ജിസിഡിഎ, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ അധികൃതരുമായും കൂടിക്കാഴ്ച നടത്തും.

Scroll To Top