Monday December 05, 2016
Latest Updates

ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ദേഹപരിശോധനയുടെ രീതികള്‍ മാറ്റുന്നു

ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ദേഹപരിശോധനയുടെ രീതികള്‍ മാറ്റുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ദേഹപരിശോധനയുടെ രീതികള്‍ മാറ്റുന്നു. നിലവില്‍ വിമാനയാത്രക്കാരെയെല്ലാം വിശദമായി ദേഹപരിശോധനയ്ക്ക് വിധേയമാക്കുന്നതാണ് രീതി. എന്നാല്‍ നിലവിലുള്ള പ്രത്യക്ഷ പരിശോധനകള്‍ക്ക് പുറമേ യാത്രക്കാരെ അവരറിയാതെ നിരീക്ഷിക്കുകയും ആവശ്യമുള്ളവര്‍ക്ക് മാത്രം വിശദ ദേഹ പരിശോധന നടത്തുകയും ചെയ്യുന്നതാണ് പരിഗണയില്‍. വിമാന ടിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങളില്‍ മാത്രമൊതുങ്ങാതെ യാത്രക്കാരുടെ ശരീരഭാഷയും ശ്രദ്ധിക്കുന്നതാണ് പുതിയ രീതിയെന്ന് സി.ഐ.എസ്.എഫ് മേധാവി അരവിന്ദ് രഞ്ചന്‍ പറഞ്ഞു. അത്യാധുനിക സുരക്ഷാ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേകം പരിശീലന പദ്ധതികളുമുണ്ടെന്ന് അദേഹം വ്യക്തമാക്കി. 

പുതിയ സുരക്ഷാ പദ്ധതിയുടെ നടത്തിപ്പിനായി ഉദ്യോഗസ്ഥരുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. തന്ത്രപരമായ പരിശോധനയാണ് സി.ഐ.എസ്.എഫ് ലക്ഷ്യമിടുന്നത്. യാത്രികരുടെ പേരുവിവരങ്ങളില്‍ നിന്ന് ആദ്യഘട്ടം പരിശോധന നടത്തും. ആക്രമണമോ മറ്റേതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളോ ലക്ഷ്യമിടുന്നതായി സൂചന ലഭിക്കുന്നവരെ വിമാനത്താവളത്തില്‍ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കും. ഇതിനായി ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കിയിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ സാധാരണ വേഷത്തില്‍ ആള്‍ക്കൂട്ടത്തോടൊപ്പം ചേര്‍ന്ന് രഹസ്യമായി നിരീക്ഷണം നടത്തി സംശയം തോന്നുവരെ പ്രത്യേകം ശ്രദ്ധിക്കും. ഇതിനായി സിസിടിവി ക്യാമറകളുടെ സഹായവും പ്രയോജനപ്പെടുത്തുമെന്ന് അരവിന്ദ് രഞ്ചന്‍ പറഞ്ഞു.

Scroll To Top